കോന്നി: ബഹിരാകാശ നിലയത്തിലെത്തിയ ശുഭാംശു പരീക്ഷണത്തിനായി കരുതിയ ഉമ നെൽവിത്തിന് അകാല വേർപാടിന്റെ നോവും.
നെൽവിത്ത് വികസിപ്പിച്ച കോന്നി സ്വദേശിയായ ശാസ്ത്രജ്ഞ ഡോ. ആർ. ദേവിക വിത്തിന് മകളുടെ പേരാണിട്ടത്. ഒരു വർഷം മുമ്പ് പ്രസവത്തെ തുടർന്ന് ഉമ മരിച്ചു.
കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തതാണ് നെൽവിത്ത്. സർവകലാശാലയുടെ കുട്ടനാട് മങ്കൊമ്പിലെ റിസർച്ച് സെന്ററിൽ 1998ൽ ദേവികയുടെ നേതൃത്വത്തിൽ ഡോ. ലീനകുമാരി, ഡോ. രമാഭായി എന്നിവരാണ് വിത്ത് വികസിപ്പിച്ചത്. കർഷകർക്ക് പറയാൻ എളുപ്പമുള്ള പേരിടാൻ നിർദ്ദേശമുണ്ടായി. അന്ന് കൈക്കുഞ്ഞായിരുന്ന മകൾ ഉമയുടെ പേര് ദേവിക വിത്തിന് നൽകി. മികച്ച വിളവ് നൽകുന്ന നെൽവിത്തായി ഇതുമാറി.
കോന്നി പെരിഞൊട്ടയ്ക്കൽ ശ്രീഭവനിൽ ഡോ.എം. കെ. ശ്രീധരൻപിള്ളയുടെയും എൽ.രാജമ്മയുടെയും മകളാണ് ഡോ.ദേവിക. സർവീസിൽ നിന്ന് വിരമിച്ചു. ഇപ്പോൾ ചങ്ങനാശേരിയിൽ ഭർത്താവ് കെ.വിജയകുമാറിനൊപ്പമാണ് താമസം. മകളുടെ മരണത്തിൽ മനസ് നീറുമ്പോഴും ബഹിരാകാശ ദൗത്യത്തിന് ആശംസകൾ നേരുകയാണ് ദേവിക.
ഉമ, ജ്യോതി നെൽവിത്തുകളും തക്കാളി, വഴുതന, എള്ള്, കുറ്റിപ്പയർ വിത്തുകളുമാണ് പരീക്ഷണത്തിനായി ശുഭാംശു കൊണ്ടുപോയത്. വിത്തുകൾ ബഹിരാകാശ സാഹചര്യത്തെ എങ്ങനെ അതിജീവിക്കുന്നു എന്നതാണ് പരീക്ഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |