കൊച്ചി: കായ്ഫലം കുറഞ്ഞതിന്റെയും രുചിയില്ലാത്തതിന്റെയും പേരിൽ വീട്ടുവളപ്പിലെ മാവുകൾ വെട്ടിമാറ്റാൻ വരട്ടെ, അതേ മാവിൽ നിന്ന് വിവിധയിനം മാങ്ങകൾ വിളയിക്കാം. തടിയിൽ കമ്പ് ബഡ്ഡ് ചെയ്യുന്ന (ഇൻസെർട്ടിംഗ്) വിദ്യയുമായി 27 വർഷമായി കേരളം മുഴുവൻ ചുറ്റിക്കറങ്ങുകയാണ് പി.ജെ. മാർട്ടിൻ.
ഒരു മാവിൽനിന്ന് 10 ഇനം മാങ്ങകൾ വരെ വിളവെടുക്കാം. ഏതുകാലാവസ്ഥയിലും ചെയ്യാം. വിവിധയിനം മാവുകളുടെ മുറ്റിയ ചില്ലകളാണ് ഇതിന് ഉപയോഗിക്കുന്നത്. അച്ഛൻ ജോസഫാണ് ഗുരു. തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര, കർണാടക, പശ്ചിമബംഗാൾ, പഞ്ചാബ്, ബീഹാർ, യു.പി എന്നിവിടങ്ങളിൽനിന്ന് വരുത്തിയ അപൂർവയിനം മാവിൻകമ്പുകളും വംശനാശം വന്നുകൊണ്ടിരിക്കുന്ന നാട്ടുമാവിന്റെ കമ്പുകളുമുണ്ട്. നിലമ്പൂരിലും മഞ്ചേരിയിലും 80വർഷം പഴക്കമുള്ള മാവിൽവരെ ബഡ് ചെയ്തിട്ടുണ്ടെന്ന് 56കാരനായ മാർട്ടിൻ പറയുന്നു. ചോറ്റാനിക്കര ക്ഷേത്രത്തിനടുത്താണ് താമസം. ഭാര്യ: ബിന്ദു. വിദ്യാർത്ഥികളായ റൂത്ത്, റബേക്ക എന്നിവർ മക്കൾ.
കായ്ഫലത്തിന് രണ്ടുവർഷം
ബഡ്ചെയ്തശേഷം പ്രത്യേകയിനം മരപ്പശ ചേർന്ന മിശ്രിതം തേച്ചുപിടിപ്പിച്ച് ചെറിയ കയറുകൊണ്ട് ചുറ്റിക്കെട്ടും. മിശ്രിതത്തിന്റെ കൂട്ട് രഹസ്യമാണ്. ബഡ്ഡ്ചെയ്ത ചില്ലകളിൽനിന്ന് രണ്ടുവർഷംകൊണ്ട് വിളവെടുക്കാം. ഓരോ ഇനവും അനുസരിച്ച് ഏറ്റക്കുറച്ചിലുകളുണ്ടാകും ചില്ല പിടിച്ചുതുടങ്ങിയാൽ മാതൃവൃക്ഷത്തിന്റെ മുകൾഭാഗം വെട്ടിമാറ്റണം. കത്തി,ഉളി,ചുറ്റിക,ബ്ലേഡ് തുടങ്ങിയവയാണ് 'ടൂൾസ്".
ഒരു കൊമ്പിന് 800 രൂപ
എറണാകുളം ജില്ലയ്ക്കുള്ളിൽ ഒരുകമ്പ് ബഡ്ഡ് ചെയ്യാൻ 800 രൂപയാകും. ഒരുമാവിൽ ചുരുങ്ങിയത് 5-6 കമ്പുകൾ ബഡ്ഡ്ചെയ്യാം. വീടുകളിലും തോട്ടങ്ങളിലും ചെയ്തുകൊടുക്കും. പൊതുവഴിയിലേക്ക് ചാഞ്ഞ മാവിൻകൊമ്പുകൾ വെട്ടിമാറ്റി താഴെ ബഡ്ചെയ്താൽ എതിർദിശയിലേക്ക് ചില്ലകൾ വളർത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |