കടയ്ക്കാവൂർ: പൊന്നുംതുരുത്ത് വികസനം ഇന്നും കടലാസിൽ. അഞ്ചുതെങ്ങ് കായലിന്റെ മദ്ധ്യഭാഗത്തുള്ള തുരുത്തും ശിവപാർവതി വിഷ്ണു ക്ഷേത്രവും തേടി നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ഇവിടെ നിന്നാൽ സൂര്യാസ്തമയവും കാണാം. നെടുങ്ങണ്ടയിൽ നിന്നും വക്കത്ത് നിന്നും അകത്തുമുറിയിൽ നിന്നും ക്ഷേത്രത്തിലെത്താൻ ബോട്ട് സൗകര്യമുണ്ട്.കാലങ്ങളായി പ്രദേശവാസികളുടെ ആഗ്രഹമാണ് പൊന്നുംതുരുത്തിന്റെ വികസനമെന്നത്. വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ സാദ്ധ്യതയുള്ള പൊന്നുംതുരുത്തിന്റെ വികസനത്തിന് സർക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുരുക്കുംപുഴ,കഠിനംകുളം,പെരുമാതുറ,പണയിൽക്കടവ്,പൊന്നുംതുരുത്ത് പ്രദേശങ്ങളിലെ ടൂറിസം സാദ്ധ്യതയെക്കുറിച്ച് പഠിക്കാൻ വർഷങ്ങൾക്കുമുമ്പ് അന്നത്തെ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ പൊന്നുംതുരുത്ത് സന്ദർശിച്ചിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും വികസനം മാത്രമുണ്ടായില്ല. കായലോര ടൂറിസത്തിന് പ്രാധാന്യമുള്ള ഈ കാലഘട്ടത്തിൽ പൊന്നുംതുരുത്തിൽ സഞ്ചാരികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയാൽ പൊന്നുംതുരുത്തും നല്ലൊരു വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്നതിൽ സംശയമില്ല.
ക്ഷേത്രത്തിനുമുണ്ട് ഐതിഹ്യം
ബ്രാഹ്മണ സമുദായക്കാരാണ് ശിവപാർവതി വിഷ്ണു ക്ഷേത്രം സ്ഥാപിച്ചതെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിന് അടുത്തായി കളരി എന്നൊരു സ്ഥലമുണ്ട്. ബ്രാഹ്മണർ കളരി അഭ്യസിച്ചിരുന്നത് ഇവിടെ ആയതിനാലാണ് ഇവിടം കളരി എന്ന് അറിയപ്പെടുന്നത്. കാലാന്തരത്തിൽ ബ്രാഹ്മണസമുദായം ഈ ക്ഷേത്രവുംപ്രദേശവും ഉപേക്ഷിച്ചുപോയി. അതോടെ സ്ഥലവാസികൾ ക്ഷേത്രത്തിന്റെ ചുമതല ഏറ്റെടുത്തു. പനംപരമ്പ് കൊണ്ടാണ് ക്ഷേത്രം നിർമ്മിച്ചിരുന്നത്. നാട്ടുകാർ ഏറ്റെടുത്തതോടെ ക്ഷേത്രം പുതുക്കിപ്പണിതു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |