തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണ കരാറിന്റെ കാലാവധി അദാനി ഗ്രൂപ്പിന് സർക്കാർ നീട്ടി നൽകും. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ അടുത്ത മാസം കൂടുന്ന യോഗത്തിൽ തീരുമാനമെടുക്കും.
നിലവിലെ കരാർ പ്രകാരം, വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട നിർമ്മാണം ഈ വർഷം ഡിസംബറിൽ പൂർത്തിയാക്കേണ്ടതാണ്. കരാർ കാലാവധി കഴിഞ്ഞാൽ അദാനി ഗ്രൂപ്പ് പ്രതിദിനം സർക്കാരിന് നഷ്ടപരിഹാരം നൽകണമെന്നാണ് വ്യവസ്ഥ. ഇപ്പോഴത്തെ അവസ്ഥയിൽ ഡിസംബറിൽ നിർമ്മാണം പൂർത്തിയാകില്ല. കാലാവധി നീട്ടിനൽകണമെങ്കിൽ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി കരാർ പുതുക്കേണ്ടിവരും. .
പത്ത് മാസത്തെ സാവകാശമാവും നിർമ്മാണ കമ്പനി സർക്കാരിനോട് ആവശ്യപ്പെടുക. പാറ പ്രതിസന്ധി തീർന്നാൽ അടുത്ത വർഷം ഒക്ടോബറിൽ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കാനാവുമെന്നാണ് കമ്പനിയുടെ കണക്കു കൂട്ടൽ..കരാർ പ്രകാരം നാല് വർഷമാണ് രൂപകല്പനയ്ക്കും നിർമാണത്തിനുമായി അദാനി പോർട്സിന് അനുവദിച്ചിട്ടുള്ളത്. നാൽപ്പത് വർഷത്തേയ്ക്കാണ് തുറമുഖം നടത്താനുള്ള കരാർ. നിർമ്മാണം വൈകുന്തോറും നടത്തിപ്പ് കാലാവധി കുറയും..വിഴിഞ്ഞം പദ്ധതിയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് സർക്കാരിന് പ്രതിമാസ അവലോകന റിപ്പോർട്ട് നൽകിയിരുന്നു. ആവശ്യത്തിന് പാറ ലഭിക്കാത്തതാണ് നിർമ്മാണം ഇഴയുന്നതിന് പ്രധാന കാരണം. പുലിമുട്ട് നിർമ്മാണം നിലച്ചിരിക്കുകയാണ്. പുനരധിവാസ പാക്കേജ് കിട്ടാത്തതിനെ തുടർന്ന് മത്സ്യത്തൊഴിലാളികളുടെ എതിർപ്പും ഉയർന്നിട്ടുണ്ട്.. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെടുന്നത്.
പാറക്കല്ല് കൊണ്ടുവരേണ്ട ബാദ്ധ്യത അദാനിക്കാണെങ്കിൽ, പുനരധിവാസ പ്രശ്നം തീർക്കേണ്ടത് സർക്കാരാണ്. സഹായം കിട്ടാത്തവരുടെ അപേക്ഷകളിൽ വേഗം തീരുമാനമെടുക്കാൻ ജില്ലാ കളക്ടർ അധ്യക്ഷനായ അപ്പീൽ സമിതിയോട് സർക്കാർ ആവശ്യപ്പെടും.
''വിശദമായ ചർച്ചകൾക്കു ശേഷമേ കാലാവധി നീട്ടുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ. പുനരധിവാസ പാക്കേജ് കിട്ടാത്ത മത്സ്യത്തൊഴിലാളികളുടെ അപേക്ഷകളിൽ ഉടൻ തീരുമാനമെടുക്കും''
- രാമചന്ദ്രൻ കടന്നപ്പള്ളി,
തുറമുഖ വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |