കോട്ടയം: ''കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിൽ നിന്ന് ചവിട്ടി പുറത്താക്കിയതാണ്. നിലമ്പൂർ സീറ്റ് ഇടതുമുന്നണിക്ക് നഷ്ടപ്പെട്ടതിന്റെ പേരിൽ തിരികെ യു.ഡി.എഫിലേക്കില്ല''. യു.ഡിഎഫ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി കേരള കോൺഗ്രസിനെ തിരികെ കൊണ്ടുവരുമെന്ന ഉന്നത യു.ഡി.എഫ് നേതാക്കളുടെ അഭിപ്രായത്തോട് ചെയർമാൻ ജോസ് കെ.മാണി കേരളകൗമുദിയോട് പ്രതികരിച്ചു.
''ഞങ്ങൾ കൂടി ചെന്നാൽ യു.ഡി.എഫ് ശക്തിപ്പെടുമെന്ന് വിചാരിക്കുന്ന നിരവധി നേതാക്കൾ അപ്പുറത്തുണ്ടാകാം. അവർ പലപ്പോഴും ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ഞങ്ങൾ ആരുമായും ചർച്ച നടത്തിയിട്ടില്ല. മാണിസാർ പണ്ട് പറഞ്ഞതുപോലെ കേരള കോൺഗ്രസ് എന്ന സുന്ദരിയുടെ പിറകേ എപ്പോഴും നടക്കാൻ ആളുകളുണ്ട്, എന്തു ചെയ്യാം എന്ന മറുപടിയേ നൽകാനുള്ളൂ. പണ്ട് അപമാനിച്ചു പുറത്താക്കിയവർക്ക് വീണ്ടുവിചാരമുണ്ടായി പാർട്ടിയുടെ ശക്തി ഇപ്പോഴെങ്കിലും അംഗീകരിച്ചതിൽ സന്തോഷമുണ്ട്''- ജോസ് പറഞ്ഞു.
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിലാണ് പാർട്ടി. വാർഡു തലത്തിൽ നേരത്തേ കമ്മിറ്റികൾ രൂപീകരിച്ച് താഴെത്തട്ടിൽ പ്രവർത്തനം ശക്തമാക്കി. സ്ഥാനാർത്ഥികളെ നേരത്തേ തീരുമാനിക്കും. യുവാക്കൾക്ക് കൂടുതൽ പ്രാതിനിദ്ധ്യം നൽകും. ഇന്ന് കോട്ടയത്ത് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നുണ്ട്. പ്രധാന അജൻഡ തദ്ദേശ തിരഞ്ഞെടുപ്പാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പും ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഇടതു മുന്നണിയിൽ
അർഹമായ പരിഗണന
നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജയിച്ചതുകൊണ്ട് ഇടതു മുന്നണിയുടെ ശക്തി ചോർന്നതായി കരുതുന്നില്ലെന്ന് ജോസ് കെ.മാണി പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് തോൽവി കണ്ട് നിലപാട് മാറ്റുന്ന പാർട്ടിയല്ല. ഇടതു മുന്നണിയിൽ അർഹമായ പരിഗണന ലഭിക്കുന്നുണ്ട്. മുന്നണി മാറേണ്ട ഒരു സാഹചര്യവുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |