കോഴിക്കോട് : നഗരത്തിരക്കിൽ നിന്നൊഴിഞ്ഞ് ഇത്തിരി നേരം വന്നിരിക്കാവുന്നയിടമാണ് കോഴിക്കോട് സൗത്ത് ബീച്ച്. കൊവിഡിനുശേഷം വലിയ തോതിൽ നവീകരണം നടത്തി സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമായി മാറിയ ഇവിടം വീണ്ടും തകർച്ചയുടെ വക്കിലാണ്. ബീച്ചിൽ സജ്ജീകരിച്ച ഓപ്പൺ ജിം നിലച്ചിട്ട് നാളുകളായി. പ്രഭാത സവാരിക്കും മറ്റുമായി ഇവിടെയെത്തുന്നവർ ജിം സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നു. ബീച്ചിന്റെ വിവിധയിടങ്ങളിൽ മാലിന്യക്കൂമ്പാരം പതിവ് കാഴ്ചയായിട്ടുണ്ട്. അധികൃതർ ഇടപെട്ട് കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതിനാലാണ് ബീച്ച് നവീകരണം പാളുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ദിനംപ്രതി നൂറുകണക്കിനാളുകൾ എത്തിച്ചേരുന്ന ഇവിടെ ഇത്രമാത്രം സൗകര്യങ്ങൾ മതിയോ എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. 2021 ജൂലായിലാണ് 3.8 കോടി രൂപയോളം ചെലവഴിച്ച് കോഴിക്കോട് ബീച്ചിന്റെ നവീകരണം പൂർത്തിയാക്കിയത്.
ചരിത്രം ചാലിച്ച ചിത്രങ്ങൾ മങ്ങി
ബീച്ചിലെ നവീകരണത്തിന്റെ മുഖ്യആകർഷണമായിരുന്നു കോഴിക്കോടിന്റെ സാംസ്കാരിക പെെതൃകം വ്യക്തമാക്കുന്ന ചിത്രങ്ങൾ. ബീച്ചിൽ 600 മീറ്ററോളം നീളത്തിലുള്ള ചുമരിൽ കടലിനഭിമുഖമായുള്ള വർണചിത്രങ്ങളെല്ലാം മങ്ങിത്തുടങ്ങി. കുറ്റിച്ചിറ, മിശ്കാൽപള്ളി, വലിയങ്ങാടി, മിഠായി തെരുവ്, ഗുജറാത്തി സ്ട്രീറ്റ് എന്നിവിടങ്ങളിലെ കാഴ്ചകളും കോഴിക്കോടിന്റെ സാംസ്‌കാരിക നായകന്മാരായ വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ പൊറ്റേക്കാട്, എം.എസ് ബാബുരാജ്, എം.ടി വാസുദേവൻ നായർ, ഗിരീഷ് പുത്തഞ്ചേരി, കുതിരവട്ടം പപ്പു തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങൾ ഇവിടെ ഒരുക്കിയിരുന്നു. നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച മരത്തടിയിലുള്ള ചവറ്റുകുട്ടകളും, കുട്ടികൾക്കായുള്ള കളി ഉപകരണങ്ങളും കേടായി.
'' ബീച്ചിന്റെ നവീകരണത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളിലും കോർപ്പറേഷൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഓപ്പൺ ജിം ഉൾപ്പെടെയുള്ളവയുടെ പ്രശ്നങ്ങൾ ഡി.ടി.പി.സി യുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
- പി.സി രാജൻ , പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കോഴിക്കോട് കോർപ്പറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |