
ആലപ്പുഴ: ആലപ്പുഴയിലെ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ഹോട്ടലുകളിൽ കോഴിവിഭവങ്ങൾ വിതരണം ചെയ്യുന്നത് തടഞ്ഞു. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഇറക്കി വിട്ടെന്ന് ഹോട്ടലുകാർ ആരോപിക്കുന്നു.
ഇതിനെതിരെ പ്രതിഷേധവുമായി ഹോട്ടൽ ഉടമങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഈ മാസം 30 മുതൽ ഹോട്ടലുകൾ അടച്ചിടാനാണ് തീരുമാനം. എഫ്എസ്എസ്എഐയുടെ നടപടി മുന്നറിയിപ്പ് ഇല്ലാതെയാണെന്ന് ഹോട്ടലുടമകൾ പറയുന്നു. സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു. ആലപ്പുഴയിൽ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കിയത്.
അതേസമയം, ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കള്ളിംഗ് നടക്കുന്ന തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര സൗത്ത്, അമ്പലപ്പുഴ സൗത്ത്, ചെറുതന, പുറക്കാട്, നെടുമുടി, കുമാരപുരം എന്നീ പഞ്ചായത്തുകളുടെ പ്രഭവകേന്ദ്രത്തിന് 10 കിലോമീറ്റർ ചുറ്റളവിലുള്ള സർവൈലൻസ് സോണിൽ ഉൾപ്പെടുന്ന ആലപ്പുഴ നഗരസഭ, അമ്പലപ്പുഴ സൗത്ത്, അമ്പലപ്പുഴ നോർത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോർത്ത്, പുറക്കാട്, കൈനകരി, ചമ്പക്കുളം, രാമങ്കരി, വെളിയനാട്, പുളിങ്കുന്ന്, നെടുമുടി, തലവടി, മുട്ടാർ, എടത്വ, തകഴി, തൃക്കുന്നപ്പുഴ, ആറാട്ടുപ്പുഴ, കണ്ടല്ലൂർ, പത്തിയൂർ, മുതുകുളം, കരുവാറ്റ, കുമാരപുരം, ഹരിപ്പാട് നഗരസഭ, കാർത്തികപ്പള്ളി, ചിങ്ങോലി, വീയപുരം, പള്ളിപ്പാട്, ചെറുതന, ചേപ്പാട്, ചെട്ടികുളങ്ങര, ചെന്നിത്തല, മാന്നാർ, നിരണം, കടപ്ര പഞ്ചായത്തുകളുടെ പരിധിയിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട , ഇറച്ചി, കാഷ്ടം (വളം), ഫ്രോസൺ മീറ്റ്, മറ്റ് ഉത്പ്പന്നങ്ങൾ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഒരാഴ്ചത്തേയ്ക്ക് നിരോധിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |