പത്തനംതിട്ട : ഏറെ കൊട്ടിഘോഷിച്ച് നവീകരണം തുടങ്ങിയ നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ തറയിളകി കുഴിയായത് യാത്രക്കാരെ കെണിയിലാക്കുന്നു. കാൽ കുടുങ്ങി അപകടം ഉണ്ടായതോടെ പലകയിട്ട് കുഴി മറച്ചിരിക്കുകയാണിപ്പോൾ. വ്യാപാര സമുച്ചയത്തിന്റെ തറയിൽ ടൈൽ പാകുന്ന ജോലി തുടങ്ങിയെങ്കിലും ഇടയ്ക്ക് നിലച്ചു. ഡ്രൈനേജിന്റെ പണി നടക്കുന്നതിനാലാണ് നിർമ്മാണം നിറുത്തിവച്ചിരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. കുഴിയും അടുക്കി വച്ചിരിക്കുന്ന ടൈലും വലിയ ബുദ്ധിമുട്ടാണ് യാത്രക്കാർക്ക് ഉണ്ടാകുന്നത്. രണ്ടുപതിറ്റാണ്ട് പിന്നിട്ട വ്യാപാര സമുച്ചയം നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. കെട്ടിടത്തിലെ കടമുറികൾ ലേലത്തിലെടുക്കാൻ ആളില്ല. രണ്ടുനിലയിൽ പണിതിരിക്കുന്ന കെട്ടിടം മഴയിൽ ചോർന്നൊലിക്കും. താഴത്തെ നിലയിൽ മാത്രമാണ് കടകളുള്ളത്. മുകളിലത്തെ നിലയിൽ ചുരുക്കം ചിലസ്ഥാപനങ്ങൾ മാത്രമാണുള്ളത്. കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ ഇളകിയ നിലയിലാണ്. നഗരത്തിലെ പ്രധാസ ബസ് സ്റ്റാൻഡാണിത്.
1999 ൽ ആണ് ബസ് സ്റ്റാൻഡിന്റെ നിർമ്മാണ ഉദ്ഘാടനം. വായ്പ എടുത്താണ് ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിച്ചത്. കടകളിൽ നിന്ന് കിട്ടുന്ന ഡെപ്പോസിറ്റ് തുകയും വാടകയും വായ്പാ തിരിച്ചടവിനു വിനിയോഗിക്കണം എന്നതായിരുന്നു ധാരണ.
അജീബ എം.സാഹിബ് നഗരസഭാദ്ധ്യക്ഷ സ്ഥാനത്തുള്ളപ്പോൾ ആണ് വ്യാപാര സമുച്ചയം പണി പൂർത്തീകരിക്കുന്നത്. യാർഡ് നിർമ്മാണം ടി.സക്കീർ ഹുസൈൻ ചെയർമാൻ ആയിരുന്നപ്പോൾ നടത്തി. ഇപ്പോൾ വീണ്ടും കെട്ടിടം നവീകരണം ആരംഭിച്ചെങ്കിലും നിലച്ച മട്ടാണ്.
നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപ
മുടക്കിയാണ് വ്യാപാര സമുച്ചയം നവീകരിക്കുന്നത്.
ഡ്രെയിനേജിന്റെ പണി നടക്കുന്നതിനാൽ ടൈൽ പാകുന്ന ജോലി താത്ക്കാലികമായി നിറുത്തിയിരിക്കുകയാണ്. നാളെ മുതൽ ടൈൽ നിർമ്മാണം ആരംഭിക്കും.
നഗരസഭാ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |