ഊടും പാവും നെയ്തെടുത്ത കോടിമുണ്ടിന്റെ മണമാണ് ബാലരാമപുരത്തെ ശാലി ഗോത്ര തെരുവെന്ന ഒറ്റത്തെരുവിലാകെ. പുറത്ത് നിരത്തിവച്ച പുടവകൾ പോക്കുവെയിലേറ്റ് പൊന്നുപോൽ മിന്നും. പാരമ്പര്യവും കുലത്തൊഴിലും ജീവിതവ്രതമാക്കിയ കുറച്ച് മനുഷ്യർ ആ സായാഹ്നത്തിൽ തെരുവോരങ്ങളിലിരുന്ന് ഇന്നലെകൾ ഓർത്തെടുക്കും. ഒരു നൂലിഴയിൽ നിന്ന് സ്വപ്നം പോലൊരു കോടി നെയ്തെടുത്ത് കച്ചവടം നടത്തിയവരാണ് അവരുടെ കഥയിലെ നായകന്മാർ. ഒന്നുമില്ലായ്മയിൽ നിന്ന് വലിയൊരു സാമ്രാജ്യം വെട്ടിപ്പിടിച്ചവർ. ഇക്കൂട്ടത്തിൽ ചരിത്രത്തിന്റെ താളുകളിൽ ഒളിമങ്ങാതെ ബാലരാമപുരത്തുകാർ മന്ത്രിക്കുന്ന പേരാണ് നടരാജപ്പട്ടർ സൺ കണ്ണൻ ഹാൻഡ്ലൂമിന്റേത്. മദ്ധ്യമാവധി രാഗത്തിലെ സംഗീതമാണ് കടയ്ക്കുള്ളിൽ പ്രവേശിക്കുന്നവരെ ആനയിക്കുന്നത്. പാട്ടുപോലെ ദൈവീകമായൊരു അനുഭീതി എങ്ങും അലയടിക്കും. 104 വർഷമായി തലയെടുപ്പോടെ നിലനിൽക്കുന്ന സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ഉടമ ആർ. നടരാജൻ എന്ന നാട്ടുകാരുടെ സ്വന്തം കണ്ണനാണ്. സ്ഥാപനത്തിന്റെ വളർച്ചയെക്കുറിച്ച് ചോദിച്ചാൽ നടരാജൻ, തിരുവള്ളൂരിന്റെ വരികൾ ഉരുവിടും. 'ചെയ്യും തൊഴിലേ ദൈവം.' കഠിനാദ്ധ്വാനത്തിൽ മുറുകെപ്പിടിച്ച കണ്ണൻ ഹാൻഡ്ലൂമിന്റെ ചരിത്രത്തെക്കുറിച്ച് ആർ. നടരാജൻ കേരളകൗമുദിയോട് മനസുതുറക്കുന്നു.
ചരിത്രം
1910ലാണ് അച്ഛന്റെ അച്ഛനായ എസ്. നടരാജപ്പട്ടർ കൈത്തറി വ്യവസായത്തിന് തുടക്കമിടുന്നത്. നാഗർകോവിൽ വടശേരി സ്വദേശിയായ അദ്ദേഹം അവിടെ നിന്ന് കാളവണ്ടിയിലാണ് സാധനങ്ങൾ തിരുവനന്തപുരം ബാലരാമപുരത്ത് കൊണ്ടുവന്ന് കച്ചവടം നടത്തിയത്. ആദ്യം ബന്ധുവിന്റെ വീട്ടിലാണ് സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. 1916ൽ ബാലരാമപുരത്ത് ഇപ്പോഴുള്ള കെട്ടിടത്തിന്റെ സ്ഥലം വാങ്ങി. 1921ൽ പത്താം ഉദയത്തിലെ ശുഭമുഹൂർത്തത്തിലായിരുന്നു പാലുകാച്ചൽ. അന്നാണ് സ്ഥാപനത്തിന്റെ പേര് ബോർഡ് വച്ച് കച്ചവടം തുടങ്ങുന്നത്. എസ്. നടരാജപ്പട്ടർ ക്ലോത്ത് സ്റ്റോർ എന്നായിരുന്നു സ്ഥാപനത്തിന്റെ ആദ്യ പേര്. അദ്ദേഹം കുടുംബത്തിലെ ഹീറോ ആയിരുന്നു. ധാരാളം വായിക്കും. പുസ്തകങ്ങൾ എഴുതും. പരമസാത്വികനായ മനുഷ്യൻ. അദ്ദേഹം എഴുതിയ ഒരു പുസ്തകം അന്നത്തെ ദിവാൻ സർ സി.പി.രാമസ്വാമി അയ്യർക്ക് അയച്ചുകൊടുത്തു. 'താങ്കൾ നടരാജ പട്ടർ അല്ല നടരാജ ഭാരതീയർ ആണെന്നായിരുന്നു..'അന്ന് സർ സി.പി നൽകിയ മറുപടി..' 1921ൽ പാലുകാച്ചിയ വീട്ടിൽ തന്നെയാണ് ഇന്നും കണ്ണൻ ഹാൻഡ്ലൂം പ്രവർത്തിക്കുന്നത്.
അനുഗ്രഹീതമായ കുടുംബം
മണത്ത് നോക്കി മുണ്ടിന്റെ മുഴം പറയുന്ന ആളായിരുന്നു അപ്പൂപ്പൻ. ഇന്ന് എല്ലാം കാൽക്കുലേറ്റർ വഴിയാണല്ലോ. അപ്പൂപ്പൻ തുടങ്ങിവച്ച പല കാര്യങ്ങളും ഇന്ന് എനിക്കും ചെയ്യാൻ പറ്റുന്നുണ്ട്. അന്ന് അദ്ദേഹം ചെയ്ത പൗർണമി പൂജ ഇന്ന് ഞാനും ചെയ്യുന്നു. ഇത്രയും പാരമ്പര്യമുള്ള കുടുംബത്തിന്റെ അമരക്കാരനാവാനായത് വലിയ അനുഗ്രഹമായി കണക്കാക്കുന്നു. അപ്പൂപ്പന്റെ അച്ഛൻ മുരുകൻ ജ്ഞാനിയാർ സമാധിയായിരുന്നു. അപ്പൂപ്പൻ സമ്പാദിച്ചതും അദ്ദേഹത്തിന്റെ പേരും ഇന്നും നിലനിൽക്കുന്നു. കണ്ണൻ ഹാൻഡ്ലൂമിന്റെ കെട്ടിടത്തിൽ അപൂർവങ്ങളായ നിരവധി ചിത്രങ്ങളുണ്ട്. ഇവ പൂർവികരുടെ സംഭാവനയാണ്. ശ്രീരാമന്റെ പട്ടാഭിഷേകത്തിന്റെ യഥാർത്ഥ ചിത്രം ഇവിടെയുണ്ട്. രാമരാവണയുദ്ധം എങ്ങനെ നടന്നെന്ന് ഈ ചിത്രത്തിൽ കാണാം.
തലമുറകളിലേയ്ക്ക്
അപ്പൂപ്പന്റെ രണ്ടാമത്തെ മകനാണ് എന്റെ അച്ഛൻ രാമസ്വാമി. അച്ഛന്റെ ഇരട്ടസഹോദരന്റെ പേര് ലക്ഷ്മണൻ എന്നായിരുന്നു. 1944ൽ അപ്പൂപ്പൻ നാഗർകോവിൽ പുത്തേരി ആശുപത്രിയിൽ മരണപ്പെട്ടു. അച്ഛൻ അന്ന് എസ്.എസ്.എൽ.സിക്ക് പഠിക്കുകയായിരുന്നു. വല്യച്ഛൻ ശിവതാണു നടരാജപ്പട്ടർ അന്ന് സ്ഥാപനം നടത്താൻ തുടങ്ങി. അച്ഛൻ സഹായിയായി. തുടർന്ന് നടരാജ പട്ടർ ആൻഡ് സൺസ് എന്ന് സ്ഥാപനത്തിന്റെ പേര് മാറി. 1986ലാണ് ഞാൻ ഇതിലേയ്ക്ക് വരുന്നത്. വല്യച്ഛൻ മരണപ്പെട്ടതോടെ 1989ൽ ബിസിനസ് അച്ഛനും ഞാനും ഏറ്രെടുത്തു. ഞാനാണ് മൂത്തമകൻ. എന്റെ സഹോദരൻ കണ്ണൻ 13-ാം വയസിൽ മരണപ്പെട്ടു. സഹോദരന്റെ ഓർമ്മയ്ക്കാണ് കണ്ണൻ ഹാൻഡ്ലൂം എന്ന് കടയ്ക്ക് പേരിട്ടത്. ഇന്നും പലരും എന്നെ കണ്ണൻ എന്നാണ് വിളിക്കുന്നത്. അത് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നും. ഏറ്റവും ഇളയ സഹോദരി ഗായത്രി.
വിജയമന്ത്രം
സത്യസന്ധതയും സുതാര്യതയും എല്ലാ ഘട്ടത്തിലും മുറുകെപ്പിടിച്ചു. കഠിനാദ്ധ്വാനത്തിനും ആത്മാർത്ഥതയ്ക്കും വിട്ടുവീഴ്ച ചെയ്തില്ല. തളർന്നപ്പോൾ ശക്തി തന്നത് എന്റെ കുഞ്ഞിനെപ്പോലെ കരുതുന്ന ബാലക്കുട്ടിയും(ബാലത്രിപുര സുന്ദരി ദേവി) പോത്തൻകോട് ചിന്താലയ ആശ്രമത്തിലെ അലയ്സ്വാമിയും ആണ്. ബാലക്കുട്ടിയെ കുടുംബദൈവമായും അലയ്സ്വാമിയെ കുലദൈവമായും കരുതിപ്പോരുന്നു. അവരുടെ അനുഗ്രഹമാണ് മുന്നോട്ടുനയിക്കുന്നത്. ഒന്നും പെട്ടെന്ന് നേടിയതല്ല. ബിസിനസ് വളരുന്നതിനനുസരിച്ച് സ്ഥാപനങ്ങൾ വിപുലപ്പെടുത്തി. അമ്മൂമ്മയുടെ പേര് ശിവകാമി അമ്മാളെന്നും അമ്മയുടെ പേര് ശിവകാമിയെന്നും ആയിരുന്നു. അത് രണ്ടും ചേർത്ത് ശിവകാമി ഹാൻഡ്ലൂം ആൻഡ് ഖാദി ഭവൻ എന്ന സ്ഥാപനം 1997ൽ തുടങ്ങി. ഷർട്ട്, ഖദർ ഷർട്ട്, മുണ്ട് തുടങ്ങിയവ അതിൽ ഉൾപ്പെടുത്തി. 2019ൽ കണ്ണൻ ബ്ലൗസ് മാച്ചിംഗ് സെന്റർ ഞങ്ങൾ ആരംഭിച്ചു. 2023 മാർച്ചിൽ കൃഷ്ണബാല ഫാഷൻസ് എന്ന പേരിൽ ആറുമാസമുള്ള കുട്ടിക്ക് മുതൽ ഇടാനാവുന്ന കൈത്തറി പട്ടുപ്പാവാടകൾ ഉള്ള സ്ഥാപനം തുടങ്ങി.
ഉപഭോക്താക്കൾക്ക് നന്ദി
ചങ്ങലയിൽ കോർത്ത പോലെയാണ് ഓരോ പുതിയ ഉപഭോക്താക്കളെയും ലഭിക്കുന്നത്. കല്യാണത്തിന് ബന്ധുക്കളിൽ ഒരാൾ ഇവിടെ നിന്ന് പുടവയെടുത്താൽ കുടുംബക്കാർ മുഴുവനെത്തും. അവരാണ് ഞങ്ങളുടെ സമ്പാദ്യം. അവർ മാത്രമാണ് പബ്ലിസിറ്റി തരുന്നത്. അവരുള്ളതു കൊണ്ടാണ് വൻകിട കച്ചവട സ്ഥാപനങ്ങൾക്കിടയിൽ പിടിച്ചു നിൽക്കാനാവുന്നത്. സ്വന്തം കുടുംബം പോലെയാണ് അവർ നമ്മളെ കാണുന്നത്. എന്റെ കല്യാണം നടക്കാൻ താമസിച്ചപ്പോൾ നല്ല ആലോചനകൾ കൊണ്ടുവന്നവരുണ്ട്. സ്വന്തം മകളെ എനിക്ക് വിവാഹം ചെയ്തു തരാമെന്ന് പറഞ്ഞവരുണ്ട്. കച്ചവടത്തിന് വേണ്ടി മാത്രം സൂക്ഷിക്കുന്നതല്ല ആ ബന്ധം. സെലക്ഷൻ, ഗുണമേന്മ, കുറഞ്ഞനിരക്ക് എന്നിവയാണ് കണ്ണൻ ഹാൻഡ്ലൂമിന്റെ പ്രത്യേകത. മനസുകൊണ്ടാണ് ഞാനും ഇവിടുത്തെ ജീവനക്കാരും കച്ചവടം നടത്തുന്നത്. പ്രമുഖ കടകളിൽ നിന്ന് ഷർട്ടെടുത്തിട്ട് കല്യാണപ്പുടവയെടുക്കാൻ മാത്രം ബാലരാമപുരത്ത് എത്തുന്ന ധാരാളം പേരുണ്ട്. ആ വിശ്വാസമാണ് ഞങ്ങളുടെ ശക്തി. ഇന്ന് ഒരു വസ്ത്രത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇന്റർനെറ്റിൽ ലഭിക്കും. അതിനാൽ കൊച്ചുകുട്ടികൾക്ക് വരെ എല്ലാം അറിയാം. കച്ചവടക്കാരന് 100 ശതമാനം അറിയാമെങ്കിൽ ഉപഭോക്താവിന് 80 ശതമാനം അറിയാം. ചെയ്യുന്ന തൊഴിലിൽ ഞങ്ങൾ മായം കലർത്താറില്ല. ഉപഭോക്താക്കളെ കബളിപ്പിച്ച് ഒരു രൂപ പോലും ലാഭം പ്രതീക്ഷിക്കുന്നില്ല.
സ്നേഹപൂർവം വാമഭാഗം
2009ലായിരുന്നു അളകേശ്വരിയുമായി എന്റെ വിവാഹം. ഒട്ടും നിനച്ചിരിക്കാത്ത സമയത്ത്. അതും 39-ാം വയസിൽ. ഞായറാഴ്ച പെണ്ണുകാണൽ. അടുത്ത ഞായറാഴ്ച കല്യാണം. എന്റെ സ്വപ്നങ്ങൾക്കും സ്ഥാപനത്തിന്റെ വിജയത്തിനും കൂടെ നിൽക്കുന്ന ആളെ തന്നെ പങ്കാളിയായി ലഭിച്ചുവെന്നത് വലിയ അനുഗ്രഹമാണ്. ഞാൻ തന്നെയാണെന്ന് അളകേശ്വരിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വിവാഹത്തിന് ക്ഷണിക്കാതെ തന്നെ പല ഉപഭോക്താക്കളും എത്തി. അവരുടെ സ്നേഹമാണ് ജീവിതത്തിന്റെ വിജയം.
പവർലൂം മേഖലയിലേയ്ക്കും
പാരമ്പര്യമായ കൈത്തറി വ്യവസായം കൈവിടാതെ പവർലൂം തുണിത്തരങ്ങളും വിൽക്കുന്നുണ്ട്. തമിഴ്നാട്ടിലെ പല ഗ്രാമങ്ങളിലും കുലത്തൊഴിൽ പവർലൂമാണ്. പണ്ട് പവർലൂമിൽ നിന്ന് ആരും ഗുണമേന്മ പ്രതീക്ഷിക്കില്ല. രണ്ടുവട്ടം നനയ്ക്കുമ്പോൾ കേടാവും. എന്നാൽ ഇന്ന് യന്ത്രങ്ങളുടെ ഗുണമേന്മ വർദ്ധിച്ചതിനാൽ പവർലൂം തുണികളുടെ ഗുണമേന്മയും കൂടി. ഹാൻഡ്ലൂമും പവർലൂമും പരസ്പരം വേർതിരിക്കാനാവില്ല. അതിനാൽ ഒരുദിവസത്തേക്ക് വേണ്ടി 10,000 മുടക്കി പലരും ഹാൻഡ്ലൂം വാങ്ങാറില്ല. ഗുണമേന്മയും വിലക്കുറവും ചേരുന്നതോടെ പവർലൂമിനോടുള്ള ആളുകളുടെ സ്വീകര്യത വർദ്ധിച്ചു. എന്നാൽ ഹാൻഡ്ലൂമിൽ ചെയ്യുന്ന ജോലികളെല്ലാം പവർലൂമിലും ചെയ്താലേ ഇതേ ഗുണമേന്മ ലഭിക്കു. ഒരുകോടി രൂപ വരെ വിലയുള്ള പവർലൂം യന്ത്രവത്കൃത തറികളുണ്ട്. ഹാൻഡ്ലൂം തേടിയെത്തുന്നവരെ പരമാവധി പിന്തുണയ്ക്കും. വിലകുറച്ചു കൊടുക്കും. കാരണം ഞങ്ങളുടെ മുഖമുദ്ര അതാണ്. എന്നാൽ ഇനി അടുത്തതലമുറ ഇത് കൊണ്ടുപോകുമോ എന്നുള്ളത് ഒരു ചോദ്യചിഹ്നമാണ്.
മേഖലയിലെ പ്രതിസന്ധി
തൊഴിലാളികളുടെ ക്ഷാമം വ്യവസായത്തെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. ന്യായമായ കൂലിയുണ്ടെങ്കിലും കൈത്തറി മേഖലയിലേയ്ക്ക് പുതിയ ആളുകൾ വരാറില്ല. നെയ്യാനാളില്ല. തറികളും കുറവാണ്. അത് പരിപോഷിപ്പിക്കാൻ ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ട്. ഈ പ്രശ്നങ്ങൾ കാരണം നിക്ഷേപിക്കാൻ പലർക്കും ഭയമാണ്. സർക്കാരിൽ നിന്ന് കൈത്തറി വ്യവസായത്തിന് ഗ്രാന്റില്ല. നമുക്ക് സാധനം തരുന്നവർ തന്നെ പുറത്ത് വില കുറച്ച് വിൽക്കും. ആളുകളുടെ മുന്നിൽ ഞങ്ങൾ കുറ്റക്കാരാകും.
ഓഫർ പ്രൈസുകളിൽ ജനങ്ങൾക്ക് ശ്വാസം മുട്ടും. കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെന്റ്സ് വെൽഫെയർ അസോസിയേഷൻ നെയ്യാറ്റിൻകര മേഖലാ പ്രസിഡന്റും, ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവുമാണ്. ഈ സംഘടനയിലൂടെ കൈത്തറി മേഖലയെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |