തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ സർക്കാർ നീക്കം. വിവാഹച്ചടങ്ങുകളിലും ഹാേട്ടലുകളിലും മലയോരമേഖലയിലെ 10 ടൂറിസം കേന്ദ്രങ്ങളിലും ഹൈക്കോടതി പ്ലാസ്റ്റിക് കുപ്പി നിരോധിക്കുകയും സർക്കാർ അതു സംസ്ഥാന വ്യാപകമായി നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണിത്. കാലി കുപ്പി ഔട്ട് ലെറ്റുകൾ വഴി തന്നെ തിരികെ ശേഖരിക്കുന്ന തമിഴ്നാട് മോഡലും ആലോചനയുണ്ട്.
വെള്ളിയാഴ്ച എക്സൈസ് വകുപ്പിൽ ഇതിനായി യോഗം ചേർന്നിരുന്നു. പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വിൽക്കുന്നതിന് നിയന്ത്രണമേർപ്പെടുത്താൻ എക്സൈസ് വകുപ്പ് പലവട്ടം ശ്രമിച്ചിരുന്നു. മദ്യകമ്പനികളുടെ എതിർപ്പിനെ തുടർന്ന് പൂർണമായി നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. ചില്ല് കുപ്പിയിലാക്കണമെങ്കിൽ വലിയ ചെലവ് വരുമെന്നായിരുന്നു മദ്യ കമ്പനികളുടെ വാദം.
ഹരിതകേരള മിഷൻ വഴി പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നതിനുള്ള പദ്ധതിരേഖ ബവ്‌കോ സി.എം.ഡി നേരത്തെ സർക്കാരിന് നൽകിയിരുന്നു. 2017ൽ ക്ലീൻ കേരള കമ്പനി വഴി പ്ലാസ്റ്റിക് മദ്യക്കുപ്പികൾ ശേഖരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും വിജയിച്ചില്ല. തമിഴ്നാട്ടിൽ ഒരു ക്വാർട്ടർ കുപ്പി തിരിച്ചെടുക്കുമ്പോൾ ഉപഭോക്താവിന് മദ്യത്തിന്റെ ബില്ലിൽ 10 രൂപയുടെ കുറവ് ലഭിക്കും. ഫുൾബോട്ടിൽ മദ്യം പ്ലാസ്റ്റിക് കുപ്പിയിലാക്കാൻ 9 രൂപയും ചില്ലു കുപ്പിയിലാക്കാൻ 38 രൂപ ചെലവ് ആകുമെന്നാണ് മദ്യകമ്പനികൾ സർക്കാരിനെ അറിയിച്ചിരുന്നത്. കുപ്പി തിരികെ ലഭ്യമാക്കിയാൽ ഈ പരാതി മാറിക്കിട്ടും.
കേരളത്തിലെല്ലാം പ്ലാസ്റ്റിക്
തമിഴ്നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും ക്വാർട്ടർ (180 എം.എൽ) മദ്യംവരെ ചില്ലു കുപ്പിയിൽ നൽകുമ്പോൾ അതിനേക്കാൾ കൂടിയ വിലയ്ക്ക് മദ്യം വിൽക്കുന്ന കേരളത്തിൽ എല്ലാം പ്ലാസ്റ്റിക് കുപ്പിയിലാണ്. ക്വാർട്ടർ, പൈന്റ് (360) ബോട്ടിലുകൾ ഇപ്പോൾ ബെവ്കോയിൽ ഇല്ല. മദ്യ വിപണനം പൂർണമായും ചില്ല് കുപ്പിയിലാക്കാനുള്ള നടപടികളുടെ ഭാഗമായി പ്രാഥമികയോഗം ചേർന്നുവെന്നും കൂടുതൽ ചർച്ചയിലൂടെ നടപടിയിലേക്ക് കടക്കുമെന്നും എക്സൈസ് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |