കൊച്ചി: മലേഷ്യൻ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി, സംസ്ഥാനത്തെ പ്രധാന ടൂർ ഓപ്പറേറ്റർമാർ ശബരിമല, ഗുരുവായൂർ, ശ്രീപദ്മനാഭസ്വാമി ക്ഷേത്രങ്ങൾ, തൃശൂർ പൂരം, ആലപ്പുഴയിലെ വള്ളംകളി, ആയുർവേദം എന്നിവ അവതരിപ്പിച്ച് ശ്രദ്ധ നേടി.
മലേഷ്യൻ ടൂറിസം ബോർഡിന്റെ ക്ഷണം സ്വീകരിച്ചാണ് ട്രാവൽ ഏജന്റ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ പ്രതിനിധികൾ ക്വാലലംപൂർ സന്ദർശിച്ചത്. ബോർഡ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ അസോസിയേഷൻ സംസ്ഥാന ചെയർപേഴ്‌സൺ മറിയാമ്മ ജോസ് ആണ് കേരളത്തെ അവതരിപ്പിച്ചത്.
കേരളത്തിന്റെ പ്രകൃതിഭംഗി, പൈതൃകം, ആദ്ധ്യാത്മികത, ബീച്ചുകൾ, ഹിൽ സ്റ്റേഷനുകൾ, ജലാശയങ്ങൾ എന്നിവയെക്കുറിച്ചും വിശദമായ അവതരണം നടത്തി. ചെയർപേഴ്‌സൺ മറിയാമ്മ ജോസ്, സെക്രട്ടറി അഷ്രഫ് കുന്നുമ്മൽ എന്നിവരുടെ നേതൃത്വത്തിൽ 30 അംഗ സംഘമാണ് മലേഷ്യ സന്ദർശിക്കുന്നത്.
പ്രധാന ആകർഷണങ്ങൾ
ശബരിമല: കോടിക്കണക്കിന് ഭക്തരെത്തുന്ന ശബരിമല ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാണ്. വിശ്വാസം, ഏകത, ആത്മനിയന്ത്രണം എന്നിവയുടെ സന്ദേശം പകരുന്ന ശബരിമല കേരളത്തിന്റെ ആദ്ധ്യാത്മിക പൈതൃകത്തിന്റെ പ്രതീകമാണ്.
ഗുരുവായൂർ, പദ്മനാഭസ്വാമി ക്ഷേത്രങ്ങൾ: വിദേശങ്ങളിൽ നിന്നും ഭക്തരെത്തുന്ന പ്രധാന കേന്ദ്രങ്ങളായി ക്ഷേത്രങ്ങളെയും എടുത്തുപറഞ്ഞു.
തൃശൂർ പൂരം: കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഉദാഹരണമായി തൃശൂർ പൂരം അവതരിപ്പിച്ചു. 'ഉത്സവങ്ങളുടെ ഉത്സവം' എന്ന് പ്രശസ്തമായ പൂരം, അലങ്കരിക്കപ്പെട്ട ഗജവീരന്മാർ, താളമേളങ്ങൾ, ത്രസിപ്പിക്കുന്ന വെടിക്കെട്ട് എന്നിവ സന്ദർശകർക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും.
ആലപ്പുഴയിലെ വള്ളംകളി: പൈതൃകവും കായികമികവും അണിചേരുന്ന ആലപ്പുഴയിലെ വള്ളംകളി ആകർഷകമാണ്. ചുണ്ടൻവള്ളങ്ങൾ അണിനിരക്കുന്ന ഈ ഉത്സവം ആഹ്‌ളാദം പകരുന്നതാണ്.
ആയുർവേദം: പുരാതന ചികിത്സാ സമ്പ്രദായമായ ആയുർവേദം കേരളത്തിൽ പിറന്നതാണെന്നും ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുള്ളവർക്ക് ആധികാരികമായ ചികിത്സയും സൗഖ്യവും നൽകുന്ന കേന്ദ്രമാണ് കേരളം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |