മുതലമട: ഗ്രാമ പഞ്ചായത്തിലെ ഏറ്റവുംവലിയ പാടശേഖരസമിതിയായ പോത്തമ്പാടം ആന്തിച്ചിറയിൽ 150 ഏക്കറിലധികം നെൽകൃഷി മഴവെള്ളത്തിൽ മുങ്ങി നശിച്ചു. കാലവർഷം കനത്തതാണ് നെൽകൃഷി മുങ്ങി നശിക്കാൻ കാരണമായത്. ഇക്കുറി ഇത് രണ്ടാം തവണയാണ് അന്തിച്ചിറയിൽ നെൽപ്പാടങ്ങൾ വെള്ളത്തിലാവുന്നത്. ആദ്യ തവണ കർഷകർ പൊടി വിതയാണ് നടത്തിയത്. ആ സമയത്ത് തുടർച്ചയായ മഴയിൽ നെൽപ്പാടങ്ങൾ മുങ്ങിയതോടെ നെൽകൃഷി അളിഞ്ഞു നശിച്ചുപോയി. തുടർന്ന് കർഷകർ നെൽപ്പാടങ്ങൾ ഉഴുതുമറിച്ച് ഞാറ് നട്ടാണ് രണ്ടാമത് കൃഷി ഇറക്കിയത്. എന്നാൽ ഇക്കുറിയും പാടശേഖരങ്ങൾ വെള്ളത്തിനടിയിയി. നടീൽ കഴിഞ്ഞ് 15 ദിവസം കഴിയും മുമ്പേ കൃഷി നശിച്ചതോടെ 25ലേറെ കർഷകർ ഇനിയെന്ത് ചെയ്യുമെന്നറിയാതെ പകച്ചു നിൽക്കുകയാണ്.
ഏനാറ,ആന്തിചിറ പോത്തമ്പാടം എന്നിവിടങ്ങളിലെ കർഷകർ ഒരുമിച്ചാണ് നെൽകൃഷി ചെയ്യാറുള്ളത്. ആന്തിച്ചിറ പാടശേഖര സമിതിയിൽ ഉൾപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. പുതുച്ചിറ മുതൽ ആന്തിച്ചിറ വരെ പാട ശേഖരങ്ങൾക്കരികിലൂടെ തോട് ഗായത്രി പുഴയിലാണ് ചെന്ന് പതിക്കുന്നത്. 15 വർഷം മുമ്പ് നബാർഡിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അവസാനമായി തോട് നവീകരിച്ചത്. അതിനു ശേഷം യാതൊരു പ്രവർത്തിയും നടത്തിയിട്ടില്ല. കൂടാതെ തോടിന്റെ വശങ്ങളിൽ കയ്യേറ്റവും നടന്നിട്ടുള്ളതായി കർഷകർ ആരോപിക്കുന്നു. മണൽ അടിഞ്ഞ് ആഴം കുറഞ്ഞ തോട് മഴക്കാലത്ത് കരകവിഞ്ഞൊഴുകുക പതിവാണ്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നാളിതുവരെയായി യാതൊരുനടപടിയും സ്വീകരിച്ചിട്ടില്ല. ഇതാണ് കർഷകർക്ക് വിനയായത്.
കൃഷിയിറക്കാൻ ഏക്കറിന് 15000 രൂപ
ഇക്കുറി രണ്ടു പ്രാവശ്യം കൃഷി ഇറക്കാനായി ഒരു കർഷകൻ ഏക്കറിന് 15,000 രൂപയോളം ചെലവാക്കിയതായി പറയുന്നു. ഇതനുസരിച്ച് 25 ഓളം കർഷകർക്കായി 23 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു. കൂടാതെ ഇനി കൃഷിയിറക്കാൻ വിത്ത് ലഭിക്കാൻ ബുദ്ധിമുട്ടാണെന്നതും കർഷകരെ ആശങ്കയിലാഴ്ത്തുന്നു.
നെൽകൃഷി അല്ലാതെ മറ്റ് ഉപജീവനമാർഗങ്ങളില്ല. തോടുകൾ സംരക്ഷിച്ച കർഷകർക്ക് സഹായകരമാകുന്ന നടപടികൾ സർക്കാർ നടപ്പിലാക്കണം.
എ.വിജയകുമാർ, സെക്രട്ടറി, ആന്തിച്ചിറ പാടശേഖര സമിതി.
തോട് കരകവിഞ്ഞൊഴുകാൻ പ്രധാനകാരണം തോടിന്റെ കയ്യേറ്റമാണ്. കൂടാതെ കാലങ്ങളായി തോട്ടിൽ അടിഞ്ഞു കിടക്കുന്ന മണ്ണും ചെളിയും നീക്കം ചെയ്താൽ മാത്രമേ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാവുകയുള്ളു.
ജി.വിൻസെന്റ്, കർഷകൻ, മുതലമട.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |