കളമശേരി: കേന്ദ്രസർക്കാരിന്റെ പുനരുദ്ധാരണ പാക്കേജിൽ പ്രതീക്ഷയർപ്പിച്ച് എച്ച്.എം.ടി. നീതി ആയോഗ് അംഗം വിജയകുമാർ സാരസ്വതിന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ 18 ന് ബംഗളൂരുവിലെ കോർപ്പറേറ്റ് ഹെഡ് ഓഫീസിൽ നടന്ന ചർച്ചയാണ് കാരണം. പുനരുദ്ധാരണ പാക്കേജുമായി ബന്ധപ്പെട്ട സമിതിയുടെ ചെയർമാനും ഇദ്ദേഹമാണ്.
ആഗസ്റ്റിൽ കേന്ദ്ര ഉരുക്ക് ഘന വ്യവസായ മന്ത്രി എച്ച്.ഡി കുമാരസ്വാമി എച്ച്.എം. ടി കളമശേരി യൂണിറ്റ് സന്ദർശിച്ചതിന്റെ തുടർച്ചയാണ് പുതിയ നീക്കങ്ങൾ. അടിസ്ഥാന എൻജിനീയറിംഗ് വ്യവസായമായ മെഷീൻടൂൾസ് 1953 ലാണ് തുടങ്ങിയത്. ലോക വിസ്മയമായി മാറിയ എച്ച്.എം.ടി. വാച്ച്, ട്രാക്ടർ, ബൾബ് , ട്യൂബ് തുടങ്ങി ലോക ബ്രാൻഡായി മാറിയ കമ്പനി ഉയിർത്തെഴുന്നേൽക്കാൻ ഒരു കൈത്താങ്ങ് മതി.
പ്രതീക്ഷ
• 2017 ലെ ശമ്പളപരിഷ്കരണം
• വിരമിക്കൽ പ്രായം 58 ൽ നിന്ന് 60 ആയി ഉയർത്തും
• ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചു
• 5 യൂണിറ്റുകളിൽ കളമശേരി, ഹൈദരാബാദ്, ബംഗളൂരു യൂണിറ്റുകൾ നിലനിർത്തും . രാജസ്ഥാൻ, ഔറംഗാബാദ് യൂണിറ്റുകൾക്ക് പൂട്ടു വീണേക്കും
• സ്ഥിരം സി.എം.ഡി.
• പുതിയ നിയമനങ്ങൾ
വെല്ലുവിളികൾ
• അഞ്ച് യൂണിറ്റുകളിലായി 32,000 ജീവനക്കാരുണ്ടായിരുന്ന സ്ഥാപനത്തിൽ ഇന്ന് 555 പേർ മാത്രം. കളമശേരിയിൽ 120 ജീവനക്കാർ, 250 കരാർ തൊഴിലാളികൾ, 33 സെക്യൂരിറ്റി ജീവനക്കാർ, കാന്റീനിൽ സ്ഥിരം ജീവനക്കാരില്ല
• സ്ഥിരം സി.എം.ഡിയും ,ജനറൽ മാനേജരും ഇല്ല . ബി.എച്ച്. ഇ.എൽ ചെയർമാനാണ് അധിക ചുമതല.
• യന്ത്രോപകരണങ്ങൾ വിറ്റ വകയിൽ വിവിധ സംസ്ഥാന സർക്കാരുകളിൽ നിന്ന് പണം കിട്ടാൻ വൈകുന്നു
• ഫണ്ട് ക്ഷാമം. ഓർഡറുകൾക്ക് അഡ്വാൻസ് ലഭിക്കുന്നില്ല
• മാർക്കറ്റിംഗ് സ്റ്റാഫില്ല.
മിസൈലിൽ
വിജയമുദ്ര
ആയുധ, മിസൈലുകൾ നിർമ്മാണത്തിന് ഷെൽ ടേൺ കമ്പ്യൂട്ടർ അധിഷ്ഠിത യന്ത്രം നൽകുന്നത് എച്ച്.എം.ടിയാണ്. ഗുണമേന്മയുള്ള പ്രിന്റിംഗ് പ്രസ്, ലെയ്ത്ത് നിർമ്മാണം എന്നിവയുണ്ട്. ട്രെയിനുകളുടെ പഴയ ചക്രങ്ങൾ റീ പ്രൊഫൈലിംഗ് നടത്തി മേന്മയുള്ളതാക്കാൻ കമ്പ്യൂട്ടർ ന്യൂമെറിക്കൽ കൺട്രോൾ സർഫസ് വീൽ ലെയ്ത്ത് വികസിപ്പിച്ചു.
പുനരുദ്ധാരണ പാക്കേജ് വേഗത്തിൽ നടപ്പാക്കണം. കേന്ദ്രമന്ത്രി പ്രഖ്യാപിച്ച പാക്കേജിന്റെ പ്രതീക്ഷയിലാണ് ജീവനക്കാർ.
കൃഷ്ണദാസ് പി., സെക്രട്ടറി എച്ച്.എം.ടി. എംപ്ലോയീസ് യൂണിയൻ (സി.ഐ. ടി. യു )
എച്ച്.എം.ടി യെ പുനരുദ്ധരിക്കുവാനുള്ള ആത്മാർത്ഥമായ നീക്കം പ്രതീക്ഷയോടെ കാണുന്നു. സ്ഥാപനം നിലനിർത്താൻ എല്ലാ ശ്രമങ്ങളും നടത്തും.
ടി.ജി.ശ്രീജേഷ്, ജനറൽ സെക്രട്ടറി, ബി.എം.എസ് യൂണിയൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |