കൊല്ലം: പഴയാറ്റിൻകുഴിയിലെ ബൈക്ക് ഷോറൂമിൽ നിന്ന് സ്‌പെയർപാർട്സുകൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ. തിരുവനന്തപുരം മലയിൻകീഴ് പ്ലാവറത്തറ പുത്തൻവീട്ടിൽ അലക്സ് ബാബു.ബി.എസ്(26), മലയിൻകീഴ് പി.പി. ഹൗസിൽ പ്രമോദ് ചന്ദ്രൻ (27) എന്നിവരാണ് പിടിയിലായത്.
ആറ് മാസം മുമ്പ് ഷോറൂമിൽ സ്റ്റോക്ക് പരിശോധിച്ചപ്പോൾ രണ്ടുലക്ഷം രൂപയുടെ സാധനങ്ങളുടെ കുറവ് കണ്ടെത്തി. സ്പെയർപാർട്സുകൾ മോഷ്ടിച്ച ശേഷം പെട്ടികൾ അതുപോലെ സ്ഥലത്ത് വച്ചിരുന്നതിനാൽ ദിവസങ്ങൾക്ക് ശേഷമാണ് കുറവ് ശ്രദ്ധയിൽപ്പെട്ടത്. വാതിലുകളും ജനാലകളുമൊന്നും തകർത്തിട്ടില്ലാത്തതിനാൽ ജീവനക്കാർ തന്നെയാകുമെന്ന സംശയത്തിൽ മൂന്ന് ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മാസങ്ങൾക്ക് ശേഷം ഈമാസം 15ന് വീണ്ടും പഴയ പടി മോഷണം നടന്നു. ക്യാമറ പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടില്ല. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സംഭവ ദിവസം രാത്രി ഹെൽമെറ്റ് വെച്ച രണ്ടുപേർ സാധനങ്ങൾ എടുക്കുന്നതായി കണ്ടത്.
ഷോറൂമിന്റെ മേൽക്കൂരയിലെ ഷീറ്റ് ഇളക്കിമാറ്റിയാണ് ഉള്ളിൽ കടന്നത്. മോഷണശേഷം ഷീറ്റ് അതുപോലെ ഉറപ്പിച്ച ശേഷം മോഷ്ടാക്കൾ മടങ്ങും. തുടർന്ന് പ്രദേശത്തെ കൂടുതൽ നിരീക്ഷണ കാമറകൾ പരിശോധിച്ച് പ്രതികൾ എത്തിയ വാഹനം കണ്ടെത്തി ഇവരെ പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |