SignIn
Kerala Kaumudi Online
Thursday, 10 July 2025 12.04 AM IST

സ്ത്രീ​പ​ക്ഷ​ ന​വ​കേ​ര​ള​ത്തി​ലേ​ക്ക്

Increase Font Size Decrease Font Size Print Page
ssf

സമ്പദ് വ്യവസ്ഥയിൽ വലിയ കുതിപ്പ് ലക്ഷ്യമിടുമ്പോഴും സ്ത്രീകൾ ഉത്പാദന പ്രക്രിയയിൽ നിന്ന് അകന്നു നിൽക്കുന്നത് ഏതു നാടിനും വെല്ലുവിളിയാണ്. കേരളത്തിൽ പക്ഷേ,​ സ്ത്രീപക്ഷ നവകേരളമെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ഇടതു സർക്കാർ, വലിയ പരിഷ്‌കാരങ്ങളാണ് ഈ രംഗത്ത് നടപ്പാക്കുന്നത്. സ്ത്രീ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുള്ള പരമാവധി മൂലധന സഹായവും,​ പണേതര പിന്തുണയും,​ അടിസ്ഥാന സൗകര്യ വികസനവും ഉൾപ്പെടെയുള്ള സഹായം ഉറപ്പാക്കി സംസ്ഥാന വനിതാ വികസന കോർപറേഷൻ ഈ ദൗത്യത്തിന്റെ അമരത്ത് നിൽക്കുകയാണ്.

സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കി സ്ത്രീകളുടെ സാമൂഹിക പദവി ഉയർത്തിക്കൊണ്ട് സാമൂഹിക നവോത്ഥാനത്തിനാണ് വനിതാ വികസന കോർപ്പറേഷൻ നേതൃത്വം നൽകുന്നത്. വിദ്യാഭ്യാസ നിലവാരത്തിൽ രാജ്യത്തും ലോകത്താകെയും മുന്നിൽ നിൽക്കുന്നവരാണ് കേരളത്തിലെ സ്ത്രീകൾ. തൊഴിൽ ശക്തിയെന്ന നിലയിൽ കരുത്തുള്ള സമൂഹമാണെങ്കിലും ബഹുഭൂരിപക്ഷവും ഉത്പാദന പ്രക്രിയയുടെ ഭാഗമല്ല. ജോലിയുള്ള സ്ത്രീകളിൽ പത്തു ശതമാനം പേർക്കു പോലും സമ്പാദ്യമില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ സ്ത്രീകളെ സംരംഭകത്വത്തിലേക്കും അതുവഴി സ്വാശ്രയത്വത്തിലേക്കും എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് കോർപറേഷൻ നടപ്പാക്കുന്നത്.

സംരംഭകത്വ

പ്രോത്സാഹനം

കോർപ്പറേഷൻ നിലവിൽ വന്ന് 37 വർഷങ്ങൾ പിന്നിടുമ്പോൾ ഇതുവരെയായി 2000 കോടിയിലധികം രൂപ സംരംഭക വായ്പയായി നൽകിയിട്ടുണ്ട്. സ്വയം തൊഴിൽ, ലഘു വായ്പാ പദ്ധതികൾ വഴി മൂലധനമടക്കം നൽകുന്നതോടൊപ്പം ഉന്നത വിദ്യാഭ്യാസം സാദ്ധ്യമാക്കാൻ വിദ്യാഭ്യാസ വായ്പയും കോർപറേഷൻ നൽകുന്നുണ്ട്, ഏറ്റവും കുറഞ്ഞ (രണ്ട് മുതൽ ആറര ശതമാനം വരെ) പലിശ നിരക്ക്, വിവിധ വിഭാഗങ്ങളിലായി 50 ലക്ഷം വരെ സ്വയം തൊഴിൽ വായ്പ, 40 ലക്ഷം വരെ വിദ്യാഭ്യാസ വായ്പയും നൽകുന്ന കോർപറേഷൻ, സ്വയം തൊഴിൽ സംഘങ്ങൾക്ക് മൂന്നുകോടി രൂപ വരെ ധനസഹായം ഉറപ്പാക്കുന്നു.

സ്ത്രീ സംരംഭങ്ങളുടെ പ്രൊജക്ട് ഫീസിബിലിറ്റി പഠനം, ബിസിനസ് ഇൻകുബേഷൻ ഹബ്, പ്രൊജക്ട് ഡെവലപ്‌മെന്റ്, ഓൺലൈൻ മാർക്കറ്റിംഗ്, ഇന്നൊവേഷൻ ക്ലാസ്റൂം, കരിയർ കൺസൾട്ടൻസി സർവീസ്, റിസർച്ച് വിംഗ് എന്നിവ പ്രൊജക്ട് കൺസൾട്ടൻസിയുടെ ഭാഗമാണ്. സംരംഭകത്വ വികസന സമിതി, നൈപുണ്യ വികസന ഇടപെടൽ പരിപാടി, മെന്ററിംഗിനുള്ള സമഗ്ര സമീപനം എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിച്ച് സംരംഭകർക്ക് പ്രൊജക്ട് കൺസൾട്ടൻസി സഹായം നൽകുന്നു. കുടുംബശ്രീ ഉൾപ്പെടെ വിവിധ ഏജൻസികളെയും വിദഗ്ദ്ധരെയും സംസ്ഥാന തലത്തിൽ കൺസൾട്ടൻസിക്കായി എംപാനൽ ചെയ്യുന്നു. ഉത്പന്നത്തിന്റെ വിപണന സാധ്യത, നികുതിയെക്കുറിച്ചും അക്കൗണ്ടുകൾ കൃത്യമായി സൂക്ഷിക്കുന്നതിനെക്കുറിച്ചുമുള്ള അറിവ് എന്നിവ നൽകി സ്ത്രീ സംരംഭകർക്ക് വിപണിയെക്കുറിച്ച് കൃത്യമായ ദിശാബോധം നൽകുന്ന സംരംഭകത്വ വികസന പരിശീലന പരിപാടിയും കോർപറേഷൻ നടപ്പാക്കുന്നുണ്ട്.

പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തുന്ന വനിതകൾക്കായി നോർക്ക റൂട്ട്സുമായി സഹകരിച്ച് പരമാവധി 30 ലക്ഷം രൂപ വരെ നോർക്ക വനിതാമിത്ര സ്വയംതൊഴിൽ വായ്പാ പദ്ധതി വഴി ലഭ്യമാക്കുന്നുണ്ട്. കൃത്യമായി വായ്പാ തിരിച്ചടവു നടത്തുന്ന അപേക്ഷകയ്ക്ക് പരമാവധി മൂന്നുലക്ഷം രൂപ വരെ മൂലധന സബ്സിഡിയും, ആദ്യത്തെ നാലുവർഷം വായ്പാ തുകയിന്മേൽ മൂന്നു ശതമാനം പലിശ സബ്സിഡിയും അനുവദിക്കും. സംസ്ഥാന സർക്കാരുമായി ചേർന്ന് നടപ്പാക്കുന്ന 'സ്‌മൈൽ കേരള" സമാശ്വാസ വായ്പാ പദ്ധതി വഴി പരമാവധി അഞ്ചുലക്ഷം രൂപ സഹായം നൽകും. കൊവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ ആശ്രിതരായ,​ 18നും 55നുമിടയ്ക്ക് പ്രായമുള്ള വനിതകൾക്കാണ് വായ്പ. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് ഒരു ലക്ഷംരൂപ വരെ സബ്സിഡി ലഭിക്കും.

സേവന

പദ്ധതികൾ

സ്ത്രീകൾക്കായുള്ള 181 വിമൻ ഹെൽപ് ലൈൻ ഏതു സമയത്തും കാവലാളായി പ്രവർത്തിക്കുന്ന സംവിധാനമാണ്. ആശുപത്രി, പൊലീസ് സേവനം തുടങ്ങിയവ വേഗത്തിൽ ലഭ്യമാക്കാനും സർക്കാർ സേവനങ്ങളെക്കുറിച്ച് കൃത്യമായ അറിവ് നൽകാനും ഈ ഹെൽപ്‌ലൈൻ സഹായിക്കുന്നു. ഹെൽപ് ലൈനിലെ നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേറ്റർ ഒഴികെ എല്ലാ ജീവനക്കാരും സ്ത്രീകളും,​ നിയമത്തിലോ സോഷ്യൽ വർക്കിലോ ഉന്നത ബിരുദം നേടിയ പ്രൊഫഷണലുകളുമാണ്.

സ്‌കൂളുകളിൽ ആറു മുതൽ 12 വരെ ക്ലാസുകളിലെ പെൺകുട്ടികൾക്ക് സൗജന്യമായി ഗുണമേന്മയേറിയ സാനിട്ടറി നാപ്കിനുകൾ, ഇവ സൂക്ഷിക്കാനുള്ള സ്റ്റീൽ അലമാര, ഉപയോഗിച്ച നാപ്കിനുകൾ കത്തിക്കാനുള്ള ഇൻസിനറേറ്റർ എന്നിവ സ്ഥാപിക്കുന്ന 'ഷീ പാഡ്" പദ്ധതിയും കോർപ്പറേഷന്റേതാണ്. 6.5 ലക്ഷം വിദ്യാർത്ഥികൾക്ക് ഇതിന്റെ ഗുണം ലഭിച്ചു. ആർത്തവ ശുചിത്വ അവബോധവും ഇതോടൊപ്പം നൽകുന്നുണ്ട്. പഞ്ചായത്തുകൾ മുഖേന,​ മുതിർന്ന വനിതകൾക്ക് പുനരുപയോഗിക്കാവുന്ന സ്ത്രീ ശുചിത്വ ഉത്പന്നമായ മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യുന്നുണ്ട്.

തൊഴിൽ

പരിശീലനം

കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ മേഖലയിലെ ഉന്നമനത്തിനായി സർക്കാർ മേഖലയിലുള്ള, ഇന്ത്യയിൽത്തന്നെ ആദ്യത്തെ ഫിനിഷിംഗ് സ്‌കൂളാണ് റീച്ച് (റിസോഴ്സ് എൻഹാൻസ്‌മെന്റ് അക്കാഡമി ഫോർ കരിയർ ഹൈറ്റ്സ്). പൈത്തൺ, ഡാറ്റാ സയൻസ്, വെബ് ഡിസൈനിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി അനലിസ്റ്റ് തുടങ്ങി വിവിധ കോഴ്സുകളിലാണ് പരിശീലനം. തിരുവനന്തപുരത്തും, കണ്ണൂരിലുമുള്ള ഈ കേന്ദ്രം വഴി ആയിരം സ്ത്രീകൾക്കാണ് ഇപ്പോൾ പ്രതിവർഷം പരിശീലനം നൽകുന്നത്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, വ്യക്തിത്വ വികസന പരിശീലന പരിപാടിയായ 'സ്വത്വ" മുതലായവ ഇതിന്റെ ഭാഗമാണ്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് 100 ശതമാനം തൊഴിൽ ഉറപ്പ് നൽകുന്നു എന്നതാണ് പദ്ധതിയുടെ സവിശേഷത.

വിദേശ രാജ്യങ്ങളിൽ വർദ്ധിച്ചു വരുന്ന ജോലി സാദ്ധ്യത കണക്കിലെടുത്താണ് നഴ്സുമാർക്ക് തൊഴിലധിഷ്ഠിത നൈപുണ്യ വികസന പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ 100 കോളേജുകളിൽ കോർപ്പറേഷൻ ആവിഷ്‌കരിച്ച വിമൻ സെൽ പ്രവർത്തിക്കുന്നുണ്ട്. കൗമാരപ്രായത്തിൽത്തന്നെ ലിംഗാവബോധം, സാമൂഹ്യാവബോധം, സൃഷ്ടിപരമായ കഴിവുകൾ,​ ഇച്ഛാശക്തി എന്നിവ വളർത്തുന്നതിനുള്ള വിവിധ പരിപാടികളാണ് വിമൻ സെൽ വഴി നടത്തുന്നത്. പ്രതിവർഷം 20000 വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നു. ഇതിനോട് അനുബന്ധിച്ചുള്ളതാണ് സ്ത്രീകളിൽ നേതൃത്വ വികസനത്തിനായുള്ള 'ഫ്യൂച്ചർ വിമൻ ലീഡേഴ്സ് പ്രോഗ്രാം." കോളേജുകളിലെ വിമൻ സെല്ലിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെടുന്ന വിദ്യാർത്ഥിനികൾക്ക് അഡ്മിനിസ്‌ട്രേഷനിലും നേതൃത്വ പരിശീലനത്തിലും 100 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനം സംഘടിപ്പിക്കുന്നതാണ് ഇത്.

വിവിധ വകുപ്പുകളിൽ നിന്നുള്ള റിസോഴ്സ് പേഴ്സൺമാരും പ്രമുഖ വനിതാ നേതാക്കളും അക്കാഡമിക് വിദഗ്ദ്ധരും വിവിധ ഓറിയന്റേഷനും പരിശീലന സെഷനുകളും നിർവഹിക്കും. ഇതിനു പുറമെ,​ സ്ത്രീകൾ, കുട്ടികൾ, ലൈംഗിക ന്യൂനപക്ഷങ്ങൾ എന്നിവ‌ർക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ഫലപ്രദമായ പൊലീസ് ഇടപെടൽ സാദ്ധ്യമാക്കുന്നതിന് 'ബോദ്ധ്യം"- ലിംഗാവബോധ പരിശീലന പരിപാടിയും നടപ്പാക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ,​ പത്തനംതിട്ട ജനറൽ ആശുപത്രിയിലും,​ ഇടുക്കി പീരുമേട് താലൂക്ക് ആശുപത്രിയിലും ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷന്റെ ഫണ്ട് ഉപയോഗിച്ച് എക്‌സ്‌റേ റൂം വനിതാ വികസന കോർപ്പറേഷൻ സജ്ജീകരിച്ചിട്ടുണ്ട്.

TAGS: WOMEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.