കോന്നി : കഷായ വസ്ത്രവും താടിയും തോളിൽ തുണിസഞ്ചിയും കൈകളിൽ ഇംഗ്ലീഷ് പുസ്തകങ്ങളുമായി വായനയുടെ ലോകത്ത് ജീവിച്ച ഒരാൾ മലയോര നാട്ടിലുണ്ടായിരുന്നു.
വിശ്വോത്തര ക്ളാസിക്കുകൾ വായിച്ച് ഇംഗ്ലീഷ് ഭാഷ കീഴടക്കിയ അട്ടച്ചാക്കൽ ചക്കാലമണ്ണിൽ ഡോ.സി.കെ.സാമുവലിനെ ഓർക്കുകയാണ് വായനദിനത്തിൽ നാട്. വീട്ടിൽ വിശാലമായ ലൈബ്രറി ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു ഇംഗ്ളീഷ് പുസ്തകങ്ങൾ. യാത്രാസൗകര്യങ്ങൾ പരിമിതമായിരുന്ന കാലത്ത് കല്ലുകൾ നിറഞ്ഞ നാട്ടുവഴികളിലൂടെ ഇംഗ്ലീഷ് പുസ്തകങ്ങളുമായി നടന്നുപോയിരുന്ന സാമുവലിന്റെ ചിത്രം ഇന്നും നാട്ടുകാരുടെ മനസിലുണ്ട്.
ബ്രിട്ടീഷ് ഭരണകാലത്ത് ചെങ്ങറ എസ്റ്റേറ്റ് ബംഗ്ലാവിൽ രാത്രിയിൽ പോയ ക്രിസ്മസ് കരോൾ സംഘത്തിന് നേരെ എസ്റ്റേറ്റ് മാനേജരായിരുന്ന സായിപ്പ് പട്ടികളെ അടിച്ചുവിട്ടപ്പോൾ സായിപ്പിനെ ഇംഗ്ലീഷിൽ ചോദ്യം ചെയ്യാൻ അന്ന് അദ്ദേഹത്തിന് മാത്രമേ കഴിഞ്ഞുള്ളൂ എന്നത് ചരിത്രത്തിന്റെ ഭാഗമാണ്. അക്കാലത്ത് മിഷനറി പ്രവർത്തനങ്ങളുമായി വിദേശത്ത് പോകുന്ന മലയാളികളെ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നതും സാമുവലായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം പുസ്തകങ്ങൾ പലതും നഷ്ടപ്പെട്ടെങ്കിലും കുറയൊക്കെ അദ്ധ്യാപികയായ മകൾ ഇന്നും സൂക്ഷിക്കുന്നുണ്ട്.
കമ്പനി പട്ടാളത്തിലെ ലൈബ്രേറിയൻ
അട്ടച്ചാക്കൽ ചക്കലാമണ്ണിൽ കോരള കോരളയുടെയും റാഹേലമ്മയുടെയും മകനായി 1914 ജൂലായ് 22ന് ജനിച്ച സി.കെ.സാമുവൽ പത്തനംതിട്ട ചുട്ടിപ്പാറ ഗവ.ഹൈസ്കൂളിൽ നിന്ന് അടിസ്ഥാന വിദ്യാഭ്യാസം നേടി. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പട്ടാളത്തിൽ ലൈബ്രേറിയനായതോടെ പുസ്തകങ്ങളമായി കൂടുതൽ അടുത്തു. രണ്ടാം ലോക മഹായുദ്ധത്തിന് ശേക്ഷം ഉണ്ടായ ക്ഷാമകാലത്ത് അന്താരാഷ്ട്ര സംഘടനയായ കെയറിന്റെ നേതൃത്വത്തിലുള്ള സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി. തുടർന്ന് കുളത്തൂപ്പുഴ പോസ്റ്റ് ഓഫീസിൽ പോസ്റ്റുമാസ്റ്ററായി സേവനം അനുഷ്ഠിച്ചു. ഓർത്തഡോക്സ് സഭയുടെ മൈലപ്ര കുറിയാക്കോസ് ആശ്രമ സ്ഥാപകൻ പി.ഐ.മാത്യൂസ് റമ്പാന്റെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ഇദ്ദേഹമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |