കൊല്ലം: ചെറുപ്പത്തിലേ തുടങ്ങിയ വായനക്കമ്പം ജെ.പി.ഭൂമിക്കാരൻ എന്ന കെ.ജയപ്രകാശിനെ ലൈബ്രേറിയനാക്കി. അതിൽ ഒതുങ്ങിക്കൂടാൻ അദ്ദേഹത്തിന് സാദ്ധ്യമായിരുന്നില്ല. ചാത്തന്നൂരിനടത്തുള്ള വേളമാനൂരിൽ ജനങ്ങളെ മൊത്തം പുസ്തകത്താളുകളിലൂടെ സഞ്ചരിപ്പിക്കുകയാണിപ്പോൾ.
രണ്ടുവർഷം മുമ്പ് ജയപ്രകാശ് ആരംഭിച്ച ഓപ്പൺ ലൈബ്രറിയിൽ നിന്ന് ആർക്കും പുസ്തകമെടുക്കാം, വീട്ടിൽ കൊണ്ടുപോകാം, ഒരു രൂപയും നൽകേണ്ട. തിരികെ എത്തിക്കണമെന്നും നിർബന്ധമില്ല!. പുസ്തക വായനയ്ക്കൊപ്പം കുപ്പിവെള്ളം, കപ്പലണ്ടി, മിഠായി, പച്ചക്കറി, പഴങ്ങളുമൊക്കെ ഇവിടെ വച്ചിട്ടുണ്ട്. എന്തെടുത്താലും പണം നൽകേണ്ട. ആളില്ലാക്കടയെന്നാണ് പേര്. എപ്പോഴും അൻപത് പുസ്തകങ്ങൾ ഉണ്ടാവും. തൊട്ടടുത്തുതന്നെയാണ് വീട്. വീടെന്ന് പറഞ്ഞാൽ പോര ആനന്ദാശ്രമമെന്ന വേറിട്ട കൂട്ടുകുടുംബമാണ്. അയ്യായിരത്തിലധികം പുസ്തകങ്ങൾ ഇവിടുണ്ട്. എത്ര ദിവസം വേണമെങ്കിലും താമസിച്ച് വായിക്കാം. ഭക്ഷണവും കിടക്കാനുള്ള ഇടവുമടക്കം എല്ലാം ഫ്രീ!. ആളില്ലാക്കടയിൽ പുസ്തകങ്ങൾ ഒഴിയുന്ന മുറയ്ക്ക് ഇവിടെ നിന്ന് പുസ്തകങ്ങൾ കൊണ്ടുവയ്ക്കും.
മാടക്കട ലൈബ്രറിയായി
വേളമാന്നൂർ രേവതി സദനത്തിൽ എൻ.കുട്ടൻനായരുടെയും എൻ.ജഗദമ്മയുടെയും മകനാണ് ഭൂമിക്കാരൻ. നമ്മൾ വിശ്വപൗരന്മാരാകണമെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് 'ഭൂമിക്കാരൻ' എന്ന വിളിപ്പേര് സ്വയം സ്വീകരിച്ചത്.
വേളമാനൂർ ദേവിവിലാസം ലൈബ്രറിയിൽ അഞ്ചുവർഷം ലൈബ്രേറിയനായി. 1990ൽ ഓപ്പൺ ലൈബ്രറി തുടങ്ങി. 1995ൽ സംസ്കൃത സർവകലാശാലയിൽ അറ്റൻഡറായി ജോലി കിട്ടിയപ്പോൾ ഓപ്പൺ ലൈബ്രറി അടച്ചു. ജോലിസ്ഥലത്ത് താമസിച്ചതിനാൽ വീട് അനാഥാലയത്തിന് വിട്ടുനൽകി. രണ്ടുവർഷം മുമ്പ് സർവീസിൽ നിന്ന് വിരമിച്ച് നാട്ടിലെത്തിയപ്പോൾ മൂവായിരം രൂപയ്ക്ക് മാടക്കട വാങ്ങി, 13,000 മുടക്കി നവീകരിച്ചു. ഇത് പാരിപ്പള്ളി-ഓയൂർ റോഡിൽ വേളമാനൂർ സ്റ്റേറ്റ് ബാങ്കിനടുത്ത് സ്ഥാപിച്ചാണ് ഓപ്പൺ ലൈബ്രറിയും ആളില്ലാക്കടയുമാക്കിയത്. അനാഥാലയത്തിന്റെ പ്രവർത്തനം മാറ്റിയതിനാൽ വീട്ടിൽ മറ്റുള്ളവരെക്കൂടി താമസിപ്പിക്കാൻ സൗകര്യമൊരുക്കി. ഇപ്പോൾ പലദേശക്കാരായ പത്തുപേർ ജയപ്രകാശിന്റെയും ഭാര്യ ശ്രീകലയുടെയും ഒപ്പം സ്ഥിരമായി താമസിച്ചുവരുന്നു. അൻപത് സെന്റ് ഭൂമിയാണ് ജെ.പി.ഭൂമിക്കാരന്റെ പേരിലുള്ളത്. അത് മക്കൾക്ക് നൽകില്ല, അയൽപക്കത്തായം എന്ന സങ്കല്പത്തോടെ മറ്റുള്ളവർക്ക് നൽകാനാണ് ആലോചന. മക്കൾ: ജെ.എസ്.ഉജ്ജ്വൽ, ജെ.എസ്.ജ്വാല.
പണ്ടുമുതലേ വായിച്ച പുസ്തകങ്ങളുണ്ട്. പലരും പുസ്തകങ്ങൾ തരും. പെൻഷനും മറ്റുമാണ് വരുമാന മാർഗം. ഓപ്പൺ ലൈബ്രറിയുള്ള ആളില്ലാക്കടയിൽ ഒരു ഭരണി വച്ചിട്ടുണ്ട്. അതിൽ ആർക്കും സംഭാവനകൾ ഇടാം.
ജെ.പി.ഭൂമിക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |