SignIn
Kerala Kaumudi Online
Wednesday, 09 July 2025 6.31 AM IST

'ജനങ്ങൾക്കുളള തെറ്റിദ്ധാരണ തിരുത്തും, ബോദ്ധ്യപ്പെടുത്തേണ്ട കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തും'; പ്രതികരിച്ച് എം സ്വരാജ്

Increase Font Size Decrease Font Size Print Page

m-swaraj

നിലമ്പൂ‌ർ: തിരഞ്ഞെടുപ്പിനെ ഒരു രാഷ്ട്രീയ പോരാട്ടമായി ചിത്രീകരിക്കാനാണ് യുഡിഎഫ് ശ്രമിച്ചതെന്ന് ഇടതുപക്ഷ സ്ഥാനാർത്ഥി എം സ്വരാജ്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനുളള കാരണം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. എൽഡിഎഫിനെ എതിർക്കുന്നവർ പലതരത്തിലുളള വിവാദങ്ങളും ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ടെന്നും സ്വരാജ് വ്യക്തമാക്കി. നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്വരാജ്.

'വിവാദങ്ങളെ ശക്തമായി നേരിടാൻ ഞങ്ങൾക്ക് സാധിച്ചു. എല്ലായ്‌പ്പോഴും ജനങ്ങളുടെ പ്രശ്നങ്ങളാണ് എൽഡിഎഫ് ഉയർത്തിപ്പിടിച്ചിട്ടുളളത്. ഞങ്ങളെ എതിർക്കുന്നവർ പലഘട്ടത്തിലും വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അതിൽ പതറിയിട്ടില്ല. വികസന കാര്യങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്യാനാണ് ഞങ്ങൾ ശ്രമിച്ചത്. പക്ഷെ ജനങ്ങൾക്ക് അത് മനസിലായോയെന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ സംശയമുണ്ട്. വരും ദിവസങ്ങളിൽ അത്തരം കാര്യങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും. അതിലൂടെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ട കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തും.

ഇനിയും ജനങ്ങൾക്കുവേണ്ടി കൂടുതൽ കരുത്തോടെ മുന്നോട്ട് പോകും. സർക്കാരിന്റെ ഭരണത്തിലൂടെ പല വലിയ മാ​റ്റങ്ങളും കേരളത്തിലുണ്ടായി. സർക്കാരിന്റെ ഭരണം വിലയിരുത്തി നടന്ന ഒരു തിരഞ്ഞെടുപ്പായി ഇതിനെ കാണാൻ സാധിക്കില്ല. ജനങ്ങൾക്കുളള തെ​റ്റിദ്ധാരണ തിരുത്തും. എല്ലാ തിരഞ്ഞെടുപ്പുകളിലും കൃത്യമായ രാഷ്ട്രീയം ശരിയായി വിലയിരുത്തപ്പെടണമെന്നുമില്ല. എല്ലാം പരിശോധിക്കും. നാടിനും ജനങ്ങൾക്കും വേണ്ടി ഇനിയും ശക്തമായി പ്രവർത്തിക്കും'- എം സ്വരാജ് പറഞ്ഞു.

TAGS: MSWARAJ, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER