കൊച്ചി: പ്രമുഖ നക്‌സലൈറ്റ്, ദളിത് നേതാവും സാഹിത്യകാരനും ചിന്തകനുമായ കെ.എം. സലിംകുമാർ (76) അന്തരിച്ചു. ന്യൂമോണിയ മൂർച്ഛിച്ച് കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന്12ന് മൂലമറ്റം കരിപ്പിലങ്ങാട് വീട്ടുവളപ്പിൽ നടക്കും. തൊടുപുഴ വെള്ളിയാമറ്റം പരേതരായ കുന്നത്തു മാണിക്കന്റെയും കോതയുടെയും മകനാണ്. കൊലുമ്പൻ പുത്തൻപുരയ്ക്കലാണ് വളർത്തച്ഛൻ. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: ഡോ. പി.എസ്. ഭഗത്, പി.എസ്. ബുദ്ധ. മരുമകൻ: ഗ്യാവിൻ ആതിഷ്.
അധഃസ്ഥിത നവോത്ഥാന മുന്നണി സംസ്ഥാന കൺവീനർ, ദളിത് ഐക്യ സമിതി സംസ്ഥാന കൺവീനർ, കേരള ദളിത് മഹാസഭ സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കാക്കനാട് വാഴക്കാല ദേശീയ കവലയ്‌ക്ക് സമീപമാണ് വർഷങ്ങളായി താമസിച്ചിരുന്നത്.
1969ൽ എറണാകുളം മഹാരാജാസ് കോളേജിൽ പഠിക്കവേ നക്‌സലൈറ്റ് പ്രസ്ഥാനവുമായി അടുത്തു. രണ്ടു പതിറ്റാണ്ട് സി.ആർ.സി, സി.പി.ഐ (എം.എൽ) സംഘടനകളുടെ നേതൃസ്ഥാനത്തുണ്ടായിരുന്നു. അടിയന്തരാവസ്ഥയിൽ 17 മാസം ജയിലിലായി. 1989ൽ അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ ഭാഗമായി ദളിത് സംഘടനാ പ്രവർത്തനത്തിൽ കേന്ദ്രീകരിച്ചു. രക്തപതാക മാസിക, ദളിത് ഐക്യശബ്ദം ബുള്ളറ്റിൻ, ദളിത് മാസിക എന്നിവയുടെ എഡിറ്ററുമായിരുന്നു.
സംവരണവും സമവായത്തിന്റെ രാഷ്ട്രീയവും, ദളിത് പ്രത്യയശാസ്ത്രവും സമുദായവത്കരണവും, ഭൂമിയുടെ ജാതിയും രാഷ്ട്രീയവും (എഡിറ്റർ), നെഗ്രിറ്റ്യൂഡ്, സംവരണം ദളിത് വീക്ഷണത്തിൽ, ദളിത് ജനാധിപത്യ ചിന്ത, ഹിന്ദു ഫാസിസം, വംശമേധാവിത്വത്തിന്റെ സൂക്ഷ്മതലങ്ങൾ തുടങ്ങിയവയാണ് രചനകൾ. 'കടുത്ത" എന്ന പേരിൽ ആത്മകഥ ചികിത്സയ്ക്കിടെ പൂർത്തീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |