കോട്ടയം : റബർ അധിഷ്ഠിത മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിട്ട വെള്ളൂർ കേരള റബർ ലിമിറ്റഡിൽ സംരംഭങ്ങൾക്ക് താത്പര്യമറിയിച്ച് 35 കമ്പനികൾ രംഗത്തെത്തി. നിലവിൽ ഇന്ത്യൻ കമ്പനികളാണ് എത്തിയതെങ്കിലും വിദേശ കമ്പനികളുമായും ചർച്ച നടക്കുന്നുണ്ട്. 1900 കോടി മുതൽ മുടക്കിൽ സിയാൽ മാതൃകയിലാണ് സംസ്ഥാന സർക്കാർ കേരളറബർ ലിമിറ്റഡിന് രൂപം നൽകിയത്. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 4.5 കോടി രൂപ ബഡ്ജറ്റിൽ അനുവദിച്ചു. വെള്ളൂർ കേരളപേപ്പർ പ്രോഡക്ടസ് ലിമിറ്റഡ് വളപ്പിലെ 164.86 ഏക്കർ ഭൂമിയും കൈ മാറി. ഇവിടെ വിവിധ കമ്പനികൾക്ക് പാട്ടവ്യവസ്ഥയിൽ സ്ഥലം നൽകി റബർ പാർക്ക് ആരംഭിക്കാനായിരുന്നു തീരുമാനം. പ്രതികൂല കാലാവസ്ഥയും മണ്ണിന്റെ ലഭ്യത കുറവും കാരണം ചതുപ്പും വെള്ളക്കെട്ടും നിറഞ്ഞ സ്ഥലം നികത്തൽ നീണ്ടു പോയി. ഇപ്പോൾ 25 ഏക്കർ സ്ഥലം മണ്ണിട്ട് സജ്ജമാക്കി. റോഡും തയ്യാറായി വരുന്നു. പാട്ടവ്യവസ്ഥയിൽ സ്ഥലം കൈമാറുന്നതിനുള്ള സാങ്കേതി തടസങ്ങളും മാറി. 65 യൂണിറ്റുകളാകും പ്രവർത്തിക്കുക. 10000 പേർക്ക് തൊഴിലും ലഭ്യമാകും.
കർഷകർക്ക് ഉണർവേകും
കർഷകർക്ക് മികച്ച വില ഉറപ്പാക്കുന്നതിനായി റബർ ഉപയോഗം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. പതിനഞ്ച് ലക്ഷത്തോളം റബർ കർഷകരാണ് കേരളത്തിലുള്ളത്. ഇതിൽ ഏറെയും കോട്ടയം ജില്ലയിലാണ്. വൻകിട ടയർ കമ്പനികൾ റബർ വിപണി നിയന്ത്രിക്കുന്നതിനാൽ മികച്ച വില കിട്ടാതെ പലരും റബർ കൃഷി ഉപേക്ഷിക്കുമ്പോഴാണ് പാർക്ക് പ്രതീക്ഷയാകുന്നത്. ഓട്ടോമൊബൈൽ പാർട്സുകൾ , കൈയുറകൾ, മാറ്റുകൾ, എന്നിവ നിർമ്മിക്കുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരഭങ്ങൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. വെള്ളവും വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കി വൈകാതെ പാർക്ക് പ്രവർത്തനം ആരംഭിക്കും,
ചെലവ് : 254 കോടി
പാർക്കിലുണ്ടാവുക ഇവയൊക്കെ
റബർ ഉത്പന്ന പ്രദർശന കേന്ദ്രം
ടയർ ടെസ്റ്റിംഗ് സെന്റർ
സ്റ്റെറിലൈസറിംഗ് സെന്റർ
ബിസിനസ് ഇൻക്യുബേഷൻ സെന്റർ
വെയർഹൗസ്, ടൂൾ റൂം
ഏകജാലക അനുമതി കേന്ദ്രം
''റബർ പാർക്കിന്റെ ആദ്യഘട്ടം ഉടൻ ആരംഭിക്കും. ഇത് രാജ്യത്തെ റബർ അധിഷ്ഠിത വ്യവസായ മേഖലയിൽ പുത്തൻ ഉണർവുണ്ടാക്കും.
മന്ത്രി വി.എൻ.വാസവൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |