തുള്ളിക്കൊരു കുടമായി മഴ കനക്കുമ്പോൾ ഒറ്റപ്പെടലിന്റെ ഭീതിയിലാണ് വിലങ്ങാട്ടെ 80 ശതമാനം വീടുകളും. ഉരുൾപൊട്ടിയാൽ മലമുകളിൽ നിന്നെത്തുന്ന പാറകളും മണ്ണും പാലങ്ങൾ തകർക്കുകയാണ്. ഇതോടെ പുഴ കടക്കാൻ വഴിയില്ലാതെ ഗ്രാമങ്ങൾ ഒറ്റപ്പെടുകയായി. നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പോലും വിലങ്ങാട് അങ്ങാടിയിലെത്താനാകില്ല. തൊഴിലിന് പോകാനുമാകില്ല. ഇതോടെ നാട് വറുതിയിലാകും. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ വായാടിനെയും നരിപ്പറ്റയെയും ബന്ധിപ്പിക്കുന്ന വായാട് പാലം ഭാഗികമായി തകർന്നു. ഗതാഗത തടസമുണ്ടായതോടെ നാട്ടുകാരാണ് കോൺക്രീറ്റ് ചെയ്ത് താത്കാലികമായി പ്രശ്നം പരിഹരിച്ചത്.
2024ലെ വെള്ളപ്പൊക്കത്തിൽ വിലങ്ങാട് പുഴയ്ക്കു മുകളിലായിരുന്നു കുത്തൊഴുക്ക്. ടൗണിൽ റോഡരികിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും സ്ഥാപനങ്ങളും മുങ്ങി. ബസ് വെയിറ്റിംഗ് ഷെഡിന്റെ ഭിത്തിയും ചുമരുകളും തകർന്നു.
എപ്പോഴും തകരാം ഉരുട്ടി പാലം
കഴിഞ്ഞ വർഷത്തെ ഉരുൾപൊട്ടലിൽ ഉരുട്ടിപാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നിരുന്നു. കനത്ത മഴയിൽ കുത്തൊഴുക്ക് കൂടിയാൽ ഒരു വർഷം മുമ്പ് നിർമ്മിച്ച ഈ പാലം പൂർണമായും തകരുമെന്ന് ആശങ്കയുണ്ട്. ഇതോടെ ഉന്നതികളിലെ കുറച്യരും പണിയരുമുൾപ്പെടെയുള്ളവർക്ക് വിലങ്ങാട് ടൗണിലെത്താനാകില്ല. കഴിഞ്ഞ ഉരുൾപൊട്ടലിൽ ഇതിനടുത്തുള്ള ചെറിയ പാലം തകർന്നിരുന്നു. തുടർന്ന് വെള്ളമൊഴുകാൻ വലിയ പെെപ്പിട്ട് നിർമ്മിച്ച താത്കാലിക പാലത്തിൽ പാറക്കല്ല് അടഞ്ഞ് ഒഴുക്കു ഗതിമാറിയാണ് ഉരുട്ടി പാലത്തിനും ഭീഷണിയായത്. പാലത്തിന്റെ അപകടാവസ്ഥ മുകളിൽ നന്ന് നോക്കിയാൽ കാണില്ല. ഇതറിയാതെ ഈ ഭാഗത്തുകൂടി സ്ഥലപരിചയമില്ലാത്തവർ വാഹനമോടിക്കുന്നതും ഭീഷണിയാണ്.
തകർന്ന് മുച്ചങ്കയം പാലവും
വിലങ്ങാട് ടൗണുമായി ബന്ധിപ്പിക്കുന്ന മുച്ചങ്കയം പാലവും കഴിഞ്ഞ വർഷത്തെ ഉരുൾപൊട്ടലിൽ തകർന്നു.
ഇവിടെയുള്ള ചെറിയ തോട് രണ്ട് പുഴകളായി മാറി. പ്രദേശവാസികൾ താത്കാലിക പാലമുണ്ടാക്കി. മഴയിൽ ഇത് ഒലിച്ചുപോയാൽ കുറ്റല്ലൂർ ഒറ്റപ്പെടും. അടുത്ത ടൗൺ 60 കിലോമീറ്റർ അകലെയുള്ള വയനാട്ടിലെ കോളയാടാണ്. കാട്ടാനശല്യമുള്ള വനത്തിലൂടെ നടന്നുപോകണം. കോഴിക്കോട് ,വയനാട് ജില്ലകളുടെ അതിർത്തിയായ കുറ്റല്ലൂർ ഉന്നതിയിൽ 370 ഓളം വീടുകളുണ്ട്.
കുടിവെള്ളവും അന്യം
കഴിഞ്ഞ ഉരുൾപൊട്ടലിനെ തുടർന്ന് ഭൂരിഭാഗം കിണറുകളും മലിനമായതാണ് മറ്റൊരു പ്രശ്നം. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കുറച്ചൊക്കെ ശുദ്ധീകരണം നടന്നെങ്കിലും സർക്കാർ ഇടപെടലുണ്ടായില്ല. 90 ശതമാനം റബർ കൃഷിയുള്ള ഇവിടെ അനുബന്ധ തൊഴിൽ മേഖലയും പ്രതിസന്ധിയിലായി.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |