തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതിൽ സർക്കാർ നിയമോപദേശം തേടുന്നുവെന്ന് വിവരം. യുപിഎസ്‌സി കൈമാറിയ അന്തിമ പട്ടികയ്ക്ക് പുറത്തുളള ഉദ്യോഗസ്ഥന് ചുമതല നൽകാമോയെന്ന കാര്യത്തിലാണ് സർക്കാർ പരിശോധന നടത്തുന്നത്. മറ്റ് ഏഴ് സംസ്ഥാനങ്ങളിൽ ഇൻ ചാർജ് ഡിജിപിമാരുണ്ട്. ഈ രീതിയും സർക്കാർ പരിശോധിക്കുന്നുണ്ട്. നിതിൻ അഗർവാൾ, റവഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരുടെ പേരാണ് യുപിഎസ്‌സിയുടെ അന്തിമപട്ടികയിലുളളത്. ഈ സാഹചര്യത്തിലാണ് കേരളം നിയമോപദേശം തേടുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് സുപ്രീംകോടതിയിലെ അഭിഭാഷകരിൽ നിന്ന് നിയമോപദേശം തേടുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പുതിയ പൊലീസ് മേധാവിയെ തിങ്കളാഴ്ച ഓൺലൈനായി ചേരുന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിക്കുമെന്ന വിവരം മുൻപുണ്ടായിരുന്നു. അതിനിടയിലാണ് പുതിയ സാദ്ധ്യത തേടിയുളള നീക്കം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. കൂത്തുപറമ്പ് വെടിവയ്പ്പ് സമയത്ത് ചുമതലയുളള ഉദ്യോഗസ്ഥനായിരുന്നു റവഡ ചന്ദ്രശേഖർ. മൂന്ന് ഉദ്യോഗസ്ഥരോടും സർക്കാരിന് താൽപര്യമില്ലെന്ന സൂചനയാണ് ഈ നടപടിയിൽ നിന്ന് വ്യക്തമാകുന്നത്.
യുപിഎസ്‌സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ഡിജിപി, ചീഫ് സെക്രട്ടറി, കേന്ദ്രസേനകളിലൊന്നിന്റെ മേധാവി എന്നിവരുടെ സമിതിയാണ് മൂന്നംഗ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. നിലവിലെ പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ കാലാവധി ജൂൺ 30ന് കഴിയും.
റോഡ് സേഫ്‌ടി കമ്മിഷണറായ നിതിൻ അഗർവാളാണ് പട്ടികയിലെ ഒന്നാമൻ. 1989 ബാച്ച് ഉദ്യോഗസ്ഥനാണ്. രണ്ടാം സ്ഥാനത്തുള്ള റവഡ ചന്ദ്രശേഖർ ഐബി സ്‌പെഷ്യൽ ഡയറക്‌ടറാണ്, 1991 ബാച്ച് ഉദ്യോഗസ്ഥനും. മൂന്നാം സ്ഥാനക്കാരനായ യോഗേഷ് ഗുപ്‌ത ഫയർഫോഴ്‌സ് മേധാവിയാണ്, 1993 ബാച്ചിലെ ഉദ്യോഗസ്ഥനാണിദ്ദേഹം. മനോജ് എബ്രഹാമിന്റെ പേരാണ് പട്ടികയിൽ നാലാമതുണ്ടായിരുന്നത്. എന്നാൽ ആദ്യ മൂന്ന് പേരുടെ ട്രാക്ക് റെക്കാഡ് മികച്ചതായതിനാൽ നാലാമത് ഒരാളിലേയ്ക്ക് പോകേണ്ടെന്ന് യുപിഎസ്‌സി യോഗം തീരുമാനിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |