കൊച്ചി: ചന്ദനനിറമുള്ള ഷർട്ടും കറുത്ത പാന്റും ധരിച്ച് നിറചിരിയോടെ വീൽചെയറിൽ പ്രിയതാരം ജഗതി ശ്രീകുമാർ 'അമ്മ' യോഗത്തിനെത്തി. അദ്ദേഹത്തിന്റെ കൈയിൽപിടിച്ച് സ്നേഹപൂർവം അമ്മ പ്രസിഡന്റ് മോഹൻലാൽ സ്വാഗതം ചെയ്‌തു. ചെവിയിൽ കുശലം പറഞ്ഞു. മോഹൻലാലിനെ കൈയുയർത്തി ജഗതി തലോടി. മലപ്പുറത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലായ ജഗതി, 13 വർഷത്തിനു ശേഷമാണ് താരസംഘടനയായ അമ്മയുടെ യോഗത്തിൽ പങ്കെടുത്തത്. മോഹൻലാൽ, കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
യോഗത്തിൽ മുൻനിരയിൽ വീൽചെയറിൽ അദ്ദേഹത്തെ ഇരുത്തി. മുതിർന്നവരും യുവാക്കളുമായ അഭിനേതാക്കൾ അടുത്തെത്തി ചേർത്തുപിടിച്ച് സ്‌നേഹവും ആദരവും പ്രകടിപ്പിച്ചു. നിറഞ്ഞ ചിരിയിലൂടെ അദ്ദേഹം എല്ലാവരോടും പ്രതികരിച്ചു. യോഗം നടന്ന കലൂരിലെ ഹോട്ടലിൽ ശനിയാഴ്ച തന്നെ ജഗതി കുടുംബസമേതം എത്തിയിരുന്നു. ഇന്നലെ രാവിലെ 11ന് മകനൊപ്പം കൺവെൻഷൻ സെന്ററിലെ യോഗ ഹാളിലേക്ക് എത്തി.
2012 മാർച്ച് 10ന് മലപ്പുറം ജില്ലയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്. അതിനുശേഷം അദ്ദേഹം അമ്മയുടെ യോഗത്തിൽ പങ്കെടുത്തിട്ടില്ല. അമ്മയുടെ അഡ്ഹോക് കമ്മിറ്റി ഭാരവാഹികൾ പ്രത്യേകം ക്ഷണിച്ചാണ് യോഗത്തിനായി അദ്ദേഹത്തെ കൊച്ചിയിൽ എത്തിച്ചത്.
ശ്രീനിവാസൻ എത്തി,
മധു ഓൺലൈനിൽ
ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയും വിശ്രമവുമായി തൃപ്പൂണിത്തുറ കുരീക്കാട്ട് താമസിക്കുന്ന നടൻ ശ്രീനിവാസനും അമ്മ യോഗത്തിനെത്തി. വേദിക്ക് മുന്നിൽ ജഗതി ശ്രീകുമാറിനരികിലാണ് ശ്രീനിവാസൻ ഇരുന്നത്. അമ്മയിലെ ഏറ്റവും മുതിർന്ന അംഗം മധു ഓൺലൈനിൽ തത്സമയം സംസാരിച്ചു. അമ്മയുടെ വളർച്ചയെ തടയാൻ അകത്തുള്ള ചിലർ ശ്രമിച്ചിട്ടും കഴിഞ്ഞിട്ടില്ലെന്ന് മധു പറഞ്ഞു. സംഘടനാബലവും സ്വാർത്ഥലാഭമില്ലാത്ത നേതൃത്വവുമാണ് അമ്മയുടെ ശക്തി. ആരോഗ്യപ്രശ്‌നങ്ങൾ മൂലം നേരിട്ടെത്താൻ കഴിഞ്ഞില്ലെങ്കിലും സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |