ദേശീയപാതയിലൂടെയുള്ള വാഹനയാത്രകളുമായി ബന്ധപ്പെട്ട് ഏറ്റവും അധികം ഉയരുന്ന പരാതികൾ ടോൾ നിരക്കുകളെക്കുറിച്ചുള്ളതായിരിക്കും. ഓരോ സ്ഥലത്തെയും വ്യത്യസ്ത ടോൾ നിരക്കുകൾ, പതിവായി ഹ്രസ്വദൂരയാത്ര നടത്തുന്നവരും ദീർഘയാത്രക്കാരുടെ അതേ നിരക്ക് നൽകേണ്ടുന്ന സ്ഥിതി, ടോൾ പ്ളാസകളിൽ വാഹനങ്ങളുടെ കാത്തുകെട്ടിക്കിടപ്പ് തുടങ്ങിയവയൊക്കെ പതിവായി പരാതികൾക്കും പ്ളാസകളിൽ പ്രദേശവാസികളുടെ സമരങ്ങൾക്കും മറ്റും വഴിവയ്ക്കുന്നുണ്ട്. ഇത്തരം പരാതികൾക്ക് വലിയൊരളവ് പരിഹാരമാകുന്നതാണ് 'ഫാസ്‌ടാഗി"ൽ വാർഷിക പാസ് ഏർപ്പെടുത്താനുള്ള കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ കഴിഞ്ഞ ദിവസത്തെ തീരുമാനം. 3000 രൂപയ്ക്ക് ഒരുവർഷം പരമാവധി 200 യാത്രകൾ എന്നതാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന ക്രമീകരണം.
വാണിജ്യാവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കുന്ന കാറുകൾ, ജീപ്പുകൾ, വാനുകൾ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾക്കാണ് ഈ വാർഷിക പാസ് സൗകര്യം ലഭിക്കുക. വരുന്ന ഓഗസ്റ്റ് 15 മുതലാകും പുതിയ പദ്ധതി നടപ്പിലാവുക. ഇപ്പോൾ വിവിധ ടോൾ ബൂത്തുകളിൽ 30 രൂപ മുതൽ 340 രൂപ വരെ നിരക്കാണ് ഈടാക്കുന്നത്. സംസ്ഥാനത്ത് തിരുവനന്തപുരത്തെ കാരോട് മുതൽ കാസർകോട് ജില്ലയിലെ തലപ്പാടി വരെ ദേശീയപാത 66-ൽ ആകെ പതിനൊന്നിടത്ത് ടോൾ പ്ളാസകളുണ്ട്. തെക്കേയറ്റത്തു നിന്ന് വടക്കേയറ്റം വരെ ദേശീയപാതയിലൂടെ വാഹനയാത്ര ചെയ്യുന്നവർ ഈ പതിനൊന്ന് പ്ളാസകൾ കടന്നുകിട്ടാൻ ഭീമമായ ടോൾ നിരക്കാണ് നല്കേണ്ടിവരിക. അത്, ഒരിടത്തെ ടോൾ പിരിവു കേന്ദ്രം കടക്കാൻ ശരാശരി പതിനഞ്ച് രൂപ മാത്രമായി കുറയുമെന്നാണ് ഇപ്പോൾ മനസിലാക്കുന്നത്.
പുതിയ പരിഷ്കാരത്തെക്കുറിച്ചുള്ള വിവരം കേന്ദ്ര മന്ത്രി അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ചതാണ് എന്നതിനാൽ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. കേരളത്തിൽ ദേശീയപാത- 66-ന്റെ ദൈർഘ്യം 631 കി.മീറ്റർ ആണ്. ഇതിനിടയിൽ വരുന്ന 11 പ്ളാസകളിലും ശരാശരി 15 രൂപ ടോൾ നിരക്ക് ഈടാക്കിയാലും ആകെ 165 രൂപയേ ആകൂ! നിലവിൽ തിരുവനന്തപുരം തിരുവല്ലത്തെ ടോൾപ്ളാസ കടന്നുകിട്ടാൻ ഒരുദിശയിലേക്കു മാത്രമുള്ള നിരക്ക് 155 രൂപയാണെന്ന് അറിയുമ്പോഴേ വരാനിരിക്കുന്ന പരിഷ്കാരത്തിന്റെ പ്രയോജനം പിടികിട്ടൂ. വല്ലപ്പോഴും വിനോദയാത്രകൾക്കും മറ്റും മാത്രമായി ദേശീയപാത വഴി ദീർഘദൂര യാത്ര നടത്തുന്നവർക്ക് ഇത് ആകർഷകമായി തോന്നില്ലെങ്കിലും, പതിവായി ദൂരയാത്രകൾ നടത്തുന്നവർക്ക് വലിയ ആശ്വാസം നല്കുന്നതാണ് വാർഷിക പാസ് പദ്ധതിയെന്ന് തീർച്ച. നാഷണൽ ഹൈവേ അതോറിട്ടിക്കാകട്ടെ, 3000 രൂപ വാർഷിക പാസിലൂടെ വലിയ തുക ഒറ്റയടിക്ക് ലഭിക്കുമെന്നതുകൊണ്ട് വമ്പൻ നേട്ടമാണ് ഉണ്ടാവുക.
2023- 24 വർഷത്തെ കണക്കനുസരിച്ച് രാജ്യത്ത് ആകമാനമുള്ള ആയിരത്തിലധികം ടോൾ പ്ളാസകൾ വഴി കിട്ടിയത് 64,809 കോടി രൂപയാണ്! നടപ്പു വർഷം അത് 70,000 കോടിയാകുമെന്നാണ് പ്രതീക്ഷിത കണക്കെങ്കിലും, വാർഷിക പാസ് നിലവിൽ വരുന്നതോടെ തുക ഇതിന്റെ ഇരട്ടിയിലും അധികമാകാതിരിക്കില്ല. രാജ്യത്ത് ദേശീയപാതാ വികസനത്തിന് വകയിരുത്തുന്ന തുക ഇതിന് അനുസൃതമായി വർദ്ധിപ്പിക്കാൻ ഉപരിതല ഗതാഗത മന്ത്രാലയത്തിന് കഴിയുകയും ചെയ്യും. ഓഗസ്റ്റ് 15 ന് പദ്ധതി നിലവിൽ വരുന്നതിനു മുമ്പ്, എത്ര കി. മീറ്റർ യാത്രയാണ് ഒരു മുഴുവൻ യാത്രയായി കണക്കാക്കുക, വിവിധ ടോൾ പ്ളാസകൾ വഴിയുള്ള ഒരു ദിവസത്തെ യാത്ര ഒറ്റയാത്രയായി പരിഗണിക്കുമോ തുടങ്ങി, ഇതുമായി ബന്ധപ്പെട്ട മുഴുവൻ സംശയങ്ങളിലും പരിഹാരം വരുത്തേണ്ടതുണ്ട്. അപ്പോഴേ, ടോൾ പ്ളാസകളിലൂടെയുള്ള യാത്ര ശുഭയാത്രയും ലാഭയാത്രയുമാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |