കുമളി: ജലനിരപ്പ് റൂൾ കർവ് പരിധിയായ 136 അടി കവിഞ്ഞതിനെ തുടർന്ന് മൂന്ന് വർഷത്തിന് ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ആകെയുള്ള 13 സ്പിൽവേ ഷട്ടറുകളും തുറന്നു. ഇന്നലെ രാവിലെ 11.35നാണ് ജലനിരപ്പ് 136.25 അടിയിലെത്തി നിൽക്കെ 13 ഷട്ടറുകളും 10 സെന്റി മീറ്റർ ഉയർത്തി സെക്കൻഡിൽ 250 ഘനയടി ജലം പെരിയാറ്റിലേക്ക് ഒഴുക്കിയത്. ജലനിരപ്പ് കാര്യമായി താഴാത്തതിനെ തുടർന്ന് വൈകിട്ട് നാല് മണിയോടെ ഉയർത്തിയ ഷട്ടറുകളുടെ അളവ് 30 സെന്റി മീറ്ററായി കൂട്ടി. എന്നാൽ പെരിയാറിൽ ഇതുവരെ കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല. അടിയന്തര സാഹചര്യമുണ്ടായാൽ പെരിയാറിന്റെ തീരപ്രദേശങ്ങളിലുള്ളവരെ മാറ്റി പാർപ്പിക്കാൻ ഇടുക്കി ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 136.25 അടി തന്നെയാണ് ഡാമിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് ലഭിക്കുന്ന മഴയുടെ അളവ് കുറഞ്ഞതോടെ നീരൊഴുക്ക് സെക്കൻഡിൽ 2788.08 ഘനയടി ജലമായി താഴ്ന്നിട്ടുണ്ട്. സെക്കൻഡിൽ 2117 ഘനയടി ജലം തമിഴ്നാട് ടണൽ വഴി വൈഗ ഡാമിലേക്കും കൊണ്ടുപോകുന്നുണ്ട്. ശനിയാഴ്ച രാത്രി 10ന് ജലനിരപ്പ് റൂൾ കർവായ 136 അടിയിലെത്തിയിരുന്നു. എന്നാൽ രാത്രി ഷട്ടറുകൾ തുറക്കരുതെന്ന് ഇടുക്കി ജില്ലാ കളക്ടർ തമിഴ്നാടിനോട് നേരത്തെ അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12ന് ഡാം തുറക്കുമെന്ന് രാവിലെ തമിഴ്നാട് അറിയിച്ചു. എന്നാൽ11.35ന് ഷട്ടറുകൾ തുറക്കുകയായിരുന്നു. മുൻ വർഷങ്ങളിൽ മുന്നറിയിപ്പില്ലാതെ രാത്രി ഷട്ടറുകൾ കൂട്ടത്തോടെ തുറന്നതിനെ തുടർന്ന് പെരിയാറിന് തീരപ്രദേശങ്ങളിലെ വീടുകളിലെല്ലാം വെള്ളം കയറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |