മാന്നാർ : ഗ്രാമീണതയുടെ വശ്യസൗന്ദര്യം നിറഞ്ഞ ബുധനൂരിലെ അച്ചാങ്കര പാലം ഇതിവൃത്തമാക്കിയ 'രാത്രിയിൽ അച്ചാങ്കര ' എന്ന കവിതാ സമാഹരത്തിന് കേരള സാഹിത്യ അക്കാദമിയുടെ 2024ലാ യുവ കവിതാപുരസ്കാരം ലഭിച്ചപ്പോൾ നാടിനും അഭിമാനം. ജന്മദേശമായ ബുധനൂരിലെ കടമ്പൂര് വെളിച്ചമില്ലാത്ത അച്ചാങ്കര പാലത്തിലൂടെ സഞ്ചരിക്കുമ്പോൾ അനുഭവപ്പെട്ട ഭ്രമാത്മകമായ ചിന്തകളുടെ ആവിഷ്കാരം കവിതയിലേക്ക് ആവാഹിച്ച ദുർഗാപ്രസാദ് എന്ന യുവകവിക്കൊപ്പം നാടും പ്രശസ്തിയിലേക്കുയർന്നു. എട്ട് വർഷമായി മലയാളത്തിലെ വിവിധ ആനുകാലികങ്ങളിൽ എഴുതി വരുന്ന ദുർഗാപ്രസാദിന്റെ ആദ്യ കവിതാ സമാഹരമാണ് 'രാത്രിയിൽ അച്ചാങ്കര'. രാത്രിയിൽ അച്ചാങ്കര, ബലൂൺ രൂപാന്തരണം, പ്രേതശല്യം, വെള്ളത്തിലാശാൻ, കടൽക്കിനാക്കൾ, കാണാതായ കിളികൾ തുടങ്ങി സ്ഥലവും കാലവും ഓർമ്മയും പകർന്ന ഭയത്തിന്റെ നിഴൽപ്പാടുകൾ വീണ 44 കവിതകളുടെ സമാഹാരമാണിത്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് അവതാരിക എഴുതിയത് അമ്മു ദീപയാണ്.
2021ലെ കുരുത്തോല യുവ കവിതാ പുരസ്ക്കാരം, പട്ടാമ്പി ഗവ.സംസ്കൃത കോളേജും മലയാളനാടും ചേർന്ന് നൽകുന്ന കവിതയുടെ കാർണിവൽ യുവകവിതാ പുരസ്കാരം, മുട്ടത്ത് സുധാകരൻ സ്മാരക പുരസ്കാരം, 2024 ലെ ഒ.എൻ.വി യുവ പുരസ്കാരം, വൈലോപ്പിള്ളി കവിതാ പുരസ്കാരം എന്നിവയും ദുർഗാപ്രസാദിന് ലഭിച്ചിട്ടുണ്ട്.
ബുധനൂർ നെല്ലൂർ വീട്ടിൽ ഭാസ്ക്കരക്കുറുപ്പിന്റെയും നിർമ്മലാദേവിയുടെയും മകനായ ദുർഗ്ഗാപ്രസാദ് ബുധനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നിന്നും പടിച്ചിറങ്ങി ചെങ്ങന്നൂർ ഐ.ടി.ഐ, ഗവ.പോളിടെക്നിക് കോട്ടയം എന്നിവിടങ്ങളിൽ നിന്നും സാങ്കേതിക വിദ്യാഭ്യാസം നേടിയ ശേഷം കോയമ്പത്തൂരിലും ബംഗളുരുവിലും ജോലികൾ ചെയ്തെങ്കിലും പിന്നീട് എഴുത്തിലേക്ക് നീങ്ങിയതോടെ നാട്ടിൽ മടങ്ങിയെത്തി. കവി രതീഷ് പാണ്ടനാടുമായി ചേർന്ന് പൊയസ്ട്രീറ്റ് എന്ന കവിതാവതരണ ബാൻഡിലൂടെ നിരവധി സമരവേദികളിൽ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്. ജ്യോതി ഏക സഹോദരിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |