മുക്കം: ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി നാലുവരി തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകി. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് താമരശ്ശേരി ചുരത്തിന് സമാന്തരമായി നിർമ്മിക്കുന്ന പാതയാണിത്. വയനാട്ടിലേക്കുള്ള യാത്രാദുരിതം പരിഹരിക്കുകയാണ് ലക്ഷ്യം. പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ കരാറിലാണ് 2,134 കോടി രൂപ ചെലവു വരുന്ന നിർമ്മാണം.
മേയ് 14,15 തീയതികളിൽ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ തുരങ്കപാതയുടെ പ്രവൃത്തി വ്യവസ്ഥകൾ പാലിച്ച് നടപ്പിലാക്കാൻ വിദഗ്ദ്ധസമിതി ശുപാർശ ചെയ്തിരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ വിദഗ്ദ്ധസമിതി മാർച്ചിൽ പദ്ധതിക്ക് അനുമതി നൽകിയിരുന്നു. വിവിധ ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതികാനുമതി നൽകിയത്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിന് അടുത്തുള്ള സ്വർഗം കുന്നിൽ നിന്ന് തുടങ്ങി വയനാട്ടിലെ കള്ളാടിയിലാണ് തുരങ്കപാത അവസാനിക്കുന്നത്.
പ്രവൃത്തി ഉദ്ഘാടനം ജൂലായിൽ
പാരിസ്ഥിതിക അനുമതി ലഭിച്ചതിനാൽ പ്രവൃത്തി ഉദ്ഘാടനം ജൂലായിൽ മുഖ്യമന്ത്രി നിർവഹിക്കുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചു. ഭോപ്പാൽ അസ്ഥാനമാക്കിയ ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത അസ്ഥാനമാക്കിയ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളാണ് കരാർ ഏറ്റെടുത്തത്. ടെൻഡർ നടപടികൾ നേരത്തെ പൂർത്തീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |