കണ്ണൂർ ജില്ലയുടെ മലയോര മേഖലകളിൽ വന്യമൃഗശല്യം പരിഹാരമില്ലാതെ തുടരുമ്പോഴും നഗരത്തിലെ തെരുവുനായക്കലിക്ക് എന്ന് പരിഹാരമാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ. രണ്ടു ദിവസങ്ങളിലായി 75ലേറെ പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. താഴെ ചൊവ്വയിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും നിരവധിപേർക്ക് കടിയേറ്റു. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരനെ ഉൾപ്പെടെയാണ് തെരുവുനായ്ക്കൾ കടിച്ചു കീറിയത്. കടിയേറ്റതിൽ കൂടുതൽ കാൽനട യാത്രക്കാരാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കേണ്ടത് കോർപറേഷന്റെ ഉത്തരവാദിത്തമാണെന്ന് ജില്ലാ പഞ്ചായത്തും അതല്ലെന്ന് കോർപ്പറേഷനും പരസ്പരം പഴിചാരുകയാണ്. ജില്ലാ പഞ്ചായത്തിന് ചെയ്യാൻ സാധിക്കുന്നത് അനിമൽ ബർത് കൺട്രോൾ (എബിസി) കേന്ദ്രം സ്ഥാപിക്കലാണ്, സംസ്ഥാനത്ത് ആദ്യമായി എ.ബി.സി കേന്ദ്രം തുടങ്ങുന്നത് കണ്ണൂർ ജില്ലാ പഞ്ചായത്താണ്. സുപ്രീംകോടതി വരെ കേസിനു പോയശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമായതെന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതർ പറയുന്നത്.
അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെ കൊല്ലാൻ പാടില്ല. പകരം ഷെൽട്ടർ ഹോം നിർമിച്ച് അതിൽ പാർപ്പിക്കണമെന്നാണ് നിയമം. അത് ചെയ്യേണ്ടത് കോർപറേഷനാണെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ എല്ലാം ചെയ്യേണ്ടത് ജില്ലാ പഞ്ചായത്താണെന്ന നിലപാടിലാണ് കോർപറേഷൻ. തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനായി പദ്ധതി തയാറാക്കിയതും ഫണ്ട് സമാഹരിച്ചതും ജില്ലാ പഞ്ചായത്താണെന്ന് കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ പറയുന്നു.
ഭാഗ്യം തുണച്ചാൽ
കടി കിട്ടില്ല !
തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതും ഷെൽട്ടർ ഹോമിലാക്കുന്നതിനുമുള്ള ചുമതലയിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങൾ കൈകഴുകുമ്പോൾ നഗരത്തിൽ നായ്ക്കൾ തലങ്ങും വിലങ്ങും ഓടിനടന്ന് മനുഷ്യരെ കടിക്കുകയാണ്. നഗരത്തിന്റെ മുക്കിലും മൂലയിലും വരെ തെരുവുനായ ശല്യം രൂക്ഷമാണ്. ജനങ്ങൾ നഗരത്തിലേക്ക് വരാൻ മടിച്ചതോടെ വ്യാപാര മേഖലയിലും പ്രതിസന്ധി രൂക്ഷമായി.
ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പടിയൂർ പഞ്ചായത്തിലെ ഊരത്തൂരിൽ പ്രവർത്തിക്കുന്ന എ.ബി.സി കേന്ദ്രം നിലവിൽ നായകളാൽ നിറഞ്ഞു. നിലവിൽ കൂടുനിറയെ വന്ധ്യംകരണം കഴിഞ്ഞു വിശ്രമിക്കുന്ന തെരുവുനായ്ക്കളാണ്. കൂടുകളുടെ എണ്ണം 100 ആക്കി ഉയർത്തി കേന്ദ്രം വിപുലീകരിക്കുന്നതിനു പദ്ധതി തയാറാക്കി ജില്ലാ പഞ്ചായത്ത് രംഗത്തുണ്ടെങ്കിലും പ്രദേശിക ഭരണകൂടം അങ്ങോട്ടും ഇങ്ങോട്ടും പഴിചാരി രക്ഷപ്പെടുകയാണ്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 78 ലക്ഷം രൂപ മുടക്കി 50 സെന്റ് സ്ഥലത്താണ് എ.ബി.സി കേന്ദ്രം പ്രവർത്തിക്കുന്നത്. 48 തെരുവുനായ്ക്കളെ സംരക്ഷിക്കുന്നതിനുള്ള കൂടുകളാണ് ഇവിടെയുള്ളത്. 2022 ഒക്ടോബറിൽ പ്രവർത്തനം ആരംഭിച്ച കേന്ദ്രത്തിൽ 1883 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചു കഴിഞ്ഞു. കൂടുകളുടെയും ക്യാച്ചർമാരുടെയും കുറവു നിലവിൽ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. വന്ധ്യംകരണത്തിനു വിധേയമാകുന്ന നായ്ക്കളെ അഞ്ചുദിവസം പൂർണ നിരീക്ഷണത്തിലാക്കിയശേഷം പിടിച്ച സ്ഥലത്തുതന്നെ തിരികെ വിടുന്നതാണ് രീതി. എന്നാൽ നായപിടിത്തം പലപ്പോഴും പ്രഹസനമാകുന്നു എന്ന പരാതിയാണ് നാട്ടുകാർക്ക്. കൂട്ടത്തോടെ വരുന്ന നായ്ക്കളെ പലപ്പോഴും പൂർണമായും പിടികൂടാൻ കഴിയാത്തത് വലിയ പ്രതിസന്ധിയാണ്. ഊരത്തൂർ കേന്ദ്രത്തിനു കീഴിൽ നാല് ക്യാച്ചർമാരാണുള്ളത്. ഇവർ മുണ്ടയാട് പ്രദേശിക മൃഗസംരക്ഷണ കേന്ദ്രത്തിൽ വിദഗ്ദ്ധ പരിശീലനം ലഭിച്ചവരാണ്. മുലയൂട്ടുന്നവ, അസുഖം ബാധിച്ചവ, ഗർഭിണികൾ തുടങ്ങിയവയെ വന്ധ്യംകരിക്കില്ല.
ഭയക്കണം
പേ വിഷ ബാധ
നായയുടെയോ കുറുക്കന്റെയോ കടിയേറ്റാൽ പ്രഥമ ശുശ്രൂഷയും കുത്തിവയ്പ്പും പ്രധാനമാണ്. മുറിവ് ചെറുതാണെങ്കിലും നിസാരമാക്കരുതെന്നാണ് മെഡിക്കൽ വിഭാഗം പറയുന്നത്. പേവിഷബാധ പ്രതിരോധത്തിൽ ഏറ്റവും നിർണായകം കൃത്യസമയത്ത് സ്വീകരിക്കുന്ന വാക്സിനേഷനാണെന്നും നൂറുകണക്കിന് ആളുകളാണ് പേവിഷബാധ പ്രതിരോധ വാക്സിൻ എടുക്കുന്നതിലൂടെ ഒരോ വർഷവും രക്ഷപ്പെടുന്നതെന്നും ഡോക്ടർമാർ പറയുന്നു.
മുറിവേറ്റ ഭാഗം എത്രയും വേഗം സോപ്പുപയോഗിച്ച് വെള്ളത്തിൽ കഴുകുക എന്നതാണ് പ്രാഥമിക ഘട്ടത്തിൽ ചെയ്യേണ്ടത്. 15 മിനിറ്റ് നേരം കഴുകണം. മുറിവിൽ ഉമിനീരിൽ മറഞ്ഞിരിക്കുന്ന വൈറസുകളെ നിർവീര്യവുമാക്കാനാണ് ഇങ്ങനെ കഴുകുന്നത്. ഇതുവഴി രോഗസാദ്ധ്യത 80 ശതമാനം വരെ കുറയ്ക്കാം. വെറും കൈകൊണ്ട് മുറിവിൽ സ്പർശിക്കരുത്. മുറിവിന് പുറത്ത് മറ്റൊന്നും ചെയ്യരുത്. വൈകാതെ ആശുപത്രിയിൽ ചികിത്സ തേടുക.
മുറിവിന്റെ തീവ്രതയനുസരിച്ച് മൂന്നു തരം വാക്സിനുകളാണ്. ഇൻട്രാ ടെർമൽ റാബിസ് വാക്സിൻ (ഐ.ഡി.ആർ.വി), ആന്റി റാബിസ് സിറം (ഐ.ആർ.എസ്), ഹ്യൂമൻ റാബിസ് ഇമ്മ്യൂണോ ഗ്ലോബലിൻ എന്നിവയാണ് നൽകുക. കടിയേറ്റ ദിവസം എടുക്കുന്ന വാക്സിനാണ് സീറോ ഡോസ്. മുഴുവൻ ഡോസ് കൃത്യമായി പൂർത്തിയാക്കണം. സർക്കാർ ആശുപത്രികളിൽ ഐ.ഡി.ആർ.വി സൗജന്യമായി കിട്ടും. വൈറസിനെ വേഗത്തിൽ പ്രതിരോധിക്കാനാണ് ആന്റി റാബിസ് സിറം, ഇമ്മ്യൂണോ ഗ്ലോബലിൻ എന്നിവ നൽകുന്നത്.
കൗൺസിൽ യോഗം
ബഹിഷ്‌കരിച്ച് പ്രതിപക്ഷം
തെരുവുനായ ആക്രമണം തുടരുന്ന സാഹചര്യത്തിൽ കണ്ണൂരിൽ വ്യാപക പ്രതിഷേധമാണ്. തെരുവുനായക്കൾ വഴി യാത്രക്കാരെ കടിച്ചു പരിക്കേൽപ്പിക്കുന്നതിൽ കണ്ണൂർ കോർപറേഷനിൽ പ്രതിപക്ഷ ബഹളമുണ്ടായി. മേയർ മുസ്ലിഹ് മഠത്തിലിനെ പ്രതിപക്ഷ അംഗങ്ങൾ സംസാരിക്കാൻ വിടാതെ ചേംബറിനടുത്ത് വന്ന് ബഹളമുണ്ടാക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതിനെ തുടർന്ന് മേയർ ചേംബർ വിട്ടു. ഇതു തടയാൻ ചെന്ന ഭരണ കക്ഷി അംഗങ്ങളും പ്രതിപക്ഷ കൗൺസിലർമാരുമായി ഉന്തുംതള്ളും വക്കേറ്റവും സംഘർഷവുമുണ്ടായി.
പ്രതിപക്ഷത്തിനെതിരെ മേയർ
കോർപ്പറേഷൻ കൗൺസിലിൽ പ്രതിപക്ഷ അംഗങ്ങളുടേത് അനാവശ്യ വിവാദമാണെന്നും തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും മേയർ മുസ്ലിഹ് മഠത്തിൽ. തദ്ദേശ സ്ഥാപനമെന്ന നിലയിൽ കോർപ്പറേഷന് തെരുവുനായ ശല്യം പരിഹരിക്കാൻ എന്തൊക്കെ ചെയ്യാനാകുമെന്ന് പ്രതിപക്ഷത്തിന് അറിയാവുന്നതാണെന്ന് മേയർ പറഞ്ഞു. ജില്ലാ പഞ്ചായത്തിനാണ് ഇതിൽ കാര്യമായി ഇടപെടാനാകുക. ജില്ലയിലെ എൽ.ഡി.എഫ് തദ്ദേശ സ്ഥാപനങ്ങളിലും തെരുവുനായ ശല്യമുണ്ടായിട്ടുണ്ട്.
ഷെൽട്ടർ ഹോമുകൾ
ഉണ്ടാക്കണം
തെരുവുനായ ശല്യം പരിഹരിക്കാൻ ഷെൽട്ടർ ഹോമുകൾ ഉണ്ടാക്കുകയാണ് കുറേക്കൂടി സ്വീകാര്യമായ മാർഗമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി പറഞ്ഞു. ജില്ലയിൽ നിരവധി ആളുകൾ തെരുവുനായയുടെ ആക്രമണത്തിനിരയായ സംഭവം ദൗർഭാഗ്യകരമാണ്. തെരുവ് നായ്ക്കളെ പൂർണമായും ഇല്ലാതാക്കാനാവില്ല. കാരണം അവയെ കൊല്ലാൻ പറ്റാത്തതാണ് നിലവിലെ കേന്ദ്ര നിയമം. എന്നാൽ പരമാവധി അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റുകയെന്നത് കോർപ്പറേഷൻ മുഖേന സാധിക്കും. കണ്ണൂർ കോർപ്പറേഷൻ എത്രയും വേഗം എ.ബി.സി കേന്ദ്രങ്ങൾ ആരംഭിക്കണം. 2024-25 വർഷത്തെ പദ്ധതി അവലോകന ഘട്ടത്തിൽ എ.ബി.സി കേന്ദ്രം ആരംഭിക്കണമെന്ന് കോർപ്പറേഷനോട് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഉൾപ്പെടെ നിർദ്ദേശിച്ചിട്ടുമുണ്ട്. എ.ബി.സി നടത്തിപ്പിൽ എന്തെങ്കിലും പ്രയാസങ്ങളുണ്ടായാൽ ഹൈക്കോടതിയെ സമീപിക്കാൻ പ്രാദേശിക സർക്കാരിന് സാധിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |