കൊല്ലം: കൊല്ലം കോർപ്പറേഷനിലെയും സമീപത്തെ അഞ്ച് പഞ്ചായത്തുകളിലെയും അഞ്ച് ലക്ഷത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാനുള്ള ഞാങ്കടവ് കുടിവെള്ള പദ്ധതി 2026 മേയിൽ കമ്മിഷൻ ചെയ്യും.
കടവൂർ, ശക്തികുളങ്ങര, ആശ്രാമം, കിളികൊല്ലൂർ, ആനന്ദവല്ലീശ്വരം, ജലഭവൻ, വടക്കേവിള, ബിഷപ്പ് ജെറോം എന്നിവിടങ്ങളിലെ സംഭരണികളിലൂടെയാണ് ശാസ്താംകോട്ട തടാകത്തിൽ നിന്നുള്ള കുടിവെള്ളം നഗരത്തിൽ വിതരണം ചെയ്യുന്നത്. ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി മണിച്ചിത്തോട്ടിലും വസൂരിച്ചിറയിലും പുതിയ ജലസംഭരണി നിർമ്മിച്ചുകഴിഞ്ഞു. ആനന്ദവല്ലീശ്വരത്തും ബിഷപ്പ് ജെറോം നഗറിലും നിലവിലുള്ളവ കൂടാതെ പുതിയ ജലസംഭരണിയുടെയും അഞ്ചാലുംമൂട്, മുണ്ടയ്ക്കൽ, ഇരവിപുരം എന്നിവിടങ്ങളിൽ പുതിയ ജലസംഭരണിയുടെയും നിർമ്മാണം ഉടൻ തുടങ്ങും.
പുന്തലത്താഴത്തിനടുത്ത് വസൂരിച്ചിറയിലെ ഏഴ് ഏക്കറിലാണ് പദ്ധതിയുടെ ജലശുചീകരണ പ്ലാന്റ്. കല്ലടയാറിൽ നിന്നുള്ള ജലം പ്രധാന പൈപ്പിലൂടെ 28 കിലോമീറ്റർ അകലെയുള്ള വസൂരി ചിറയിലെ നൂറ് എം.എൽ.ഡി ശേഷിയുള്ള പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ച് വിവിധ ഭാഗത്തെ ജലസംഭരണികളിൽ നിറയ്ക്കും. അവയിൽ നിന്ന് ചെറിയ പൈപ്പുകളിലേക്കും ഗാർഹിക വിതരണ പൈപ്പുകളിലേക്കും എത്തിച്ചാണ് വിതരണം. മുടങ്ങിക്കിടന്ന കുണ്ടറ-പെരിനാട് പഞ്ചായത്ത് റോഡ് വഴിയുള്ള പൈപ്പിടൽ രണ്ടുമാസത്തിനകം പൂർത്തിയാകും. വാട്ടർ അതോറിറ്റിക്കാണ് പദ്ധതിയുടെ മേൽനോട്ട ചുമതല.
പമ്പിംഗിന് സ്കോഡ പമ്പ് സെറ്റുകൾ
ആധുനിക രീതിയിലുള്ള സ്‌കോഡ പമ്പ് സെറ്റുകളാണ് വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്നത്. ഒരു മണിക്കൂറിൽ ശുദ്ധീകരിച്ചതും ഒരു ദിവസം ശുദ്ധീകരിച്ചതുമായ ജലത്തിന്റെ അളവ്, ഗുണനിലവാരം തുടങ്ങി എല്ലാ വിവരങ്ങളും ലഭിക്കുന്ന ഓട്ടോമേറ്റഡ് സംവിധാനമാണ് സൂപ്പർവൈസറി കണ്‍ട്രോൾ ആൻഡ് ഡാറ്റാ അക്വിസിഷൻ സിസ്റ്റം എന്ന സ്‌കോഡ. ഇതിലൂടെ ജലശുദ്ധീകരണവും ജലവിതരണവും 24 മണിക്കൂറും കണ്‍ട്രോൾ റൂമിലിരുന്ന് നിരീക്ഷിക്കാം.
പദ്ധതി ഫണ്ട്
അമൃത് ഒന്നാം ഘട്ടം ₹ 104.42 കോടി
രണ്ടാംഘട്ടം ₹ 227.13 കോടി
കിഫ്ബി ₹ 235 കോടി
ശാസ്താംകോട്ട തടാകത്തിൽ നിന്നുള്ള ജലം ശേഖരിക്കുന്ന സംഭരണികളിലും പുതിയ ആറ് ജലസംഭരണികളിലും സംഭരിച്ചാകും ഞാങ്കടവ് പദ്ധതിയിലെ കുടിവെള്ള വിതരണം.
എം.സി.നാരായണൻ
എക്‌സിക്യുട്ടീവ് എൻജിനിയർ,
വാട്ടർ അതോറിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |