കൊല്ലം: യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കി ഡോർ അടയ്ക്കാതെ ചീറിപ്പാഞ്ഞ് സ്വകാര്യ ബസുകൾ. വലിയൊരു വിഭാഗം ബസുകൾ പിന്നിലെ ഡോർ ഇളക്കി മാറ്റിയാണ് സർവീസ് നടത്തുന്നത്.
സ്കൂൾ തുറന്നതോടെ രാവിലെയും വൈകിട്ടും ബസുകളിൽ വിദ്യാർത്ഥികളുടെ തിരക്കാണ്. ഇതിന് പുറമേ എപ്പോഴും മത്സരയോട്ടവും മരണപ്പാച്ചിലുമാണ്. പെട്ടെന്ന് ബ്രേക്ക് പിടിച്ചാൽ വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ വാതിലിലൂടെ പുറത്തേക്ക് വീണ് വൻ അപകടമുണ്ടാകും.
പുതിയ ബസുകളിൽ ഹൈഡ്രോളിക് ഡോറുണ്ട്. ഡ്രൈവർക്കാണ് ഇത്തരം ഡോറുകളുടെ നിയയന്ത്രണം. എല്ലാ സ്റ്റോപ്പുകളിലും അടയ്ക്കുകയും തുറക്കുകയും ചെയ്യേണ്ടി വരുന്നതിനാൽ പിൻഭാഗത്തെ ഡോറിന്റെ ഹൈഡ്രോളിക് സംവിധാനം പ്രവർത്തിപ്പിക്കാറില്ല.
ഡോർ ഇല്ലാത്ത ബസുകൾക്ക് പതിനായിരം രൂപയാണ് പിഴ ചുമത്തേണ്ടത്. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസും സസ്പെൻഡ് ചെയ്യാം. എന്നാൽ മോട്ടോർ വാഹന വകുപ്പും പൊലീസും പരിശോധന നടത്താൻ തയ്യാറാകുന്നില്ല. അഥവാ പരിശോധന നടത്തിയാലും ഒന്നോ രണ്ടോ ദിവസത്തിന് ശേഷം വീണ്ടും പഴയ അവസ്ഥയാകും.
തുറക്കുന്നത് കാൽ കൊണ്ട്
പിൻഭാഗത്ത് ഡോറുള്ള ബസുകളിൽ കണ്ടക്ടർമാർ കാൽ കൊണ്ട് ചവിട്ടിയാണ് ഡോർ തുറക്കുന്നത്. മുന്നിൽ ക്ലീനർ ഇല്ലാത്ത ബസുകളിലും ഇതുതന്നെയാണ് സ്ഥിതി. ഇങ്ങനെ ചെരുപ്പിലെ അഴുക്ക് പുരണ്ട ഹാഡിലിൽ പിടിച്ച് ഡോർ തുറക്കേണ്ട അവസ്ഥയാണ് പല ബസുകളിലെയും യാത്രക്കാർക്ക്.
മാതൃകയായി ആനവണ്ടികൾ
നിരത്തിലുള്ള വലിയൊരു വിഭാഗം കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളേക്കാൾ പഴക്കമുള്ളവയാണ്. എന്നിട്ടും മുന്നിലെയും പിന്നിലെയും ഡോറുകൾ അടച്ച് തന്നെയാണ് സർവീസ്. ഹൈഡ്രോളിക് ഡോറുകൾ ഭൂരിഭാഗം ഡ്രൈവർമാരും കൃത്യമായി പ്രവർത്തിപ്പിക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |