പൊലീസിനും രക്ഷയില്ലെന്ന് വ്യക്തമാക്കുന്ന കാഴ്ചകളായിരുന്നു തൃശൂരിലെ നെല്ലങ്കരയിൽ കഴിഞ്ഞ ദിവസമുണ്ടായ ഗുണ്ടാരാജ്. പുലർച്ചെ ലഹരി പാർട്ടിക്കിടയിൽ പരസ്പരം പോരടിച്ച ശേഷം പിടികൂടാനെത്തിയെ പൊലീസിനെ ആക്രമിച്ച് ഗുണ്ടകൾ വിളയാടുന്നത് അടുത്ത കാലത്തൊന്നും തൃശൂരിലുണ്ടായിട്ടില്ല. തീക്കനലിൽ ഉറുമ്പ് ഓടി നടക്കുന്ന കാഴ്ചയാണ് കണ്ടത്.
ജീവൻ പണയം വെച്ചായിരുന്നു പൊലീസ് ഗുണ്ടകളുമായുള്ള ഏറ്റുമുട്ടൽ. മൂർച്ചയേറിയ വടികളുമായി പാഞ്ഞടുത്ത ഗുണ്ടകൾക്കു മുന്നിൽ യാതൊരു ആയുധങ്ങളുമില്ലാതെ നിന്നിരുന്ന പൊലീസുകാർക്ക് ആദ്യം പിൻവാങ്ങുകയെ രക്ഷയുണ്ടായിരുന്നുള്ളു. അവസാനം സമീപ സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പൊലീസ് എത്തിയതോടെ വീടും പരിസരവും വളഞ്ഞ് ആറു പ്രതികളെയും പിടികൂടുകയായിരുന്നു.
പ്രതികളിലൊരാളുടെ വീട്ടിൽ നടന്ന പാർട്ടിയാണ് ആക്രമണത്തിൽ കലാശിച്ചത്. മണ്ണുത്തി സ്റ്റേഷൻ പരിധിയിലെ സ്ഥിരം ക്രിമിനലുകളും കൊലപാതകം ഉൾപ്പടെ നിരവധി കേസുകളിലെ പ്രതികളുമാണ് പൊലീസിനെ ആക്രമിച്ചത്. ഗ്രേഡ് എസ്.ഐ ജയൻ, ശ്യംകുമാർ, അജു, ഷിജു, ഷനോജ് എന്നി പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ജയന്റെ അണപ്പല്ല് നഷ്ടപ്പെട്ടിട്ടുണ്ട്. അജുവിന് തലയ്ക്ക് പരിക്കേറ്റു. ഇരുവരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി. ലഹരി പാർട്ടിയിലെ സംഘർഷം അറിഞ്ഞ് ഒമ്പത് പൊലീസുകാരാണ് ആദ്യം എത്തിയത്. എന്നാൽ ഇവരെ കീഴ്‌പ്പെടുത്താൻ സാധിക്കില്ലെന്ന് കണ്ടതോടെ കൂടുതൽ പൊലീസിനെ വരുത്തിയാണ് ഇവരെ വളഞ്ഞ് പിടികൂടിയത്. ഗുണ്ടാസംഘങ്ങൾ മൂന്നു പൊലീസ് വാഹനങ്ങളാണ് അടിച്ചു തകർത്തത്.
ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. മണ്ണുത്തി പൊലീസിന്റെ ഒരു വാഹനവും തൃശൂർ പൊലീസ് കൺട്രോൾ റൂമിലെ രണ്ട് വാഹനങ്ങളുമാണ് ക്രിമിനലുകൾ തകർത്തത്. മുൻവശത്തെ ചില്ലുകൾ, ബോണറ്റ്, പിൻഭാഗം ഉൾപ്പടെ കമ്പി വടികൊണ്ടും വടിവാൾ കൊണ്ടും അടിച്ചു തകർക്കുകയായിരുന്നു.
മാരകായുധങ്ങൾ
യഥേഷ്ടം
ഗുണ്ടാസംഘങ്ങൾ യഥേഷ്ടം മാരകായുധങ്ങൾ കെെവശം വയ്ക്കുന്നുവെന്നതാണ് തൃശൂരിൽ കഴിഞ്ഞ ദിവസമുണ്ടായ അക്രമം വ്യക്തമാക്കുന്നത്. ഗുണ്ടകൾ തമ്പടിക്കുന്നതും ലഹരിപാർട്ടികൾ പൊതുസ്ഥലത്ത് പാേലും നടത്തുന്നതും പൊലീസ് അറിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പക്ഷേ, നാട്ടുകാർ പലതും കണ്ടില്ലെന്ന് നടിക്കുന്നതാണ് ഇത്തരം അക്രമങ്ങൾക്ക് വഴിമരുന്നിടുന്നതെന്നാണ് മറ്റൊരു പ്രധാനപ്പെട്ട സംഗതി. ഇടപെടാനോ ചോദ്യം ചെയ്യാനാേ ആരെങ്കിലും ശ്രമിച്ചാൽ ഗുണ്ടകൾ ആക്രമിക്കുമെന്ന ഭയം ജനങ്ങൾക്കുണ്ട്. ഗുണ്ടകൾ തമ്മിലുളള സംഘർഷം രൂക്ഷമായതോടെ പ്രതികളിലൊരാളുടെ അമ്മയാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചത്. കൺട്രോൾ റൂമിൽ നിന്നും മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ നിന്നുമായി രണ്ട് ജീപ്പുകളിലായി പൊലീസ് സ്ഥലത്തെത്തി. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ പൊലീസിനെ ആക്രമിക്കുകയായിരുന്നു. ലാത്തിയുമായി പ്രതികളെ നേരിടാൻ എത്തിയ പൊലീസുകാരെ വടിവാളും കമ്പികളുമായാണ് ഗുണ്ടകൾ നേരിട്ടത്. രണ്ടു പൊലീസ് വണ്ടികളും ഇവർ തകർത്തു.
പോരാട്ടം രണ്ട്
മണിക്കൂറോളം
പുലർച്ചെ രണ്ടര മുതൽ രണ്ട് മണിക്കൂറോളം നെല്ലങ്കരയിൽ പൊലീസും ഗുണ്ടാ സംഘങ്ങളും തമ്മിൽ പോരാടുന്നതാണ് സംഭവിച്ചത്. പൊലീസ് ആദ്യം പതറിയെങ്കിലും കൂടുതൽ പൊലീസ് എത്തി സംഘത്തെ ധീരമായി നേരിട്ടു. തുടക്കത്തിൽ പരസ്പരം പോരാടിയ ഗുണ്ടാ സംഘങ്ങൾ പിന്നീട് ഒന്നിച്ച് പൊലീസിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ പൊലീസിനെ എത്തിച്ചാണ് മണിക്കൂറുകൾ നീണ്ട പോരാട്ടത്തിൽ സംഘത്തെ അതിസാഹസികമായി കീഴടക്കിയത്. കൂടുതൽ പൊലീസ് എത്തിയതോടെ വീടും പരിസരവും വളഞ്ഞ് ആറുപേരെ പിടികൂടുകയായിരുന്നു. പതിനഞ്ചോളം പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പറയുന്നു. മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഗുണ്ടകൾ തമ്മിലുള്ള പരസ്പരം ഏറ്റുമുട്ടലിലും പൊലീസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലും പ്രതികൾക്ക് പരിക്കേറ്റിട്ടുണ്ട്. കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയാണ് പലരും.
25 വയസു പോലുമായിട്ടില്ല
പിടിയിലായ പ്രതികളിൽ ഒരാളൊഴികെ എല്ലാവരും 25 വയസിൽ താഴെ മാത്രം പ്രായമുള്ളവരാണ്. എല്ലാവരുടെയും പേരിൽ ക്രിമിനിൽ കേസുകളും നിലവിലുണ്ട്. പ്രതികളിൽ ഒരാൾക്ക് 18 ഉം മറ്റൊരാൾക്ക് 19 വയസുമാണ് പ്രായം.
സംഘർഷത്തിന് ശേഷം പ്രതികളിൽ നിന്ന് മാരകായുധങ്ങളും പിടിച്ചെടുത്തു. വടിവാൾ, കമ്പിപ്പാര, ഇടിക്കട, കത്തി ഉൾപ്പടെ നിരവധി ആയുധങ്ങൾ പിടിച്ചെടുത്തവയിൽ ഉൾപ്പെടും. അധികമാരും കടന്നുചെല്ലാത്ത വിജനമായ പ്രദേശത്താണ് ഗുണ്ടാസംഘം ഒത്തുകൂടിയത്. പ്രതികളിൽ ഒരാൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലം കൂടിയാണിത്. ഗുണ്ടാസംഘാംഗങ്ങളുടെ ചേരി തിരിഞ്ഞുള്ള സംഘട്ടനം നിയന്ത്രിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ മക്കൾക്കും ഗുണ്ടാസംഘാംഗങ്ങൾക്കുമെതിരെ പ്രതികളുടെ അമ്മയും മണ്ണുത്തി പൊലീസിൽ പരാതി നൽകി. ഈ പരാതിയിലും പൊലീസിനെ ആക്രമിച്ച സംഭവത്തിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പൊലീസ് പൊലീസിനെ
പോലെ പെരുമാറി
ഗുണ്ടാ ആക്രമണത്തിൽ പൊലീസ് വാഹനം തല്ലിത്തകർത്തതിൽ നാല് ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. അതേസമയം, സിറ്റി പൊലീസ് കമ്മിഷണറുടെ കമന്റ് സാമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.
പിടിയിലായ ഗുണ്ടാസംഘങ്ങളിൽ പലരുടെ കൈയും കാലും പ്ലാസ്റ്ററിട്ടതിന്റെ വീഡിയോ ദൃശ്യം സഹിതമാണ് സാമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. പൊലീസ് നടപടിക്ക് അഭിവാദ്യം അർപ്പിച്ച് സ്ത്രീകളടക്കമുള്ളവർ റീൽസ് സഹിതമാണ് പോസ്റ്റ് ചെയ്തത്. പൊലീസ് പൊലീസിന്റെ പണി ചെയ്താൽ ഇത്തരം ഗുണ്ടകളെ അമർച്ച ചെയ്യാൻ സാധിക്കുമെന്ന് തുടങ്ങി നൂറുക്കണക്കിന് കമന്റാണ് ഓരോ പോസ്റ്റിലും നിറയുന്നത്. പൊലീസുകാർക്കിടയിലും കമ്മിഷണറുടെ കമന്റ് ആവേശം പകരുന്നതായി. പല പൊലീസുകാരും കമ്മിഷണറുടെ കമന്റ് മൊബൈൽ ഫോണിൽ സ്റ്റാറ്റസാക്കി. അതേസമയം ക്രിമിനലുകൾക്കുള്ള ശക്തമായ താക്കീത് കൂടിയായി ഈ കമന്റ്. ഗുണ്ടാ സംഘങ്ങൾ തമ്മിലടിക്കുന്നത് അറിഞ്ഞെത്തിയ പൊലീസിനെ ആദ്യം ഗുണ്ടാസംഘങ്ങൾ ആക്രമിക്കുകയും വാഹനങ്ങൾ തല്ലി തകർക്കുകയും ചെയ്തിരുന്നെങ്കിലും പിന്നീട് ഇരുട്ടിന്റെ മറവിൽ നിന്ന് ആക്രമിച്ച ഗുണ്ടകളെ സാഹസികമായി പിടികൂടുകയായിരുന്നു പൊലീസ് സംഘം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |