നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമല്ല. എന്നാൽ അപ്രതീക്ഷിതമായ തിരഞ്ഞെടുപ്പാണ് അവിടെ നടന്നത്. എൽ.ഡി.എഫ് സ്വതന്ത്രനായി ജയിച്ച പി.വി. അൻവർ ഇടതു മുന്നണിയുമായി തെറ്റി രാജിവച്ചത് ഏതെങ്കിലും നയപരമായ നിലപാടിലുള്ള ഭിന്നതയുടെ പേരിലാണെന്ന് പറയാനാവില്ല. വ്യക്തിപരമായ ചില താത്‌പര്യങ്ങൾ ഹനിക്കപ്പെട്ടതിന്റെ പേരിലാണെന്നു വേണം കരുതാൻ. ഇടതു മുന്നണിയുമായോ മുഖ്യമന്ത്രിയുമായോ തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെയും എ.ഡി.ജി.പി അജിത്‌കുമാറിനെയുമാണ് താൻ എതിർക്കുന്നതെന്നും തുടക്കത്തിൽ നിലപാടെടുത്ത അൻവർ പിന്നീട് പിണറായിസത്തിനെതിരായാണ് താൻ പോരാടുന്നതെന്ന് പറയുകയായിരുന്നു. ഇതിൽത്തന്നെ ഒരു വൈരുദ്ധ്യം പ്രകടമാണ്.
കേരള രാഷ്ട്രീയത്തിൽ താൻപോരിമയുടെ പേരിൽ ഏതെങ്കിലുമൊരു മുന്നണി വിടുന്ന ഒരാൾക്കും എതിർ മുന്നണിയുടെ സഹായമില്ലാതെ ഒരു തിരഞ്ഞെടുപ്പു നേട്ടവും നിയമസഭാ മണ്ഡലങ്ങളിലെ ഇലക്‌ഷനിൽ നേടാനാവില്ലെന്നത് രാഷ്ട്രീയത്തിന്റെ ബാലപാഠം അറിയാവുന്നവർക്കു പോലും മനസിലാക്കാനാവുന്നതാണ്.
നിലമ്പൂരിൽ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും അത് സർക്കാരിന്റെ നിലനില്പിനെ ഒരുതരത്തിലും ബാധിക്കില്ല എന്നതിനാൽ അത്രയ്ക്കുള്ള പ്രസക്തിയേ ഈ ഉപതിരഞ്ഞെടുപ്പിന് രാഷ്ട്രീയ നിരീക്ഷകർ നൽകിയിട്ടുള്ളൂ. അൻവറിനാണ് ഏറ്റവും വലിയ നഷ്ടം സംഭവിച്ചിരിക്കുന്നത്. കൈയിലിരുന്ന സീറ്റ് നഷ്ടപ്പെട്ടെന്നു മാത്രമല്ല, അത് തന്റെ പ്രഖ്യാപിത രാഷ്ട്രീയ എതിരാളിക്ക് ലഭിക്കുകയും ചെയ്തു. എന്നാൽ 19,760 വോട്ട് നേടാനായതിലൂടെ നിലമ്പൂർ മണ്ഡലത്തിൽ താൻ പൂർണമായും അപ്രസക്തനല്ല എന്ന് അൻവറിന് തെളിയിക്കാനായി. ഒരുപക്ഷേ അൻവർ മത്സരിക്കാതിരുന്നെങ്കിൽ നിലമ്പൂരിലെ ഫലം എൽ.ഡി.എഫിന് അനുകൂലമായി മാറാനുള്ള സാദ്ധ്യത പോലും ഉണ്ടാകാമായിരുന്നു.
യു,.ഡി.എഫിനാകട്ടെ, അൻവറിന്റെ സഹായമില്ലാതെതന്നെ സ്വന്തം നിലയിൽ ആര്യാടൻ ഷൗക്കത്തിനെ 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചു എന്നതിൽ അഭിമാനിക്കാം. മാത്രമല്ല, അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തങ്ങൾക്ക് അനുകൂലമായി മാറുമെന്ന പ്രചാരണത്തിന്റെ കേളികൊട്ടായി നിലമ്പൂർ ഫലത്തെ അവതരിപ്പിക്കാനുമാകും. നിലമ്പൂർ പൊതുവെ യു.ഡി.എഫ് അനുകൂല മണ്ഡലമായാണ് കണക്കുകൂട്ടപ്പെടുന്നതെങ്കിലും കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ഈ മണ്ഡലത്തിൽ പരാജയം രുചിക്കേണ്ടിവന്നിരുന്നു. 2016-നു ശേഷം ഇപ്പോഴാണ് മണ്ഡലത്തിൽ ഒരു യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിക്കുന്നത്. അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തിന് പ്രധാന വിലങ്ങുതടിയായത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ എതിർപ്പായിരുന്നു. നിയമസഭയിൽ വി.ഡി. സതീശനെതിരെ, അദ്ദേഹത്തിന്റെ മണ്ഡലത്തിൽ പ്രവാസികളുടെ സഹായത്തോടെ പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് 150 കോടിയുടെ അഴിമതിയാണ് അൻവർ നിയമസഭയിൽ ആരോപിച്ചത്.
ഒരു പത്രസമ്മേളനത്തിലാണ് അൻവർ ഈ ആരോപണം ഉന്നയിച്ചിരുന്നതെങ്കിൽ വി.ഡി. സതീശന് കേസ് കൊടുക്കാമായിരുന്നു. നിയമസഭയിലായതിനാൽ അതു പറ്റില്ല. അതിന്റെ വിരോധം കൂടി അൻവറിന്റെ യു. ഡി.എഫിലേക്കുള്ള പ്രവേശനകവാടം തടഞ്ഞതിൽ ഉണ്ടായിരിക്കുമെന്നും അനുമാനിക്കാം. എന്തായാലും സതീശന്റെ നിലപാട് യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും പ്രതിച്ഛായ മെച്ചപ്പെടുത്താൻ സഹായകമായി എന്നു കരുതാം.
അൻവറിന്റെ രാജിയോടെ നിലമ്പൂർ തിരിച്ചുപിടിക്കുക എളുപ്പമല്ലെന്ന് ബോദ്ധ്യമുണ്ടെങ്കിലും ശക്തനായ യുവ നേതാവായ സ്വരാജിനെ രംഗത്തിറക്കിയതിലൂടെ നല്ല മത്സരമാണ് എൽ.ഡി.എഫും കാഴ്ചവച്ചത്. നിലമ്പൂരിൽ ലഭിച്ചത് ഭരണവിരുദ്ധ വികാരത്തിന്റെ ഭാഗമായുള്ള വോട്ടാണെന്ന് കരുതാനാകില്ല. എൽ.ഡി.എഫ് സ്ഥാനാർത്ഥി 66,660 വോട്ട് പിടിച്ചത് മണ്ഡലത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ ചെറിയ കാര്യമല്ല. എൻ.ഡി.എ സ്ഥാനാർത്ഥി മോഹൻ ജോർജിന് 8648 വോട്ടുകളാണ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |