പാലക്കാട്: ഷൊർണൂരിൽ ഭാരതപ്പുഴയ്‌ക്ക് കുറുകേയുള്ള കൊച്ചിൻ പാലം ചരിത്രമാകുന്നു. തിരുക്കൊച്ചിയെയും മലബാറിനെയും ബന്ധിപ്പിച്ചിരുന്ന പാലമാണ് പൊളിക്കുന്നത്. രണ്ടുമാസം മുമ്പുള്ള പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിബന്ധനകൾക്ക് വിധേയമായി പാലം പൊളിക്കാൻ സർക്കാർ ഉത്തരവിട്ടത്. കെ. രാധാകൃഷ്ണൻ എം.പിയുടെയും യു.ആർ. പ്രദീപ് എം.എൽ.എയുടെയും ഇടപെടലിലാണ് നടപടി.
122 വർഷം മുമ്പ് നിർമ്മിച്ച മലബാറിന്റെ കവാടമെന്നറിയപ്പെട്ട പാലം തകർന്ന നിലയിലാണ്. പുഴയിൽ വീണ പാലത്തിന്റെ അവശിഷ്ടങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കിയിരുന്നു. കൊച്ചി മഹാരാജാവ് രാമവർമ്മയുടെ ആഗ്രഹപ്രകാരം ബ്രിട്ടീഷുകാരുടെ കാലത്താണ് പാലം നിർമ്മിച്ചത്. ഷൊർണൂരിലൂടെയുള്ള ട്രെയിൻ ഗതാഗതം തിരുവിതാംകൂറിലെത്തിക്കുകയിരുന്നു ലക്ഷ്യം. തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ 14 സ്വർണ നെറ്റിപ്പട്ടമുൾപ്പെടെ ഉപയോഗിച്ചാണ് നിർമ്മാണത്തിനുള്ള 84 ലക്ഷം രൂപ കണ്ടെത്തിയത്.
1902 ജൂൺ രണ്ടിന് ആദ്യ ചരക്കുതീവണ്ടി പാലത്തിലൂടെ പോയി. ജൂൺ 16നു യാത്രാവണ്ടിയും സർവീസ് നടത്തി. അന്ന് ഇതുവഴി തന്നെയാണ് വാഹനങ്ങളും പോയിരുന്നത്. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും പാലത്തിലൂടെ കാൽനടയാത്ര നടത്തിയെന്നും ചരിത്രരേഖകളിലുണ്ട്. ട്രെയിൻ ഗതാഗതം മീറ്റർ ഗേജിൽ നിന്ന് ബ്രോഡ്‌ഗേജിലേക്ക് മാറിയപ്പോൾ ബ്രിട്ടീഷ് സർക്കാർ ട്രെയിൻ ഗതാഗതത്തിന് പുതിയ പാലം നിർമ്മിച്ചു. പഴയ പാലം വാഹനങ്ങൾക്ക് മാത്രമാക്കി.
ആദ്യ തകർച്ച 2011ൽ
തൃശൂർ അതിർത്തിയിൽ ഷൊർണൂരിനെയും ചെറുതുരുത്തിയെയും ബന്ധിപ്പിച്ചുള്ള പാലം 2003ൽ തുറന്നതോടെയാണ് കൊച്ചിൻ പാലമടച്ചത്. പാലം ചരിത്രസ്മാരകമാക്കൻ ശ്രമിച്ചെങ്കിലും ബലക്ഷയം കാരണം പദ്ധതി ഉപേക്ഷിച്ചു. 1924ലെ പ്രളയത്തെ അതിജീവിച്ച കൊച്ചിൻ പാലം 2011 നവംബർ ഒന്നിനാണ് ആദ്യം തകർന്നത്. 2018ലെയും 2019ലെയും പ്രളയങ്ങളിൽ ഇടിഞ്ഞ ഭാഗങ്ങളിൽ വെള്ളംകയറി. 2022ൽ ഒരു ഭാഗംകൂടി തകർന്നു. ഷൊർണൂർ ഭാഗത്ത് നിന്നുള്ള ആറ്, ഏഴ്, എട്ട് സ്പാനുകൾ പുഴയിൽ വീണിരുന്നു. ഭാരതപ്പുഴ കരകവിഞ്ഞപ്പോൾ പാലത്തിന്റെ മറ്റു ചില സ്പാനുകളും ഒഴുകിപ്പോയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |