തുക കെട്ടിവച്ച് നടപടി ഒഴിവാക്കി
കൊച്ചി: ചരക്ക് ലഭിക്കാത്തതിനെ തുടർന്ന് കൊല്ലം സ്വദേശിനിയായ കശുവണ്ടി വ്യാപാരി ഫയൽചെയ്ത അഡ്മിറാലിറ്റി സ്യൂട്ടിൽ എം.എസ്.സി കമ്പനിയുടെ മറ്റൊരു കപ്പൽ കൂടി അറസ്റ്റുചെയ്യാൻ ഹൈക്കോടതി ഉത്തരവ്. ചൊവ്വാഴ്ച വിഴിഞ്ഞം തുറമുഖത്തെത്തിയ എം.എസ്.സി പോളോ- 2 കപ്പൽ അറസ്റ്റ് ചെയ്യാനാണ് ജസ്റ്റിസ് എം.എ.അബ്ദുൾ ഹക്കീമിന്റെ ഉത്തരവ്.
ആലപ്പുഴ തീരത്ത് മുങ്ങിയ എം.എസ്.സി എൽസ- 3 കപ്പലിൽ കശുവണ്ടി കൊണ്ടുവന്ന കൊല്ലം സാൻസ് കാഷ്യൂ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വി.പി.പ്രവീണയാണ് ഹർജി നൽകിയത്. കശുവണ്ടി അടങ്ങിയ കണ്ടെയ്നർ ലഭിക്കാത്തതിനാൽ 73.50 ലക്ഷം രൂപ നഷ്ടമുണ്ടായെന്നും അത് കെട്ടിവയ്‌ക്കാൻ ഉത്തരവിടണമെന്നുമായിരുന്നു ആവശ്യം. അതുവരെ കപ്പൽ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.
തങ്ങളുടെ 50 കപ്പലുകൾ അറസ്റ്റ് ചെയ്യാതിരിക്കാൻ കവിയറ്റ് ഹർജികൾ ഫയൽ ചെയ്തിട്ടുണ്ടെന്നും തുക കെട്ടിവയ്‌ക്കാൻ തയ്യാറാണെന്നും കപ്പൽ കമ്പനിയുടെ അഭിഭാഷകൻ അറിയിച്ചു. കപ്പൽ കേരളത്തിന്റെ ടെറിറ്റോറിയൽ അതിർത്തിക്ക് പുറത്താണെന്നും വാദിച്ചു. ഈ വാദങ്ങൾ തള്ളിയ കോടതി, തുക കെട്ടിവയ്‌ക്കുന്നതുവരെ കപ്പൽ അറസ്റ്റുചെയ്യാൻ ഉത്തരവിടുകയായിരുന്നു.
തുക കോടതിയിൽ കെട്ടിവച്ചതിന്റെ ഡിമാൻഡ് ഡ്രാഫ്റ്റ് ഉച്ചകഴിഞ്ഞ് ഹാജരാക്കിയതിനെ തുടർന്ന് കപ്പൽ വിട്ടുകൊടുക്കാനും അനുമതി നൽകി. പല വ്യാപാരികൾക്കായി ഘാനയിൽ നിന്നെത്തിച്ച 51.420 മെട്രിക് ടൺ കശുവണ്ടിയാണ് എൽസ കപ്പലിൽ ഉണ്ടായിരുന്നത്.
ഹർജിക്കാരിക്കായി സീനിയർ അഭിഭാഷകൻ വി.ജെ.മാത്യു ഹാജരായി. അഞ്ചു കശുവണ്ടി വ്യാപാരികൾ നൽകിയ ഹർജിയിൽ എം.എസ്.സി കമ്പനിയുടെ മറ്റൊരു കപ്പൽ അറസ്റ്റുചെയ്യാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |