തെരുവുനായ ആക്രമണവാർത്തകൾ മാദ്ധ്യമങ്ങളിൽ ഇടംപിടിക്കാത്ത ദിവസങ്ങൾ ഇന്ന് ചുരുക്കമാണ്. തെരുവു നായ്ക്കളുടെ ശല്യം അതിരൂക്ഷമായ സാഹചര്യത്തിലൂടെ കേരളം കടന്നുപോകുമ്പോൾ മനുഷ്യർ നേരിടുന്ന വലിയ വിപത്തുകളിലൊന്നായി ചുരുങ്ങിയ നാളുകൾക്കിടയിൽ തെരുവുനായ ശല്യവും മാറിയിരിക്കുന്നു. പുറത്തിറങ്ങിയാൽ ഭാഗ്യമുണ്ടെങ്കിൽ കടി കിട്ടാതെ രക്ഷപെടാം എന്നതാണ് നിലവിലെ അവസ്ഥ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ണൂർ നഗരത്തിൽ മാത്രം തെരുവുനായ ആക്രമണത്തിൽ കടിയേറ്റത് 75 പേർക്കാണെന്നത് അമ്പരപ്പിക്കുന്ന വസ്തുത. ഇത്തരത്തിൽ ചെറുതും വലുതുമായ നിരവധി സംഭവങ്ങൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അരങ്ങേറുമ്പോഴും ഫലപ്രദ നടപടി അകലെയാണ്.
തെരുവുനായ്ക്കളുടെ പ്രജനനം കുറയ്ക്കുക ലക്ഷ്യമിട്ട് കൊണ്ടുവന്ന വന്ധ്യംകരണ പദ്ധതിയായ എ.ബി.സി (അനിമൽ ബെർത്ത് കൺട്രോൾ) സംസ്ഥാനത്ത് വേണ്ടവിധം മുന്നോട്ടുപോവാത്തത് സ്ഥിതി കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. നേരത്തെ, കുടുംബശ്രീ പ്രവർത്തകർക്കായിരുന്നു തെരുവുനായകളെ വന്ധ്യംകരിക്കുന്നതിനുള്ള ചുമതല നൽകിയിരുന്നതെങ്കിലും വൈദഗ്ദ്ധ്യമുള്ളവരെ നിയോഗിക്കണമെന്ന് പറഞ്ഞ് ഹൈക്കോടതി വിലക്കുകയായിരുന്നു.
നായ്ക്കളെ പാർപ്പിക്കാൻ ഇടമില്ല
സംസ്ഥാനത്ത് വിവിധ ജില്ലകളിലും നായ്ക്കളെ പിടികൂടുന്നവരുണ്ടെങ്കിലും എണ്ണം പരിമിതമാണ്. മാത്രമല്ല, നായ്ക്കളെ പിടികൂടിയാൽ പാർപ്പിക്കാനുള്ള അഭയകേന്ദ്രങ്ങളുടെ എണ്ണവും കുറവാണ്. മലപ്പുറം ജില്ലയിൽ എ.ബി.സി കേന്ദ്രത്തിനായി അഞ്ച് വർഷമായിട്ടും സ്ഥലം കണ്ടെത്തിയിട്ടില്ല. തിരൂർ താലൂക്കിലെ നടുവട്ടം വില്ലേജിൽ സ്ഥലം കണ്ടെത്തിയതായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതർ നേരത്തെ അറിയിച്ചിരുന്നെങ്കിലും മതിയായ സ്ഥല സൗകര്യമില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. മങ്കടയിലെ കടന്നമണ്ണ മൃഗാശുപത്രിയ്ക്ക് സമീപവും സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും ജനവാസ മേഖലയായതിനാൽ എതിർപ്പുകൾ ഉയർന്നതോടെ പദ്ധതിയിൽ നിന്ന് പിന്മാറി. വണ്ടൂർ, ഊരകം, മൂർക്കനാട് ഗ്രാമപഞ്ചായത്തുകളിൽ എ.ബി.സി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ജില്ലാ മൃഗസംരക്ഷണ വകുപ്പ് നേരത്തെ നീക്കം നടത്തിയിരുന്നു. എന്നാൽ, കേന്ദ്രത്തിന്റെ നടത്തിപ്പ് ബാദ്ധ്യതയാവുമോ എന്നതും ഫണ്ട് ലഭ്യതയും തെരുവുനായകളെ കൂട്ടത്തോടെ ഒരിടത്തേക്ക് കൊണ്ടുവരുന്നത് ജനകീയ പ്രതിഷേധത്തിന് കാരണമാകാനുള്ള സാദ്ധ്യതയും ചൂണ്ടിക്കാണിച്ച് പഞ്ചായത്തുകൾ താത്പര്യം കാണിച്ചില്ല. ജില്ലയിൽ 18,000ത്തോളം തെരുവുനായകൾ ഉണ്ടെന്നാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. 2016ൽ ആരംഭിച്ച ജില്ലയിലെ തെരുവുനായ വന്ധ്യംകരണ പ്രവർത്തനങ്ങൾ 2020ൽ നിറുത്തുകയായിരുന്നു. ഈ കാലയളവിൽ 3,307തെരുവുനായകളെയാണ് വന്ധ്യംകരിച്ചത്. ഓപ്പറേഷൻ തിയേറ്റർ, പ്രീ ഓപ്പറേറ്റിംഗ് കെയർ, വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവുണങ്ങുന്നത് വരെ ശുശ്രൂഷിക്കാനായുള്ള പോസ്റ്റ് ഓപ്പറേറ്റിംഗ് കെയർ, ഡോക്ടർമാർക്ക് താമസിക്കാനുള്ള സൗകര്യം എന്നിവ സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ വർഷം ജില്ലയിൽ അമ്മയുടെ തോളിൽ കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ കടിച്ചത് ഉൾപ്പെടെ നിരവധി പേർക്ക് കടിയേറ്റ സംഭവവുമുണ്ടായി.
പ്രതിരോധം പ്രധാനം
പേവിഷബാധയുള്ള മൃഗങ്ങളുടെ കടിയോ മാന്തലോ നക്കലോ മൂലം മനുഷ്യർക്കും രോഗാബാധയുണ്ടാകാം. ഈ വൈറസ് പ്രധാനമായും ബാധിക്കുന്നത് തലച്ചോറിനെയാണ്. നായ്ക്കളിൽ നിന്നാണ് കൂടുതലും പേവിഷബാധ ഉണ്ടാകുന്നതെങ്കിലും പൂച്ച, പശു, ആട് എന്നീ മൃഗങ്ങളിലൂടെയും രോഗബാധയുണ്ടാവാം. തലവേദന, ക്ഷീണം, നേരിയ പനി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് വെളിച്ചം, വായു, വെള്ളം എന്നിവയോട് ഭയവും അനുഭവപ്പെടും. സാധാരണ രോഗലക്ഷണങ്ങൾ പ്രകടമാവാൻ രണ്ട് മുതൽ മൂന്നുമാസം വരെയെടുക്കും. ചിലപ്പോൾ ഒരാഴ്ച മുതൽ ഒരു വർഷം വരെയാകാം. വളർത്തു മൃഗങ്ങൾക്ക് പേവിഷബാധയ്‌ക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പ് നൽകുകയാണ് രോഗം തടയാനുള്ള പ്രധാന മാർഗം. നായ്ക്കൾ ജനിച്ച ശേഷം രണ്ടാം മാസം ആദ്യ ഡോസും മൂന്നാം മാസം രണ്ടാം ഡോസും നൽകണം. എല്ലാ വർഷവും പ്രതിരോധ ബൂസ്റ്റർ ഡോസ് വാക്സിനും നൽകണം. മൃഗങ്ങളെ പരിപാലിക്കുന്നവർ പേവിഷബാധയ്‌ക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണം.
മാലിന്യവും മറ്റു പ്രശ്നങ്ങളും
പൊതുജനങ്ങളുടെയും കച്ചവട സ്ഥാപനങ്ങളുടെയും അലക്ഷ്യമായ മാലിന്യ നിക്ഷേപവും അശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകളുമാണ് തെരുവുനായകളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണമാകുന്നത്. മാലിന്യങ്ങൾ നഗര കേന്ദ്രങ്ങളിൽ കുന്നുകൂടുമ്പോൾ ഇവ ഭക്ഷിക്കുന്നതിനായി തെരുവുനായകൾ തമ്പടിക്കും. ഭക്ഷണാവശിഷ്ടങ്ങൾ തെരുവിൽ കുമിയുന്തോറും ഈപ്രദേശത്ത് നായ്ക്കളുടെ എണ്ണവും കൂടുമെന്നതാണ് യാഥാർത്ഥ്യം. റോഡരികിൽ ചാക്കിൽക്കെട്ടി വലിച്ചെറിയുന്ന മാലിന്യങ്ങൾ നായ്ക്കൾ റോഡിലിട്ട് കടിച്ച് കീറുന്നത് പതിവാണ്.
അതുകൊണ്ടുതന്നെ, നാടെങ്ങും മാലിന്യക്കൂമ്പാരം പെരുകാതിരിക്കാനുള്ള നിരന്തര ശ്രദ്ധ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായേ തീരൂ. സ്‌കൂളുകളുടെ പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കൾ എത്തുന്നത് വിദ്യാർത്ഥികളെയും ആശങ്കയിലാക്കുന്നുണ്ട്. പേവിഷ പ്രതിരോധ വാക്ൻസിൻ എടുത്തിട്ടും പല നിർഭാഗ്യ സംഭവങ്ങളും നേരത്തെ ഉണ്ടായതിന്റെ
പശ്ചാത്തലത്തിൽ, വാക്സിന്റെ ഗുണനിലവാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉയരുന്ന ആശങ്കകളും പരിഹരിച്ചേ മതിയാവൂ.
നായ്ക്കളുടെ കടിയേറ്റാൽ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താനും ഇക്കാര്യങ്ങൾ വിശദീകരിച്ച് കൊണ്ടുള്ള ബോർഡുകൾ പ്രധാന ഭാഗങ്ങളിൽ സ്ഥാപിക്കാനും നഗരസഭകളുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകണം. വീട്ടിൽ വളർത്തുന്ന നായ്ക്കൾക്ക് പേവിഷബാധയില്ലെന്ന് ഉറപ്പ് വരുത്താൻ വേണ്ട നടപടികൾ ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |