ആലപ്പുഴ: ആദ്യ കഥ നഗരങ്ങളിലും തെരുവുകളിലും കൊണ്ടുനടന്നു വിറ്റിരുന്ന എഴുത്തുകാരൻ. ഇന്ന് 'റാം കെയർ ഓഫ് ആനന്ദി'യിലൂടെ കേന്ദ്രസാഹിത്യ അക്കാഡമിയുടെ യുവപുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അഖിൽ പി. ധർമ്മജൻ (32). മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ പൂർത്തിയാക്കി സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിനിടെയാണ് ആലപ്പുഴ പാതിരാപ്പള്ളി സ്വദേശി അഖിൽ കഥകൾ എഴുതുന്നത്.
ആദ്യകഥയായ 'ഓജോ ബോർഡ്' സ്വയം പബ്ലിഷ് ചെയ്ത് നഗരങ്ങളിലും ഗ്രാമങ്ങളിലും കൊണ്ടുനടന്നു വിറ്റു. 'ഓജോ ബോർഡ്' ആലപ്പുഴ ചുടുകാട്ടിലും രണ്ടാമത്തെ പുസ്തകമായ 'മെർക്കുറി ഐലൻഡ്' പാതിരാമണൽ ദ്വീപിലും മൂന്നാമത്തെ പുസ്തകം 'റാം കെയർ ഓഫ് ആനന്ദി' ചെന്നൈ റെയിൽവേ സ്റ്റേഷനിലുമായിരുന്നു പ്രകാശനം ചെയ്തത്. ആദ്യ രണ്ട് കഥകളും സ്വയം പ്രസിദ്ധീകരിക്കുകയായിരുന്നെങ്കിൽ,മൂന്നാം കഥയ്ക്ക് പ്രസാധകരെ ലഭിച്ചു.
ചെന്നൈ നഗരത്തെ കേന്ദ്രീകരിച്ചെഴുതിയ 'റാം കെയർ ഓഫ് ആനന്ദി' അമ്പത് എഡിഷനുകളും മൂന്ന് ലക്ഷത്തിലധികം കോപ്പികളുമായി പിന്നിട്ടിരിക്കുകയാണ്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷനെടുത്താണ് കഥയെഴുതാൻ അനുഭവങ്ങൾ തേടി ചെന്നൈയിലേക്ക് പുറപ്പെട്ടത്. അവിടെ പഠനത്തിനൊപ്പം ഹോട്ടലുകളിലും ലൈറ്റ് ബോയ്‌യായും കോലി ചെയ്ത് ഫീസിനുള്ള തുക കണ്ടെത്തി. പത്ത് രൂപയ്ക്ക് ലഭിക്കുന്ന പത്ത് ഇഡ്ഡലികൾ കൊണ്ട് മൂന്ന് നേരം തള്ളിനീക്കിയ ദിവസങ്ങളുണ്ട്.
2018 എന്ന സിനിമയുടെ തിരക്കഥയിൽ ജൂഡ് ആന്റണി ജോസഫിനൊപ്പം പങ്കാളിയായ അഖിൽ പുതിയ സിനിമ ഉടൻ ചെയ്യാനുള്ള പദ്ധതിയിലാണ്. നിലവിൽ കുട്ടനാട് പശ്ചാത്തലമാക്കിയ കഥയുടെ പണിപ്പുരയിലാണ് അഖിൽ.
കലവൂരിലെ 'കഥ' വീട്ടിൽ ലോട്ടറിക്കച്ചവടക്കാരനായ അച്ഛൻ ധർമ്മജനും അമ്മ മഹേശ്വരിക്കും കൊറിയർ സ്ഥാപനത്തിൽ ജീവനക്കാരനായ സഹോദരൻ അമലിനുമൊപ്പം പുരസ്കാരത്തിന്റെ സന്തോഷം പങ്കിടുകയാണ് അഖിൽ.
വിവാദങ്ങൾ
തളർത്തില്ല
കേന്ദ്രസാഹിത്യ പുരസ്കാരം ലഭിച്ചതിന് പിന്നാലെ പുസ്തകം പൾപ്പ് സാഹിത്യമാണെന്നും,മുത്തുച്ചിപ്പി നിലവാരമാണെന്നും ഉയർന്ന വിമർശനങ്ങളെ പക്വമായാണ് അഖിൽ പ്രതികരിച്ചത്. പുസ്തകത്തിന്റെ പേരിലും കഥയിലും 'റാം' ഉള്ളതിനാലാണ് പുരസ്കാരം ലഭിച്ചതെന്ന് പറയുന്നവരോട് മറുപടിയില്ലെന്നാണ് അഖിൽ പറയുന്നത്. ''ഒരു പാർട്ടിയോടും ആഭിമുഖ്യമില്ല. ഞാൻ എന്റെ പാതയിൽ എഴുതിക്കൊണ്ടിരിക്കും. നിലവാരം എഴുത്തിലൂടെ ഉയർത്തും. ജി.ആർ.ഇന്ദുഗോപനും,എസ്.ഹരീഷുമടക്കമുള്ളവർ അഭിനന്ദനങ്ങളോടെ ചേർത്തുനിറുത്തുന്നതിൽ സന്തോഷമുണ്ട്'' അഖിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |