കൊല്ലം: ആശ്രാമം ഇ.എസ്.ഐ മോഡൽ ആൻഡ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്താൻ കഴിഞ്ഞ ദിവസം ഷിംലയിൽ കേന്ദ്ര മന്ത്രിയും ഇ.എസ്.ഐ ഡയറക്ടർ ബോർഡ് ചെയർമാനുമായ മൺസുഖ് മണ്ഡാവ്യയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഇ.എസ്.ഐ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.
നേരത്തെ ആശ്രാമം ഇ.എസ്.ഐ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തണമെന്ന ആവശ്യം മന്ത്രി തത്വത്തിൽ അംഗീകരിച്ചിരുന്നു. കൊല്ലം ഉൾപ്പടെ പത്ത് പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കാനാണ് തീരുമാനിച്ചത്. ഇ.എസ്.ഐ ആനുകൂല്യമുള്ള തൊഴിലാളികൾക്ക് പാരിപ്പള്ളിയിൽ ആരംഭിച്ച മെഡിക്കൽ കോളേജ് കേന്ദ്ര സർക്കാർ നയംമാറ്റം മൂലം സംസ്ഥാന സർക്കാരിന് വിട്ടുനൽകിയ സാഹചര്യത്തിൽ കൊല്ലത്തിന് പുതിയ ഇ.എസ്.ഐ മെഡിക്കൽ കോളേജ് എന്ന ആവശ്യം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉന്നയിച്ചിരുന്നു.
കൊല്ലത്തെ ഇൻഷ്വറൻസ് പരിരക്ഷയുള്ള തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും എണ്ണം കണക്കിലെടുത്ത് മെഡിക്കൽ കോളേജിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തിയാണ് ആശ്രാമം ഇ.എസ്.ഐ മെഡിക്കൽ കോളേജ് ആരംഭിക്കാൻ തീരുമാനിച്ചത്. നിലവിൽ 250 കിടക്കകളുള്ള ആശുപത്രിയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ള സൗകര്യങ്ങൾ ലഭ്യമാണ്. എന്നാൽ മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അനുബന്ധ സൗകര്യങ്ങളും മെഡിക്കൽ കോളേജ് നിലവാരത്തിലുള്ള തുടർ ചികിത്സാ സൗകര്യങ്ങളും ഒരുക്കാനുള്ള അടിസ്ഥാന സൗകര്യ വികസനമാണ് വേണ്ടത്. ഭൂമി ലഭ്യമാക്കുന്ന മുറയ്ക്ക് സത്വര നടപടി പൂർത്തിയാക്കാൻ ഇ.എസ്.ഐ കോർപ്പറേഷൻ സന്നദ്ധമാണ്.
സ്ഥല നടപടി വേഗത്തിൽ
മെഡിക്കൽ കോളേജിന് കൂടുതൽ ഭൂമിക്കായി പാർവതി മില്ലിന്റെ സ്ഥലം വിട്ടുകിട്ടണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പിയും സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രിയും തൊഴിൽ വകുപ്പ് സെക്രട്ടറിയും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്
സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ച് പാർവതി മില്ലുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസ് തീർപ്പാക്കൽ വേഗത്തിലാക്കാൻ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം നടപടി സ്വീകരിച്ചു
ഹാജർ 78 എന്നത് പകുതിയാക്കണം
കശുഅണ്ടി തൊഴിലാളികൾക്ക് സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്ക് ആറ് മാസക്കാലയളവിൽ 78 ഹാജർ വേണമെന്ന വ്യവസ്ഥ ബുദ്ധിമുട്ട് സൃഷ്ടിക്കും. മേഖലയിലെ പ്രതിസന്ധി മൂലം ഫാക്ടറികൾ അടച്ചിട്ടതിനാൽ തൊഴിലാളികളുടേതല്ലാത്ത കാരണങ്ങളാൽ ഹാജർ ലഭിക്കാത്തത് പ്രത്യേകം പരിഗണിക്കണമെന്നും ആറ് മാസത്തെ ഹാജർ 78 എന്നത് പകുതിയാക്കി കുറയ്ക്കണമെന്നും എം.പി യോഗത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
ഓട്ടോറിക്ഷ, ടാക്‌സി, തയ്യൽ, തൊഴിലുറപ്പ് തൊഴിലാളികൾ, അങ്കണവാടി, ആശാ വർക്കേഴ്‌സ് തുടങ്ങി അസംഘടിത മേഖലയിലുള്ളവർക്ക് ഇ.എസ്.ഐ പരിരക്ഷ നൽകണമെന്ന ആവശ്യം പ്രത്യേക അജണ്ടയായി ചർച്ച ചെയ്യും.
എൻ.കെ.പ്രേമചന്ദ്രൻ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |