പാമ്പുകളിലെ രാജാവെന്നാണ് രാജവെമ്പാല (കിംഗ് കോബ്ര) അറിയപ്പെടുന്നത്. ആകാരവും നീളവും ഒക്കെ കൊണ്ട് തന്നെ മറ്റ് പാമ്പുകളില്‍ നിന്ന് വ്യത്യസ്തനാണ് കക്ഷി. എന്നാല്‍ ലോകമെമ്പാടും കാണപ്പെടുന്ന രാജവെമ്പാലകള്‍ ഒരുപോലെയല്ലെന്നാണ് കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയത്. നിറത്തിന്റെ കാര്യത്തിലേക്ക് വന്നാല്‍ കറുപ്പിലോ ബ്രൗണിലോ ആണ് കൂടുതലായും കാണപ്പെടുന്നത്. ചുറ്റിലും മഞ്ഞ, വെളുപ്പ് നിറത്തിലുള്ള വളയങ്ങളോടുകൂടിയും അല്ലാതെയും കാണപ്പെടുന്നവയുമുണ്ട്.
രാജവെമ്പാലകള്‍ ഒറ്റ ഇനമാണെന്നാണ് കാലങ്ങളായി കരുതപ്പെട്ടത്. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട പഠനത്തില്‍ നിന്നാണ് ഇവ നാല് സ്പീഷ്യസാണെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. അതില്‍ തന്നെ കേരളത്തില്‍ കാണപ്പെടുന്ന രാജവെമ്പാലയ്ക്ക് മാത്രമുള്ള പ്രത്യേകതകളുണ്ട്. പശ്ചിമഘട്ടത്തില്‍ ഉള്‍പ്പെടുന്ന നമ്മുടെ സംസ്ഥാനത്ത് കാണപ്പെടുന്ന രാജവെമ്പാലകള്‍ ഈ പ്രദേശത്ത് അല്ലാതെ ലോകത്ത് മറ്റൊരിടത്തും കാണാന്‍ സാധിക്കില്ല.
ഒഫിയോഫാഗസ് കലിംഗ എന്നാണ് പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന രാജവെമ്പാലകള്‍ക്ക് പേരിട്ടിരിക്കുന്നത്. കന്നഡയില്‍ കറുത്തത് എന്ന അര്‍ത്ഥം വരുന്ന വാക്കില്‍ നിന്നാണ് ഈ പേര് നല്‍കിയിരിക്കുന്നത്. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന രാജവെമ്പാലകള്‍ നല്ല കറുത്ത നിറത്തിലുള്ളവയാണ്. ഇണചേരല്‍ കാലത്ത് നമ്മുടെ നാട്ടിലെ രാജവെമ്പാലകളിലെ ആണ്‍ പാമ്പുകള്‍ അത്ര കറുത്ത നിറത്തില്‍ അല്ല കാണപ്പെടുന്നത്. എന്നാല്‍ പെണ്‍ പാമ്പുകളെ നല്ല എണ്ണക്കറുപ്പിലാണ് കാണാന്‍ സാധിക്കുക. നല്ല വ്യക്തമായി തന്നെ വളയങ്ങള്‍ കാണാന്‍ കഴിയുകയും ചെയ്യും.
2012ല്‍ ആരംഭിച്ച ഇവയുടെ സ്പീഷിസുകളെക്കുറിച്ചുള്ള പഠനത്തില്‍ നിര്‍ണായക കണ്ടെത്തലാണ് ഉണ്ടായിട്ടുള്ളത്.നാല് തരം രാജവെമ്പാലകളാണുള്ളതെന്ന് ഗവേഷണ തലവന്‍ പി.ഗൗരി ശങ്കര്‍ പറഞ്ഞു. ബ്രിട്ടീഷ് നാച്ചുറലിസ്റ്റ് തോമസ് കാന്റോര്‍ 1836ല്‍ ആണ് രാജവെമ്പാലയെ ഒരേ സ്പീഷിസായി കണ്ടെത്തിയത്. തെക്കുപടിഞ്ഞാറേ ഇന്ത്യയില്‍ ഉള്ളരാജവെമ്പാലയാണ് ആദ്യ ഇനം, വടക്കുകിഴക്കേ ഇന്ത്യ, കിഴക്കന്‍ പാകിസ്ഥാന്‍, ഇന്ത്യ-ചൈന അതിര്‍ത്തി, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍ ഉള്ളത് ആദ്യ ഇനമാണ്.
മലായ് പെനിന്‍സുല, മലേഷ്യന്‍ ഇന്തോനേഷ്യന്‍ വിഭാഗം മറ്റൊരു വിഭാഗമാണ്. 40 വലയങ്ങള്‍ മാത്രം ശരീരത്തിലുള്ള, പാമ്പുകളെ പിടികൂടി കൊല്ലുന്ന പശ്ചിമഘട്ട രാജവെമ്പാലകള്‍. 50 മുതല്‍ 70 വലയങ്ങളുള്ള രാജവെമ്പാലകളുമുണ്ട്. സുന്‍ഡ ദ്വീപിലെ രാജവെമ്പാലയ്ക്ക് 70 ലധികം വലയമുണ്ട്. എന്നാല്‍ ഫിലിപ്പൈന്‍സില്‍ കാണപ്പെടുന്ന രാജവെമ്പാലയ്ക്ക് വളയങ്ങളില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |