കോട്ടയം : മഴ മാറി ഇന്നലെ മണിക്കൂറുകൾ മാനം തെളിഞ്ഞു. പക്ഷേ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ തോരാതെ പെയ്യുകയാണ് ദുരിതം. കഴിഞ്ഞ മൂന്നു ദിവസം തുടർച്ചയായി പെയ്ത മഴയിൽ ഭൂരിഭാഗം വീടുകളും വെള്ളത്തിലാണ്. മീനച്ചിലാറിന്റെ തീരമേഖലയിൽ വരുന്ന പഞ്ചായത്തുകളിലും നഗരസഭാ പരിധികളിലുമാണ് വെള്ളപ്പൊക്കദുരിതം. കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതാണ് സ്ഥിതി കൂടുതൽ രൂക്ഷമാക്കിയത്.
തിരുവാർപ്പ്, അയ്മനം, കുമരകം, പായിപ്പാട്, ആർപ്പൂക്കര, മണർകാട്, വിജയപുരം, കല്ലറ, നീണ്ടൂർ പഞ്ചായത്തുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തോടുകളും പാടശേഖരങ്ങളും നിറഞ്ഞു കവിഞ്ഞു. മേയ് അവസാന വാരവും രണ്ടാഴ്ച മുമ്പും കനത്ത മഴയെത്തുടർന്ന് പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായിരുന്നു. ക്യാമ്പുകൾ പിരിച്ചുവിട്ടെങ്കിലും വീണ്ടും പുന:രാരംഭിച്ചു. കുമരകം മേഖലയിൽ അപകടനിരപ്പിന് മേലെയാണ് മീനച്ചിലാർ ഒഴുകുന്നത്. കൊടൂരാറിന്റെ പടിഞ്ഞാറൻ മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയെങ്കിലും വൈക്കം മേഖലയിലെ ദുരിതം തീരുന്നില്ല. അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഞങ്ങൾ എങ്ങനെ പഠിക്കും
ഒരുമാസത്തിനിടെ മൂന്നാംതവണയാണ് പടിഞ്ഞാറൻനിവാസികൾ വെള്ളപ്പൊക്ക കെടുതി നേരിടുന്നത്. നിരവധി വിദ്യാർത്ഥികൾക്ക് ഒരു ദിവസം പോലും പുതിയ അദ്ധ്യയന വർഷം സ്‌കൂളിൽ പോകാനായില്ല. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ പഠിക്കുന്നവർക്കായിരുന്നു ഇരട്ടിദുരിതം. മണിമലയാറ്റിൽ കിഴക്കൻ മേഖലയിൽ അതിവേഗം വെള്ളം താഴ്ന്നപ്പോൾ കുട്ടനാടിനോട് ചേർന്നു കിടക്കുന്നയിടങ്ങളിൽ നിന്ന് വെള്ളം ഇറങ്ങുന്നില്ല. രണ്ടാം വെള്ളപ്പൊക്കത്തിൽ വെള്ളമെത്താത്ത സ്ഥലങ്ങളിൽ പോലും ഇത്തവണ വെള്ളം ഉയർന്നു.
30 ദിവസത്തിനിടെ 3 തവണ വെള്ളപ്പൊക്കം
''മഴ വീണ്ടും ശക്തിപ്പെട്ടാൽ വെള്ളപ്പൊക്കം രൂക്ഷമാകുമെന്ന ആശങ്കയിലാണ് ജനം. ആദ്യമായാണ് തുടർച്ചയായി ഇങ്ങനെയുണ്ടാകുന്നത്. പലർക്കും ജോലിയ്ക്ക് പോകാൻ പോലും സാധിക്കുന്നില്ല
-പ്രദേശവാസികൾ
കൃഷിയും വെള്ളത്തിൽ
വൻകൃഷിനാശമാണ് മേഖലയിലുണ്ടായത്. നെൽകർഷകർക്കാണ് ദുരിതമേറെ. മികച്ച വിളവു പ്രതീക്ഷിച്ചു കൃഷിയിറക്കിയ പച്ചക്കറി, കപ്പ, വാഴ എന്നിവയ്ക്കും നഷ്ടമുണ്ടായിട്ടുണ്ട്. വെള്ളം ഇറങ്ങാൻ താമസിക്കും തോറും നഷ്ടത്തിന്റെ ആഘാതവും കൂടും.
മലയോര യാത്രയിൽ ജാഗ്രതയാകാം
മഴ ഏറിയും കുറഞ്ഞും തുടരുന്ന സാഹചര്യത്തിൽ കിഴക്കൻ മലയോര മേഖലയിലേക്കുള്ള യാത്രയിൽ കരുതൽ വേണം. ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാദ്ധ്യത മുൻനിറുത്തി രാത്രി യാത്ര ഒഴിവാക്കുന്നതാകും ഉചിതം. വാഗമൺ ഉൾപ്പെടെയുള്ള വിനോദസഞ്ചാരമേഖലയിലേക്കുള്ള യാത്രക്കാർക്ക് അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഉരുൾപൊട്ടൽ മേഖലയിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |