ആലപ്പുഴ: ഉത്പാദനച്ചെലവും വിലത്തകർച്ചയും കാരണം സംസ്ഥാനത്ത് നെൽക്കൃഷിയും കുറഞ്ഞു. 2022-23 വർഷത്തെ അപേക്ഷിച്ച് 2023-24ൽ നെൽക്കൃഷി 11.17 ലക്ഷം ഹെക്ടറും, ഉത്പാദനം 62,000 മെട്രിക് ടണ്ണും കുറഞ്ഞു. വ്യാപകമായ പാടം നികത്തലും ഭീമമായ കൂലിയുമാണ് കർഷകർക്ക് തിരിച്ചടിയായത്.
1970-71ൽ സംസ്ഥാനത്ത് 8.75ലക്ഷം ഹെക്ടറായിരുന്നു സംസ്ഥാനത്തെ നെൽക്കൃഷി. നെല്ലുത്പാദനം 12.98 ലക്ഷം ടണ്ണും. 2012-13ൽ ഇത് 1.97 ഹെക്ടറും, ഉത്പാദനം 5.8 ലക്ഷം മെട്രിക് ടണ്ണുമായി. ഓരോ 10 വർഷത്തിലും രണ്ടുലക്ഷം ഹെക്ടർ വീതം കൃഷിയാണ് ഇല്ലാതാകുന്നത്. ഉത്പാദനവും പകുതിയിലധികമായി താഴ്ന്നു.
2020-21ൽ വി.എസ്. സുനിൽകുമാർ കൃഷി മന്ത്രിയായിരിക്കെ, തരിശുകൾ കരനെൽകൃഷിയുൾപ്പെടെ വ്യാപിപ്പിച്ചപ്പോൾ രണ്ട് പതിറ്റാണ്ടിലെ വലിയ ഉത്പാദനമാണുണ്ടായത്. അന്ന് നെൽക്കൃഷി 2.01 ലക്ഷം ഹെക്ടറായപ്പോൾ 39,000 മെട്രിക് ടണ്ണിന്റെ അധിക ഉത്പാദനമുണ്ടായി. എന്നാൽ പിന്നീട് ഓരോ വർഷവും നെൽവയൽ വിസ്‌തൃതി ലക്ഷം ഹെക്ടർ വീതം കുറഞ്ഞു.
കഴിഞ്ഞ സീസണിൽ പുതിയ കൂലി വർദ്ധന നിലവിൽ വന്നെങ്കിലും ഉത്പാദന ചെലവിനനുസരിച്ച് നെൽ വില കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉയർത്തിയില്ല. സംഭരണ വില വൈകുന്നതും കർഷകരെ മടുപ്പിച്ചു. പമ്പിംഗ് സബ്സിഡി, കൈകാരച്ചെലവ് എന്നിവ പരിഷ്‌കരിക്കാത്തതും കൃഷിക്കാർക്ക് തിരിച്ചടിയായി.
നെൽകൃഷി സംസ്ഥാനത്ത് (വർഷം, ഭൂമി, ഉത്പാദനം)
2000-01: 347 ലക്ഷം ഹെക്ടർ........7.51 ലക്ഷംമെട്രിക് ടൺ
2012-13: 197 ലക്ഷം........................ 5.09 ലക്ഷം
2018-19: 198 ലക്ഷം....................... 5.78ലക്ഷം
2020-21: 201.87 ലക്ഷം................. 6.26 ലക്ഷം
2021-22: 191.95 ലക്ഷം.....................5.59ലക്ഷം
2022-23: 190.17 ലക്ഷം.................. 5.92ലക്ഷം
2023-24: 179 ലക്ഷം ..................... 5.30ലക്ഷം
'കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയാണ് നെൽക്കൃഷി ഉപേക്ഷിക്കാൻ കാരണം. കൂലിവർദ്ധന നടപ്പാക്കിയ സർക്കാർ കഴിഞ്ഞ സീസണിലെ നെല്ലിന്റെ വില വിതരണം ചെയ്തിട്ടില്ല. നഷ്ടം സഹിച്ച് കൃഷിമുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല".
- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |