കോഴിക്കോട്: ട്രോളിംഗ് നിരോധനം മൂലം പച്ചമീൻ ലഭ്യത കുറഞ്ഞതോടെ ഉണക്കമീനിന് പ്രിയമേറുന്നു. തീരക്കടലിൽ നിന്ന് പിടിക്കുന്ന മീനിന് പൊന്നിൻവില നൽകേണ്ടിവരുന്നതും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മീനുകൾ കിട്ടാതായതോടെയുമാണ് ഉണക്ക മീനിന് ഡിമാന്റേറിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മിക്ക ഇനങ്ങൾക്കും കിലോയ്ക്ക് ശരാശരി 50 രൂപ മുതൽ മുകളിലേക്ക് ഉയർന്നിട്ടുണ്ട്. വില ഉയർന്നതോടെ സ്രാവ് അടക്കമുള്ളവ കിട്ടാനുമില്ല.
മുള്ളൻ, മാന്തൾ, സ്രാവ് തുടങ്ങിയവക്കാണ് കൂടുതലും ആവശ്യക്കാർ. തമിഴ്നാട്, ആന്ധ്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ഉണക്കമീൻ കേരളത്തിലേക്ക് എത്തുന്നത്. സെൻട്രൽ മാർക്കറ്റിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നായി 4 മുതൽ 5 വരെ ലോഡ് ഉണക്കമീനാണ് വന്നു കൊണ്ടിരുന്നത്. തിണ്ട, കോര, തളയൻ, ചെമ്മീൻ, തിരണ്ടി തുടങ്ങിയ മത്സ്യങ്ങൾക്ക് മലപ്പുറം ഭാഗങ്ങളിലും ആവശ്യക്കാരുണ്ട്. മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞാൽ അടുത്തദിവസങ്ങളിൽ വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ പറയുന്നു. വടക്കൻ കേരളത്തിൽ കോഴിക്കോട് സെൻട്രൽ മാർക്കറ്റിലാണ് കൂടുതൽ ഉണക്കമത്സ്യം എത്തുന്നത്. മലയോരമേഖലയിലേക്ക് വൻതോതിൽ ഉണക്കമീൻ കൊണ്ടുപാകുന്നുണ്ട്. ഇവർ കടകളിൽ 50 മുതൽ 100 രൂപ വരെ കൂട്ടിയാണ് വിൽപ്പന നടത്തുന്നത്.
മീൻ.............................വില.............നേരത്തേ(കിലോ)
ഉണക്ക സ്രാവ്..........500..................200-300
മാന്തൾ..........................260.................100
മുള്ളൻ............................240................50-100
തമിഴ്നാട് മത്തി..........220..............80-100
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |