ഇന്ത്യൻ കായികരംഗത്ത്, പ്രത്യേകിച്ച് അത്‌ലറ്റിക്സിൽ സുവർണ മുദ്ര പതിപ്പിച്ച സംസ്ഥാനമാണ് കേരളം. പി.ടി ഉഷ, ഷൈനി വിൽസൺ, അഞ്ജു ബോബി ജോർജ്, ടി.സി യോഹന്നാൻ, സുരേഷ് ബാബു തുടങ്ങിയ അത്‌ലറ്റിക്സ് പ്രതിഭകൾക്ക് ജന്മം നൽകിയ നാട്. ഈ അടുത്ത കാലംവരെയും ഇന്ത്യൻ അത്‌ലറ്റിക്സിൽ മലയാളികളുടെ മേധാവിത്വമായിരുന്നു. എന്നാൽ ഇന്ന് ദേശീയ അത്‌ലറ്റിക് മീറ്റുകളിൽ മെഡൽ നേടുന്ന മലയാളികളെ മഷിയിട്ടു നോക്കണം. സബ് ജൂനിയർ, ജൂനിയർ തലങ്ങളിലാണ് കേരളത്തിന്റെ പിന്നോട്ടുപോക്ക് ഏറ്റവുമധികം നിഴലിക്കുന്നത്. അത്‌ലറ്റിക്സിലെ കേരളത്തിന്റെ പ്രൗഢപാരമ്പര്യം പഴങ്കഥയായി മാറുമെന്ന നിലയിലേക്കുള്ള ഈ പോക്ക് തുടർന്നാൽ അഞ്ചുകൊല്ലം കഴിയുമ്പോഴേക്കും സീനിയർ തലത്തിൽ മത്സരിക്കാൻ വിരലിലെണ്ണാവുന്ന മലയാളി താരങ്ങൾപോലും ഉണ്ടായേക്കില്ല. ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച, അൻസാർ എസ്. രാജ് തയ്യാറാക്കിയ 'ട്രാക്കിൽ നിന്ന് കേരളം മായുമ്പോൾ" എന്ന പരമ്പരയിൽ ചൂണ്ടിക്കാട്ടിക്കാട്ടിയിരുന്നു.
സംസ്ഥാന സർക്കാരിന്റെയും കായിക വകുപ്പിന്റെയും സ്പോർട്സ് കൗൺസിലിന്റെയുമൊക്കെ കീഴിലുള്ള സ്പോർട്സ് ഹോസ്റ്റലുകളുടെയും സ്റ്റേഡിയങ്ങളുടെയും ദുരവസ്ഥയാണ് കേരളത്തെ ഈ നിലവാരത്തിലേക്ക് എത്തിച്ചത്. ഈ വർഷമാദ്യം ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസിൽ കേരളം 14-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ തൊടുന്യായങ്ങൾ നിരത്തി രക്ഷപ്പെടാനാണ് കായിക മേധാവികൾ ശ്രമിച്ചത്. നമുക്കു പറ്റിയ പിഴവുകൾ തിരിച്ചറിയാനോ പരിഹാരം കണ്ടെത്താനോ ആത്മാർത്ഥമായ ശ്രമങ്ങൾ നടന്നില്ല. അതോടെ പിന്നീടുനടന്ന ദേശീയ മത്സരങ്ങളിലൊക്കെയും പിന്നാക്കം പൊയ്ക്കൊണ്ടേയിരുന്നു. അത്‌ലറ്റിക്സിൽ കേരളത്തിന് ഏറെ പിന്നിലായിരുന്ന തമിഴ്നാടും ഉത്തർപ്രദേശും ഒഡിഷയും ഗുജറാത്തും പോലുള്ള സംസ്ഥാനങ്ങൾ വരെ നമ്മളെ മറികടന്ന് മുന്നോട്ടുപായുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ചുറ്റും കണ്ണോടിച്ച് മനസിലാക്കാനുള്ള ശ്രമംപോലും ഉണ്ടാകുന്നില്ലെന്നത് വിഷമകരമാണ്.
ഇന്ന് ദേശീയ തലത്തിലുള്ള മിന്നുന്ന അത്‌ലറ്റുകൾ തമിഴ്നാട്ടിൽ നിന്നാണ്. ചെറു നഗരങ്ങളിലും ഗ്രാമങ്ങളിലും ഉദയം ചെയ്ത അത്‌ലറ്റിക് ക്ലബുകളും അക്കാഡമികളുമാണ് അവരുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയത്.ഒഡിഷയുടെ കായിക വളർച്ചയ്ക്കു കാരണം സർക്കാർ നൽകുന്ന പിന്തുണയാണ്. ഇന്ത്യൻ ഹോക്കി ടീമിനെത്തന്നെ സ്പോൺസർ ചെയ്യാൻ മുന്നിട്ടിറങ്ങിയ ഒഡിഷ സർക്കാർ ഭുവനേശ്വറിലെ കലിംഗ സ്പോർട്സ് കോംപ്ലക്സിൽ ഏത് ദേശീയ മത്സരം നടത്താനും ഒരുക്കമാണ്. ഓരോ ജില്ലാ കേന്ദ്രങ്ങളിലും ഗ്രൗണ്ടും ഇൻഡോർ സൗകര്യങ്ങളും ചേർന്ന സ്പോർട്സ് കോംപ്ളക്സുകൾ സ്ഥാപിച്ച ഗുജറാത്തും മുന്നോട്ടുപോയതിൽ അതിശയമില്ല. മികച്ച താരങ്ങളെ അർഹിക്കുന്ന ആദരവോടെ കാണുന്ന സമീപനമാണ് ഉത്തർപ്രദേശിലും മദ്ധ്യപ്രദേശിലുമൊക്കെ കൂടുതൽ കുട്ടികൾ ഈ രംഗത്തേക്കു വരാൻ കാരണം.
കേരളത്തിലാകട്ടെ സ്പോർട്സ് ഹോസ്റ്റലുകളിലെ കുട്ടികൾക്ക് നല്ല ഭക്ഷണമോ ജഴ്സിയോ പരിശീലന ക്യാമ്പുകളോ സമയത്തു ലഭിക്കാത്ത അവസ്ഥയാണ്.
ദേശീയ മത്സരങ്ങൾക്കുള്ള യാത്രാക്കൂലി കിട്ടാത്തതിനാൽ ഇവർക്ക് സ്വന്തം കാശുമുടക്കി യാത്ര ചെയ്യേണ്ടിവരുന്നു. മിക്ക സ്റ്റേഡിയങ്ങളും കായിക താരങ്ങൾക്കു മുന്നിൽ നോ എൻട്രി ബോർഡുയർത്തി കച്ചവടകേന്ദ്രങ്ങളാക്കി മാറ്റാൻ കൈവശക്കാർ ശ്രമിക്കുന്നു. ലഹരിയുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാർഗമാണ് സ്പോർട്സ്. പക്ഷേ സ്പോർട്സിലേക്ക് വരാൻ കുട്ടികളെയും രക്ഷിതാക്കളെയും പ്രേരിപ്പിക്കുന്നതല്ല ഇവിടത്തെ സാഹചര്യങ്ങൾ. അടിയന്തരമായി സർക്കാരും സ്പോർട്സ് കൗൺസിലുമൊക്കെ ഇടപെട്ടില്ലെങ്കിൽ അത്‌ലറ്റിക്സിൽ മാത്രമല്ല കായികരംഗത്തുതന്നെ കേരളം വട്ടപ്പൂജ്യമായി മാറും. അടിത്തറയാണ് ഇളകിയിരിക്കുന്നത്. മച്ചിൻപുറം വെള്ളപൂശിയാൽ രക്ഷയുണ്ടാവില്ല. കുരുന്നു കായികപ്രതിഭകളെ കണ്ടെത്തി വളർത്തിയെടുത്താലേ ഭാവിയിൽ കേരളം ട്രാക്കിലുണ്ടാകൂ. അതിനുള്ള പരിശ്രമങ്ങളാണ് അടിയന്തരമായി ഉണ്ടാകേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |