നടനും തമിഴക വെട്രി കഴകം പാർട്ടി സ്ഥാപകനുമായ വിജയ്‌യുടെ 51-ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആരാധകരും സിനിമാ പ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയത്. ഇതിൽ നടി തൃഷയുടെ ആശംസാ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
വിജയ്‌ക്കൊപ്പമുള്ള ഒരു ചിത്രമാണ് തൃഷ പങ്കുവച്ചിരിക്കുന്നത്. വിജയ്‌യുടെ കയ്യിൽ ഒരു വളർത്തുനായയുമുണ്ട്. അടുത്തിടെ തൃഷ ദത്തെടുത്ത് വളർത്താൻ തുടങ്ങിയ നായയാണിത്. 'ഇസ്സി' എന്നാണ് നായ്‌ക്കുട്ടിയുടെ പേര്. 'ഏറ്റവും മികച്ചയാൾക്ക് പിറന്നാൾ ആശംസകൾ' എന്ന തലക്കെട്ടോടെയാണ് തൃഷ ചിത്രം പങ്കുവച്ചിരിക്കുന്നത്. വിജയ്‌യുടെയും തൃഷയുടെയും ആരാധകർ ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
'പ്രിയപ്പെട്ടവർ', 'ഞങ്ങൾ കാത്തിരിക്കുകയായിരുന്നു, ലവ്‌ലി കപ്പിൾ', 'എന്താ ഇവിടെ നടക്കുന്നത് ',' പ്രിയപ്പെട്ടവർ', 'എന്നും വിജയ്‌യുടെ പിറന്നാൾ ആയിരുന്നെങ്കിൽ','കാലാതീതമായ കെമിസ്‌ട്രി', തുടങ്ങിയ കമന്റുകളാണ് തൃഷയുടെ പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.
ഗില്ലി, തിരുപ്പാച്ചി, ആദി, ലിയോ തുടങ്ങിയ ചിത്രങ്ങളിൽ വിജയ്‌യും തൃഷയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. വിജയ്‌യുടെ ചിത്രം 'ദ ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം'ൽ തൃഷ ഒരു ഗാനരംഗത്ത് എത്തിയിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആണ് വിജയ്‌യുടെ വരാനിരിക്കുന്ന ചിത്രം. 2026 ജനുവരി ഒമ്പതിനാണ് ചിത്രത്തിന്റെ റിലീസ്. പൂജ ഹെഗ്‌ഡേ, മമിത ബൈജു, ബോബി ഡിയോൾ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |