മുംബയ്: ടെസ്റ്റിലെ നെടുംന്തൂണായ ഒരാൾ കൂടി ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരിക്കുന്നു. താൻ സ്നേഹിച്ചതും തന്നെ സ്നേഹിച്ചതും കളിയോട് വിട പറഞ്ഞിരിക്കുകയാണ് ക്ലാസിക്കൽ ബാറ്റ്സ്മാൻ ചെതേശ്വർ പൂജാര. നൂറിലധികം ടെസ്റ്റുകളിൽ ഇന്ത്യയെ പ്രതിനിധീരകരിച്ചിട്ടുണ്ടെങ്കിലും വലിയ ആരവങ്ങളൊന്നുമില്ലാതെ നിശബ്ദമായാണ് അദ്ദേഹത്തിന്റെ മടക്കം. ഒട്ടേറെ അവിസ്മരണീയമായ പ്രകടനങ്ങൾ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ചുകൊണ്ടാണ് അദ്ദേഹം പടിയിറങ്ങുന്നത്.
2024ലെ ബോർഡർ ഗവാസ്ക്കർ ട്രോഫിയിൽ ഇന്ത്യൻ ടീമിൽ പൂജാരയെ തിരഞ്ഞെടുത്തില്ല എന്നത് ഓസ്‌ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡിന് പോലും ഒരിക്കൽ ആശ്വാസമായിരുന്നു. കാരണം പൂജാരയെ പുറത്താക്കുക അത്ര എളുപ്പമായിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം മുൻ ഓസ്‌ട്രേലിയൻ പര്യടനങ്ങളിൽ മികച്ച പ്രകടനം പൂജാര കാഴ്ചവച്ചിട്ടുണ്ടെന്ന് പറയാനും ഹേസൽവുഡ് മറന്നില്ല. 2018-19 പരമ്പരയിൽ ഇന്ത്യ ചരിത്രവിജയം നേടിയ പരമ്പരയിൽ 1,258 പന്തുകൾ നേരിട്ട് ഓസ്‌ട്രേലിയയിൽ അദ്ദേഹത്തിന്റെ പ്രതിരോധ മികവ് ബാറ്റിംഗിലൂടെ പ്രകടമാക്കി.
2021-ലെ ബ്രിസ്‌ബേൻ ടെസ്റ്റായിരുന്നു പുജാരയുടെ ഗംഭീരമായ മറ്റൊരു പ്രകടനം. 211 പന്തിൽ നിന്ന് 58 റൺസാണ് അദ്ദേഹം ആ മത്സരത്തിൽ നേടിയത്. ഓസ്ട്രേലിയൻ ബൗളർമാരുടെ തീപോലെയുള്ള പന്ത് കൊണ്ട് ശരീരത്തില്‍ ഒട്ടേറെ പരിക്കുകള്‍ ഏല്‍ക്കേണ്ടി വന്നിട്ടും ബോളര്‍മാര്‍ക്ക് മുന്നിൽ പതറാതെ അദ്ദേഹം നിലയുറപ്പിച്ചു. ഓസ്‌ട്രേലിയൻ ബൗളർമാരെ ഒറ്റയ്ക്ക് മുട്ടുകുത്തിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്.
നേരായ വഴിയിലൂടെ പുജാരയെ പുറത്താക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ ഓസ്ട്രേലിയൻ ടീം അദ്ദേഹത്തിന് നേരെ നിരന്തരം ബൗൺസറുകളെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയെന്നതായിരുന്നു തന്ത്രം. കാരണം പൂജാര ക്രീസില്‍ തുടർന്നാൽ തങ്ങള്‍ക്കു വിജയം അകലെയാകുമെന്ന് ഓസീസിന് ബോദ്ധ്യമുണ്ട്. അതിനാൽ എങ്ങനെ എറിഞ്ഞ് പരിക്കേല്‍പ്പിക്കാമെന്നാണ് ഓസീസ് ബൗളര്‍മാര്‍ പരിശ്രമിച്ചിരുന്നത്. എന്നാൽ ഹെല്‍മറ്റിന്റെ പിറകിലും കഴുത്തിനു പിറകിലും താഴെയും കാല്‍ത്തുടയുടെ പിറകിലും ബോട്ടം ഗ്ലൗവിലും നെഞ്ചിലും അങ്ങനെ പൂജാരയുടെ ദേഹത്തു ബോള്‍ പതിക്കാത്ത സ്ഥലങ്ങള്‍ കുറവായിരുന്നു. ഏതൊരു ടീമിന്റെയും കനത്ത ആക്രമണങ്ങൾ ഒരു പോരാളിയെ പോലെയാണ് അദ്ദേഹം നേരിട്ടത്. 2023ൽ ഓസ്‌ട്രേലിയയക്കെതിരെ നടന്ന ടെസ്റ്റിലാണ് അദ്ദേഹം ഇന്ത്യൻ ജഴ്സിയിൽ അവസാനമായി കളിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |