മാനവരാശിയുടെ നന്മയും ഒരുമയുമാണ് യുഗപ്രഭാവനായ ശ്രീനാരായണഗുരു ലക്ഷ്യം വച്ചത്. ജ്ഞാനപ്രകാശത്തിൽ ലോകമെങ്ങും ആ സന്ദേശമഹിമ പരത്താനാണ് അദ്ദേഹം തന്റെ ആയുസും വപുസും വിനിയോഗിച്ചത്. ഗുരുദേവ ദർശനവും സന്ദേശങ്ങളും കാലാതിവർത്തിയാണ്. വികസിത ഭാരതം ഇനി ഗുരുദേവനിലൂടെ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ ആ സന്ദേശങ്ങളുടെ വർത്തമാനകാല പ്രസക്തിയും വരുംകാല പ്രതീക്ഷയും വർദ്ധിപ്പിക്കുന്നു. ശിവഗിരിയിൽ ഗുരു - ഗാന്ധിജി കൂടിക്കാഴ്ച നടന്നതിന്റെ ശതാബ്ദിയാഘോഷം രാജ്യതലസ്ഥാനത്ത് ഉദ്ഘാടനം ചെയ്യവേ കേന്ദ്ര സർക്കാരിന്റെ നിർണായകമായ പല തീരുമാനങ്ങളും ഗുരുദേവ സന്ദേശങ്ങളെ അടിസ്ഥാനമാക്കിയാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
രാജ്യത്തിനും സമൂഹത്തിനും വേണ്ടി സേവനമനുഷ്ഠിക്കുന്നവർക്ക് ഗുരുദേവൻ വഴികാട്ടിയാണ്. ഐക്യം, സമത്വം, സത്യം, സേവനം, സൽസ്വഭാവം എന്നിവയിലായിരുന്നു ഗുരുദേവന്റെ ബോദ്ധ്യം. ഇതിനെ അടിസ്ഥാനമാക്കിയാണ് സർക്കാർ 'എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം" എന്ന മുദ്രാവാക്യം ആവിഷ്കരിച്ചതെന്നും മോദി വെളിപ്പെടുത്തി. ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള പാതയിൽ ഗുരുദേവ ദർശനം നിർണായകമാണെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ വികസനത്തിലും സമാധാനത്തിലുമുള്ള ഗുരുദേവന്റെ ദീർഘദർശനങ്ങളെ ഓർമ്മപ്പെടുത്തുന്നു. ഒരു നൂറ്റാണ്ടുമുമ്പ് ശിവഗിരിയിൽ മഹാത്മാഗാന്ധി ഗുരുദേവനെ സന്ദർശിക്കാനെത്തുമ്പോൾ രാജ്യം സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു. ഗുരുവുമായുള്ള കൂടിക്കാഴ്ച ഗാന്ധിജിയുടെ പല ചിന്താഗതികളെയും സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്തു. അയിത്തം, അനാചാരങ്ങൾ എന്നിവയ്ക്കെതിരെയുള്ള സമരവും ഗാന്ധിജിയെ ബോദ്ധ്യപ്പെടുത്താൻ ഈ കൂടിക്കാഴ്ച സഹായിച്ചു.
ഒരു നൂറ്റാണ്ടിനുശേഷം, രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി തന്നെ മനുഷ്യരാശിക്കു ലഭിച്ച ഏറ്റവും വലിയ സമ്പത്ത് ഗുരുദേവന്റെ ആദർശങ്ങളാണെന്ന് ചൂണ്ടിക്കാട്ടുമ്പോൾ ആ ചരിത്ര സമാഗമത്തിന്റെ പ്രസക്തിക്ക് മാറ്റുകൂടുന്നു.
ശിവഗിരി മഠവുമായി തനിക്ക് ഏറെ ആത്മബന്ധമുണ്ടെന്നും മോദി സൂചിപ്പിക്കുകയുണ്ടായി. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന തത്ത്വചിന്ത ഇന്ത്യയുടെ നാഗരിക ധാർമ്മികതയുടെ അടിത്തറയാണ്. അത് ആഗോള തലത്തിലേക്ക് വികസിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുരുദേവന്റെ തിളക്കമാർന്ന ജീവിതമുഹൂർത്തങ്ങൾ വിപുലമായി ആഘോഷിക്കുന്ന ശിവഗിരി മഠത്തിന്റെ യത്നങ്ങൾ അഭിനന്ദനാർഹമാണ്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിലുള്ള സന്യാസിമാരും ഡൽഹിയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളും മറ്റു സംഘടനകളും വിവിധ നേതാക്കളും ഡൽഹിയിൽ നടന്ന ശതാബ്ദി ആഘോഷത്തിൽ സജീവമായി പങ്കെടുക്കുകയുണ്ടായി.
ശിവഗിരി മഠം വത്തിക്കാനിൽ നടത്തിയ ലോക മതപാർലമെന്റ് ചരിത്രസംഭവമായി മാറി. ക്രിസ്‌തുദേവന്റെ ശാന്തിസന്ദേശങ്ങളും ഗുരുദേവന്റെ ഏകലോക ദർശനവും വത്തിക്കാൻ കുന്നിൽ സമ്മേളിച്ചപ്പോൾ അത് ലോകത്തിനുതന്നെ പുതിയ ദിശാബോധം നൽകി. അതുപോലെ, തലസ്ഥാനത്തു നടന്ന ഗുരു - ഗാന്ധിജി കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷവും ലോക സമാധാനത്തിന് പുതിയ പ്രത്യാശ പകരുന്നു. മഹാത്മാഗാന്ധിയെയും മഹാഗുരുവിനെയും അവരുടെ കർമ്മപഥത്തെയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനും താരതമ്യ പഠനം നടത്താനും ഇത്തരം ആഘോഷങ്ങൾ ഉപകരിക്കും. മഹത്തായ ആ ദർശനവും വചനങ്ങളും പ്രകാശംപോലെ താനേ പരക്കും. അതിനെ തടയാൻ ആർക്കുമാകില്ല. രണ്ടു ഗിരിശൃംഗങ്ങൾ പോലുള്ള ഗുരുദേവ - ഗാന്ധിജി സംഗമത്തിന്റെ ശാന്തിസൗരഭ്യം ഇനിയും നൂറ്റാണ്ടുകളിലേക്ക് പ്രസരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |