ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ വളരെയധികം പിന്നിലാണ് നമ്മൾ ഇന്ത്യക്കാർ. പ്രത്യേകിച്ച് മലയാളികൾ. എന്നാൽ ഈ ട്രാഫിക് നിയമങ്ങൾ എന്തെന്നും അത് എങ്ങനെ അനുസരിക്കണമെന്നും മനുഷ്യരെക്കാൾ ബോധം ഇപ്പോൾ ചില മൃഗങ്ങൾക്കുണ്ട്. അത്തരത്തിൽ റോഡിലെ സീബ്രാ ലൈൻ വഴി വാഹനങ്ങളുടെ വരവ് നോക്കി കൃത്യമായി ക്രോസ് ചെയ്യുന്ന ഒരു നായയുടെ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. 'ചില കാഴ്‌ചകൾ നമ്മളെ ചിന്തിപ്പിക്കും..നിങ്ങൾക്ക് എന്തുതോന്നുന്നു?' എന്ന അടിക്കുറിപ്പോടെ പൊലീസ് ഈ കാഴ്‌ച സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത് ഇപ്പോൾ വൈറലായിട്ടുണ്ട്.
തിരുവല്ല-മാവേലിക്കര സംസ്ഥാന പാതയിൽ മാന്നാർ നായർ സമാജം ഹയർ സെക്കന്ററി സ്‌കൂളിന് മുന്നിലുള്ള സീബ്രാ ലൈനിലൂടെ തെരുവ് നായ റോഡ് മുറിച്ച് കടക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയത് കുട്ടമ്പേരൂർ നടുവിലേപറമ്പിൽ മനു വിജയൻ (34) ആണ്. റോഡ് മുറിച്ച് കടക്കാൻ കാത്ത് നിൽക്കുന്ന തെരുവ് നായ അവിചാരിതമായിട്ടാണ് മനുവിന്റെ ശ്രദ്ധയിൽപ്പെട്ടത്. കൗതുകകരമായത് എന്തും മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന മനു ഇതും പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് നാല്‌ദിവസങ്ങൾക്ക് മുമ്പാണ്. മാന്നാറിലെ മാദ്ധ്യമ പ്രവർത്തകനായ അൻഷാദ് മാന്നാർ ഇത് കേരള പൊലീസിലെ സോഷ്യൽ മീഡിയ ടീമിന് കൈമാറിയതോടെയാണ് വീഡിയോ വൈറലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |