ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനുകളുടെ വരവോടെ രാജ്യത്തെ ഗതാഗത സംവിധാനത്തിൽ വിപ്ലവകരമായ മാറ്റമാണ് ഉണ്ടായത്. വളരെ വേഗത്തിൽ എത്താമെന്നതും സുഖരമായ യാത്രയും വന്ദേഭാരത് ട്രെയിനുകളെ ജനപ്രിയമാക്കിയ ഘടകങ്ങളാണ്. നിലവിൽ കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലായി 69 റൂട്ടുകളിൽ വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്. ഹ്രസ്വദൂര ട്രെയിൻ യാത്രകൾ സുഗമമാക്കുന്നതിന് 100 മെമു ട്രെയിനുകളും 50 നമോ ഭാരത് ട്രെയിനുകളും അവതരിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചിരുന്നു.
വന്ദേഭാരതിന്റെ വിജയത്തിന് പിന്നാലെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് റെയിൽവേ. രാത്രിയിലും സുഖകരമായ യാത്ര ഒരുക്കുകയാണ് ലക്ഷ്യം. ഇതിനോടരം 9 സ്ലീപ്പർ ട്രെയിനുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പ്രോട്ടോടൈപ്പിന്റെ ട്രയൽ റണ്ണും പൂർത്തിയായികഴിഞ്ഞു. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. അടുത്ത മാസത്തോടെ ആദ്യ സ്ലീപ്പർ സർവീസുകൾ ആരംഭിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യയിൽ തന്നെ മികച്ച വരുമാനം നേടുന്ന റൂട്ടായ കേരളത്തിലാണ് ആദ്യ സ്ലീപ്പർ സർവീസുകൾ എത്തുകയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. തിരുവനന്തപുരം - ബെംഗളുരു, തിരുവനന്തപുരം - മംഗളുരു റൂട്ടിലായിരിക്കും സർവീസ്.
കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്താം എന്നതാണ് യാത്രക്കാർക്ക് ആശ്വാസം പകരുന്ന കാര്യം.
തെക്കൻ കേരളത്തിലെ യാത്രക്കാർ ബംഗളുരു യാത്രയ്ക്കായി പ്രധാനമായി രണ്ട് പ്രതിദിന ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. കന്യാകുമാരി - ബംഗളുരു എക്സ്പ്രസും തിരുവനന്തപുരം നോർത്ത്- മൈസുരു എക്സ്പ്രസും. ഇതിൽ ആദ്യ ട്രെയിൻ ബെംഗളുരുവിലെത്താൻ 18 മണിക്കൂർ വരെയാണ് എടുക്കുന്നത്. രണ്ടാമത്തെ ട്രെയിനാകട്ടെ 15 മണിക്കൂറിലധികവും.
ആഴ്ചയിൽ ഒന്ന് മാത്രം സർവ്വീസ് നടത്തുന്ന ഹുബ്ബള്ളി പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്
14.30 മണിക്കൂർ കൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരിൽ എത്തുന്നത്. എന്നാൽ വ്യാഴാഴ്ചയാണ് ഈ സർവീസ് ഉള്ളത്. വന്ദേഭാരത് സ്ലീപ്പറുകൾ വെറും 12.30 മണിക്കൂർ മാത്രമേ എടുക്കുള്ളൂവെന്നതും ആശ്വാസകരമാകും.
തിരുവനന്തപുരം-മംഗളൂരു റൂട്ടിൽ നിലവിൽ 13 മണിക്കൂർ കൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സ്ലീപ്പർ ട്രെയിനുകൾ മംഗലാപുരത്ത് എത്തുന്നത്. ഈ റൂട്ടിലോടുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ 8.30 മണിക്കൂർ കൊണ്ടാണ് എത്തുന്നത്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾക്ക് 8.40 മണിക്കൂറായിരിക്കും ആവശ്യമായി വന്നേക്കുക. 8 സ്റ്റോപ്പുകളും അനുവദിച്ചേക്കും. എന്നാൽ ഇവയുടെ കാര്യത്തിൽ കേന്ദ്ര റെയിൽവെ മന്ത്രാലയമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |