പരസ്പരം
....................
ജി. സുരേഷ് കുമാർ
വൈസ് പ്രസിഡന്റ്
ഫിലിം പ്രൊഡ്യൂസേഴ്സ് അസോ.
.......
അഭിമുഖം തയ്യാറാക്കിയത്:
കോവളം സതീഷ്‌കുമാർ
മലയാള സിനിമയിൽ നിർമ്മാതാക്കളുടെ പോക്കറ്റ് ചോരുമ്പോഴൊക്കെ ഇടപെടാനും, അതിന്റെ കാരണം കണ്ടെത്താനും, ചിലർക്കൊക്കെ അപ്രിയമെന്നു തോന്നുമെങ്കിലും അതൊക്കെ വിളിച്ചുപറയാൻ നിർമ്മാതാക്കളുടെ സംഘടനാ ഭാരവാഹി എന്ന നിലയിൽ എപ്പോഴും ജി. സുരേഷ്‌കുമാറുണ്ട്. നിലവിൽ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവു കൂടിയായ സുരേഷ്‌കുമാർ വർത്തമാനകാല മലയാള സിനിമയെക്കുറിച്ച് 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.
? ഈ വർഷം ഇതുവരെയുള്ള ചിത്രങ്ങൾ നോക്കുമ്പോൾ മലയാളസിനിമയ്ക്ക് നേട്ടമെന്ത്.
ഈ വർഷം ഏറ്റവും കൂടുതൽ കളക്ട് ചെയ്ത സിനിമ 'തുടരും" ആണ്. പിന്നീട് ഇറങ്ങിയ ഒരു പടവും ഓടിയിട്ടില്ല. തിയേറ്ററുകൾ പൂട്ടിക്കിടക്കുകയാണ്. സാധാരണയുള്ളതാണ് ഈ പ്രതിഭാസം. ഇടയ്ക്കിടയ്ക്ക് ഒരു സിനിമ ഓടും. അതു കുറച്ച് കാശുണ്ടാക്കും. പിന്നെ കുറെപ്പേർ പടമെടുക്കാനെത്തും. അതിൽ പലതും ഓടില്ല. ഇതിങ്ങനെ തുടർന്നുകൊണ്ടിരിക്കുകയാണ്.
? റിലീസാകുന്ന സിനിമകളുടെ എണ്ണം കൂടുന്നുണ്ടല്ലോ.
എണ്ണത്തിന്റെ കാര്യത്തിൽ മാത്രമാണ് വർദ്ധന. വിജയശതമാനം കൂടുന്നില്ല. കഴിഞ്ഞ വർഷത്തെക്കാൾ മോശമായിരിക്കും ഈ വർഷം. ആരും സിനിമ വാങ്ങുന്നില്ല. തിയേറ്ററിൽ നിന്നുള്ള കളക്ഷൻ നോക്കിയിട്ടാണ് ബിസിനസ് നടക്കുന്നത്. ഒ.ടി.ടിയിൽ ബിസിനസ് ഇല്ലാതായി. വളറെ സെലക്ടീവായിട്ടാണ് പ്രേക്ഷകർ സിനിമ കാണാൻ വരുന്നത്.
? ഇങ്ങനെ പോയാൽ എവിടെ ചെന്നെത്തും.
അതൊന്നും പറയാൻ പറ്റില്ല. പ്രവചനാതീതമാണ് ഇവിടത്തെ ബിസിനസ്. സർക്കാർ പുതിയ പോളിസിയുമായി വരുന്നുണ്ടെന്ന് കേൾക്കുന്നു. സർക്കാർ തിരുത്തേണ്ട പലതുമുണ്ട്. ഇവിടെ ഇരട്ട നികുതിയാണ് ഈടാക്കുന്നത്. ജി.എസ്.ടിക്കു പുറമെ വിനോദ നികുതി കൂടി അടിച്ചേല്പിക്കുന്നു. മറ്റൊരിടത്തും അതില്ല. എല്ലാം കൂടി 30 ശതമാനം നികുതി കൊടുക്കണം.
? സിനിമാ കോൺക്ലേവിൽ പ്രശ്ന പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടോ.
കോൺക്ലേവിൽ എന്താണ് സർക്കാർ അവതരിപ്പിക്കുന്നതെന്ന് മനസിലാക്കിയ ശേഷമേ അതിനെക്കുറിച്ച് അഭിപ്രായം പറയാൻ സാധിക്കൂ. സിനിമാ പോളിസി എല്ലാ സംസ്ഥാനത്തുമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ സിനിമയ്ക്കായി വൻതുകയാണ് സബ്സിഡി നൽകുന്നത്. അവർ ടൂറിസവുമായി സിനിമയെ ബന്ധപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ സർക്കാരും സിനിമയെ ടൂറിസവുമായി ബന്ധപ്പെടുത്തുമെന്നാണ് പറയുന്നത്. ഇവിടെ അത് എത്രത്തോളം പ്രയോഗികമാണെന്ന് കണ്ടറിയണം.
അഞ്ചുലക്ഷം രൂപയുടെ സബ്സിഡി തന്നെ കിട്ടാതെ വരുന്ന അവസ്ഥയാണ് ഇവിടെ. ചിത്രാഞ്ജലിയിൽ സിനിമ ചെയ്താൽ ബില്ലിൽ അഞ്ചുലക്ഷം രൂപ കുറയും. അതു മാത്രാണ് ഏക നേട്ടം. സിനിമാ നിർമ്മാണത്തിന് 50 ലക്ഷം ചെലവു വന്നിരുന്ന കാലത്താണ് അഞ്ചുലക്ഷത്തിന്റെ സബ്സിഡി തീരുമാനിച്ചത്. ഇപ്പോൾ 50 കോടിയുടെ സിനിമ എടുക്കുമ്പോൾ അഞ്ചുലക്ഷം രൂപ 'ആനവായിൽ അമ്പഴങ്ങ" പോലെയായി പോകും.
? പുതിയ നിർമ്മാതാക്കൾ കണക്കുകൂട്ടുന്നതിനെക്കാൾ പണം ചെലവഴിക്കുന്നതായി തോന്നിയിട്ടുണ്ടോ.
നിർമ്മാണച്ചെലവ് ഭയങ്കരമായി കൂടി. 40- 50 ദിവസംകൊണ്ട് തീർന്നിരുന്ന സിനിമകൾ ഇപ്പോൾ 80 മുതൽ 120- 130 ദിവസത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. ഒരു നിർമ്മാതാവിന് താങ്ങാൻ പറ്റാത്ത രീതിയിലേക്കാണ് ചെലവ് കൂടുന്നത്. തിരിച്ചടി കിട്ടുമ്പോഴാണ് നിർമ്മാതാക്കൾക്ക് കാര്യം പിടികിട്ടുക. നിർമ്മാതാക്കൾ കുറെപ്പേർ വരുന്നുണ്ട്. ചിലരൊക്കെ ഒരുപടം എടുത്തിട്ട് പോകും. ചിലർ കുറച്ചുകാലം പിടിച്ചുനിൽക്കും.
ഒരു ഷോർട്ട് ഫിലിം ചെയ്ത പരിചയം മാത്രമുള്ളവർ പോലും സംവിധായകരായി എത്തുകയാണ്. കഴിഞ്ഞ വർഷം 82 പുതിയ സംവിധായകർ ഉണ്ടായിരുന്നു. അതിനു മുമ്പ് 112 പേർ. പകുതി സിനിമകൾ പുതിയ ആളുകളുടേതാണ്. ചെറിയ ശതമാനം പേരുടെ പടം തിയേറ്ററിൽ വിജയിക്കും. അവരുടെ അടുത്ത ചിത്രങ്ങൾ വിജയിച്ചാൽ അവർ രംഗത്ത് അറിയപ്പെടുന്നവരായി. അസിസ്റ്റന്റ് ഡയറക്ടറായും അസോസിയേറ്റായും ഒക്കെ പഠിച്ചു വരുന്നവർ വളരെ ചുരുക്കമാണ്. മുമ്പ് രാവിലെ ആറിന് ലൊക്കേഷനിലെത്തി, പ്രഭാത ഭക്ഷണത്തിനു മുമ്പ് ഒരു സീൻ തീർക്കുന്ന പതിവുണ്ടായിരുന്നു. ഇപ്പോൾ 11മണിക്കു മുമ്പ് ആരും സെറ്റിൽ വരില്ല.
? സാങ്കേതികവിദ്യയിൽ വന്ന മുന്നേറ്റം നിർമ്മാണച്ചെലവ് കുറയാൻ കാരണമായില്ലേ.
സാങ്കേതികരംഗത്ത് മാറ്റം വന്നപ്പോൾ നിർമ്മാണച്ചെലവ് കുറയുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷേ, തിരിച്ചാണ് സംഭവിച്ചത്. മുമ്പ് ക്യാമറയ്ക്ക് തുച്ഛമായ വാടകയായിരുന്നു. ഇപ്പോൾ അത് 50,000 ആയി. ഫിലിമിൽ ഷൂട്ട് ചെയ്തുകൊണ്ടിരുന്നപ്പോൾ ഒരു ടേക്ക്, അല്ലെങ്കിൽ രണ്ടോ മൂന്നോ ടേക്കിൽ സീൻ തീരും. ഇപ്പോൾ 15 ടേക്ക്, 20 ടേക്ക് വരെ പോകും. അത്രയും സമയം പോകും. എങ്ങനെ ചെലവ് കുറയ്ക്കാമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചർച്ച ചെയ്യുന്നത്.
? പുതിയ നിർമ്മാതാക്കൾക്ക് തുക വിനിയോഗത്തിന്റെ കാര്യത്തിൽ ഗൈഡ്ലൈൻ നൽകാറുണ്ടോ.
അവരെ നിയന്ത്രിക്കാൻ പറ്റില്ല. പുതിയ ആളുകൾ പോലും എല്ലാം അറിയാമെന്ന മട്ടിലാണ് സംസാരിക്കുന്നത്.
? ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ചർച്ചകളും കേസുമൊക്കെ ഏതാണ്ട് തീർന്ന മട്ടാണ്. അതിൽ അസോസിയേഷന്റെ നിലപാട് എന്താണ്?
അത് സർക്കാർ തീരുമാനിക്കട്ടെ; എന്തു ചെയ്യണമെന്ന്.
? ദക്ഷിണേന്ത്യൻ സിനിമകൾ ഓൾ ഇന്ത്യ മാർക്കറ്റ് നേടുന്നുണ്ട്. അത് നല്ല സൂചനയല്ലേ.
ചുരുക്കം ചില സിനിമകൾ മാത്രമെ അങ്ങനെ വിജയിക്കുന്നുള്ളൂ. പാൻ ഇന്ത്യ സിനിമയെന്നു പറഞ്ഞ് പലരും ഇവിടെയും സിനിമ നിർമ്മിക്കുന്നുണ്ട്. ആദ്യം പാൻ കേരള ഓടിച്ച് വിജയിപ്പിക്കട്ടെ. സിനിമ രക്ഷപ്പെടാൻ പ്രത്യേക ഫോർമുല ഒന്നുമില്ലല്ലോ. 50 ശതമാനം ഭാഗ്യമാണ്.
? മലയാള സിനിമയിൽ വയലൻസ് കൂടിവരുന്നത് സമൂഹത്തിന് ദോഷമാകില്ലേ.
അതുണ്ടാകാം. ഉള്ളടക്കം നന്നാക്കി എടുത്താൽ കാണാൻ പ്രേക്ഷകരുണ്ടാകും. വ്യത്യസ്തമായ കണ്ടന്റുമായി ഇപ്പോൾ ധാരാളം ചെറുപ്പക്കാർ രംഗത്തു വരുന്നുണ്ട്.
? 'തുടരും" സിനിമയിൽ വയലൻസ് കൂടുതലാണെന്നും, പഴയ മോഹൻലാലിനെ തിരിച്ചുകിട്ടിയെന്ന തരത്തിലുളള പ്രചാരണം ശരിയല്ലെന്നും കേൾക്കുന്നുണ്ട്.
പടം നല്ലതായതു കൊണ്ടാണല്ലോ ഓടിയത്. വെറുതെ വയലൻസ് കാണിച്ചാൽ സിനിമ ഓടില്ല. അതിൽ നല്ല കണ്ടന്റ് വേണമല്ലോ.
? പുതിയ സിനിമ നിർമ്മിക്കാൻ പ്ലാനുണ്ടോ.
ആലോചനയുണ്ട്. നല്ല സബ്ജക്ട് വരുമ്പോൾ ചെയ്യും. ഒരുപാട് നല്ല സംവിധായകർ ഇപ്പോഴുണ്ട്, വനിതകളും മികച്ച സിനിമകൾ ഒരുക്കുന്നുണ്ട്. നമ്മൾ എന്നും പ്രതീക്ഷയിലാണ്; നല്ലകാലം വരുമെന്ന പ്രതീക്ഷയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |