തൊടുവക്കാട് : ആനയടി -കൂടൽ റോഡിൽ തൊടുവക്കാട് പട്ടരുകോണം ഭാഗത്ത് ടോറസ് ലോറികൾ കൂട്ടിയിടിച്ച് അപകടം. തൊടുവക്കാടിനും പ്ലാന്റേഷൻമുക്കിനും ഇടയിലുള്ള പട്ടരുകോണം ഭാഗത്ത് ഇന്നലെ രാവിലെയായിരുന്നു അപകടം . വീതി കുറവായ പട്ടരുകോണം ഭാഗത്ത് ലോറി അമിത വേഗത്തിൽ വന്നപ്പോഴാണ് കൂട്ടിയിടിച്ചതെന്ന് കരുതുന്നു. തൊടുവക്കാട് ഭാഗത്തേക്കുപോയ ലോറിയുടെ മുൻഭാഗം തകർന്നു. ഏഴംകുളത്തേക്ക് പോയ ലോറി നിയന്ത്രണം വിട്ട് സമീപത്തുള്ള വൈദ്യുതി പോസ്റ്റിലും ഇടിച്ചു. പോസ്റ്റ് തകർന്നു. നാട്ടുകാർ വിവരമറിയിച്ചെങ്കിലും ഏറെ വൈകിയാണ് പൊലീസും കെ.എസ് .ഇ .ബി അധികൃതരും എത്തിയത് . ഇത്തരം വാഹനങ്ങൾക്ക് നിരത്തിലിറങ്ങാൻ അനുവാദം കൊടുക്കുന്നതിനെച്ചൊല്ലി നാട്ടുകാരും പൊലീസും തമ്മിൽ തർക്കമുണ്ടായി. അപകടം മൂലം ഒന്നരമണിക്കൂറോളം ഗതാഗതം മുടങ്ങി. സമീപത്തെ പാറമടയിലേക്കും ദേശീയ പാതയ്ക്ക് മണ്ണെടുക്കാനുമായി തൊടുവക്കാട് ഭാഗത്തേക്ക് ഈ റോഡിലൂടെ ടോറസ് ലോറികളുടെ മരണപ്പാച്ചിലാണ് .പട്ടരുകോണം ഭാഗത്ത് റോഡിന് വീതി കുറവായതിനാൽ അപകടസാദ്ധ്യത ഏറുകയാണ് . സമീപത്തുള്ള വീട്ടിൽ നിന്ന് റോഡിലേക്ക് മറഞ്ഞുനിൽക്കുന്ന മരച്ചില്ലകൾ കാരണം എതിർഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ ബുദ്ധിമുട്ടാണ്.ടോറസ് ലോറികളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കാൻ അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |