വർക്കല: നാരായണഗുരുകുലത്തിലെ സന്യാസിശ്രേഷ്ഠൻ സ്വാമി കൃഷ്ണാനന്ദസരസ്വതി (78) സമാധിയായി. ഗുരുനാരായണഗിരിയിലെ ഈസ്റ്റ്-വെസ്റ്റ് യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ചുമതല വഹിച്ചിരുന്നു. ഗുരുകുലത്തിൽ ഉച്ചയോടെ പൊതുദർശനത്തിനു വച്ച ഭൗതികദേഹത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ,പെരുമ്പാവൂർ മംഗലഭാരതി ആശ്രമം കാര്യദർശി സ്വാമിനി ജ്യോതിർമയി ഭാരതി, ശിവഗിരി മാസിക മാനേജർ സ്വാമി സുരേശ്വരാനന്ദ, സ്വാമി വിരജാനന്ദഗിരി, സ്വാമി ദേശികാനന്ദയതി, സ്വാമി സുകൃതാനന്ദ, ശിവഗിരി മഠം പി.ആർ.ഒ ഇ.എം.സോമനാഥൻ , വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി, ഡോ.എസ്.ജയപ്രകാശ്, ഡോ.ബി.സുഗീത തുടങ്ങിയവരും ശ്രീനടരാജസംഗീതസഭ അംഗങ്ങളും വിവിധ സാമൂഹ്യ സംസ്കാരിക പ്രവർത്തകരും ഗുരുകുല ബന്ധുക്കളും അന്തിമോപചാരം അർപ്പിച്ചു. നാരായണഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനിനാരായണപ്രസാദിന്റെ നേതൃത്വത്തിൽ പ്രത്യേകപ്രാർത്ഥന നടന്നു .നാരായണ ഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ,സ്വാമി തന്മയ തുടങ്ങിയവർ സമാധിചടങ്ങുകൾക്ക് നേതൃത്വം നൽകി .
പി.മോഹൻലാൽ എന്നാണ് സ്വാമി കൃഷ്ണാനന്ദയുടെ പൂർവ്വാശ്രമനാമം . കൊല്ലം കടപ്പാക്കട കൈരളി മന്ദിരത്തിൽ പി.പത്മനാഭൻ മുതലാളിയുടെയും കെ.ജി.ദേവകി അമ്മയുടെയും മകനായി ജനനം. വിദ്യാഭ്യാസത്തിനു ശേഷം വിദേശത്തു ജോലി നോക്കിയിരുന്ന അദ്ദേഹം തിരികെ നാട്ടിലെത്തി ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പിൽക്കാലത്താണ് ഗുരുകുലത്തിൽ എത്തുന്നതും നാരായണ ഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനിനാരായണപ്രസാദിനെ കാണുന്നതും . ആത്മീയതയുടെ അകംപൊരുളിൽ കഴിഞ്ഞ 20 വർഷത്തിലധികമായി വർക്കല നാരായണഗുരുകുലത്തിൽ സന്യാസജീവിതം നയിച്ചുവരുകയായിരുന്നു .
ഭാര്യ: പരേതയായ പി.ലളിതാംബിക. മകൻ: എം.സുരേഷ്‌ബാബു. സഹോദരങ്ങൾ: പി.വേണുഗോപാൽ, പി.ലളിതാംബിക, പരേതരായ പി.ത്യാഗരാജൻ, പി.സുന്ദർലാൽ, പി.ജയപ്രകാശ്, പി.സരോജിനിദേവി,പി.സതിദേവി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |